HOME
DETAILS
MAL
ആക്രമണം തുടരുമെന്ന് നെതന്യാഹു ഇസ്റാഈലിനുള്ള പിന്തുണ ആവര്‍ത്തിച്ച് ജോ ബൈഡന്
backup
May 16 2021 | 19:05 PM
ടെല്‍അവീവ്: ഗസ്സയിലെ ജനവാസകേന്ദ്രങ്ങളില്‍ ഇസ്റാഈലി യുദ്ധവിമാനങ്ങള്‍ തീമഴ പെയ്യിക്കുമ്പോഴും ആക്രമണത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നെതന്യാഹു. ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഇസ്റാഈല്‍ സേന തകര്‍ത്ത ഗസ്സയിലെ ടവര്‍ ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീനി സായുധസംഘങ്ങള്‍ ഉപയോഗിക്കുന്നതാണ്. ഗസ്സ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഗസ്സ ആക്രമണത്തില്‍ ഇസ്റാഈലിനുള്ള പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഗസ്സയില്‍ നിന്നുള്ള ഹമാസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങളുടെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്റാഈലിന്റെ അവകാശത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് ബൈഡന് പറഞ്ഞു.
ഫലസ്തീന് അതോറ്റിറി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ബൈഡന് ഫോണില്‍ സംസാരിച്ചു. യു.എസ്-ഫലസ്തീന് ബന്ധം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹത്തെ അറിയിച്ചു. ജോ ബൈഡന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി നെതന്യാഹു പറഞ്ഞു.
അതിനിടെ അക്രമം അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് ആവശ്യപ്പെട്ടു. ഇസ്റാഈലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു.
അതിനിടെ മിസൈലയച്ചു തകര്‍ത്ത അല്‍ജസീറ, എ.പി വാര്‍ത്താ ഏജന്‍സികളുടെ ഓഫിസ് പ്രവര്‍ത്തിച്ച ഗസ്സ സിറ്റിയിലെ 12 നില കെട്ടിടം ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗം കേന്ദ്രമാണെന്ന് ഇസ്റാഈല്‍ ആരോപിച്ചു. എന്നാല്‍ കെട്ടിടം ഉടമ ജവാദ് മെഹ്ദി ആരോപണം തള്ളി.
അഭിഭാഷകരുടെയും എന്‍ജിനിയര്‍മാരുടെയും ഓഫിസുകള്‍ കൂടി പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു അതെന്നും ഇസ്റാഈലിന്റെ ആരോപണത്തിനു തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."