HOME
DETAILS
MAL
ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍
backup
May 16 2021 | 19:05 PM
ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. രക്ഷാസമിതിയിലെ തുറന്ന ചര്‍ച്ചയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തലിനായി യു.എന്‍ ശ്രമം നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ ഇസ്‌റാഈലി ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഗസ്സയില്‍ നിന്നുള്ള റോക്കറ്റുകള്‍ ഇസ്‌റാഈലിനുണ്ടാക്കിയ നഷ്ടത്തിലും ഞാന്‍ ദുഖം പ്രകടിപ്പിക്കുന്നു. ഗസ്സയിലെ ആയിരക്കണക്കിനു പേര്‍ വീടുവിട്ട് പലായനം ചെയ്തിരിക്കുകയാണ്. ഇസ്‌റാഈലികള്‍ റോക്കറ്റുകളെ ഭയന്നു കഴിയുകയാണെന്നും പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമേയുള്ളൂവെന്നും ഗുട്ടറസ് പറഞ്ഞു.
അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ദ്വിരാഷ്ട്ര പരിഹാരത്തിനായി ചര്‍ച്ച പുനരാരംഭിക്കണമെന്നും വെടിനിര്‍ത്തലിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന വേണ്ടതെന്നും റഷ്യന്‍ പ്രതിനിധി ദിമിത്രി പോള്‍യാന്‍സ്‌കി പറഞ്ഞു. അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിച്ചത് മേഖലയില്‍ സ്ഥിരത കൊണ്ടുവരാന്‍ സഹായിച്ചില്ലെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധിനിവേശത്തിന് അറുതിവരുത്താനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും ദ്വിരാഷ്ട്ര പരിഹാരമാണ് മികച്ച മാര്‍ഗമെന്ന് തങ്ങള്‍ കരുതുന്നതായി ബ്രിട്ടന്‍ പറഞ്ഞു. യോഗത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ അധ്യക്ഷനായി. ചൈന, നോര്‍വെ, തുനീഷ്യ എന്നീ രാജ്യങ്ങളാണ് ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടത്. നേരത്തെ യു.എസ് ഇടപെടല്‍ മൂലം രക്ഷാസമിതി യോഗം നീണ്ടുപോവുകയായിരുന്നു.
ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും എന്തു വിലകൊടുത്തും ആക്രമണം ഒഴിവാക്കണമെന്നും ഗുട്ടറസ് യോഗത്തിനു മുമ്പ് പറഞ്ഞു. 'കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ നടന്ന ആക്രമണം, ഒരു കുടുംബത്തിലെ 10 പേരും ഇസ്‌റാഈലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്, അഭയാര്‍ഥി ക്യാംപുകള്‍ക്ക് നേരെ നടത്തിയ ആക്രമണം എന്നിവയൊന്നും അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമങ്ങളെയും സാധാരണ പൗരന്‍മാരെയും വേട്ടയാടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗുട്ടറസ് പറഞ്ഞതായി വക്താവ് സ്റ്റെഫാനെ ദുറാജിക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."