നാട്ടിൽ നിന്ന് വാക്സിൻ എടുക്കാൻ ഒരുങ്ങുന്ന പ്രവാസികൾ ഇക്കാര്യം അറിഞ്ഞിരിക്കണം
റിയാദ്: നാട്ടിൽ നിന്ന് വാക്സിൻ എടുക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതിന്റ സർട്ടിഫിക്കറ്റ് കൊണ്ട് ഉപകാരം ഉണ്ടായേക്കില്ല. കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ചു സർട്ടിഫിക്കറ്റുമായി തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്.
ഇവരുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഇല്ലാത്തതാണ് വിനയായത്. പാസ്പോർട്ടിനു പകരം ഇവർ ആധാർ കാർഡ് വെച്ചായിരുന്നു രജിസ്ട്രെഷൻ പൂർത്തീകരിച്ചിരുന്നത്. അതിനാൽ തന്നെ വാക്സിൻ സ്വീകരിച്ചതായി അപ്ഡേറ്റ് ചെയ്യാൻ കഴിയില്ലെന്നാണ് അധികൃർ അറിയിച്ചത്. ഇതിനായി വാക്സിൻ സ്വീകരിക്കാൻ രജിസ്ട്രേഷൻ ചെയ്യുന്ന വേളയിൽ ശ്രദ്ധിക്കണമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.
നിലവിൽ ഇന്ത്യയിൽ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ ഫോട്ടോ ഐഡി പ്രൂഫ് നൽകുമ്പോൾ പാസ്പോർട്ട് നമ്പർ നൽകുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ ഇതിന് വിദേശങ്ങളിൽ അംഗീകാരം ഉണ്ടാകുകയുള്ളൂ. മറ്റു രേഖകൾ സമർപ്പിച്ചാണ് വാക്സിൻ സ്വീകരിച്ചതെങ്കിൽ അതിന് സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുകയില്ല.
നിലവിൽ സഊദിയിൽ അംഗീകരിച്ച വാക്സിനുകളിൽ ഓക്സ്ഫോർഡ് ആസ്ത്രസെനിക വാക്സിൻ അഥവാ കൊവിഷീൽഡ് മാത്രമേ ഇന്ത്യയിൽ ലഭ്യമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."