ടൗട്ടേ ദുര്‍ബലമാവുന്നു; കേരളത്തില്‍ ഉള്‍പെടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരും
അലഹബാദ്: ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമായെന്ന് കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ആറ് മണിക്കൂറായി വേഗത 11 കിലോമീറ്ററായി കുറഞ്ഞെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റ് കടന്ന് പോയ മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി വീടുകള്‍ തകരുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ ആറു പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറില്‍ 114 കിലേമീറ്റര്‍ വേഗതയിലാണ് മുബൈയില്‍ ടോക്ടേ ആഞ്ഞടിച്ചത്.
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടോക്ടേ ഗുജറാത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സൗരാഷ്ട്ര മേഖലയിലെ തീരമേഖലക്ക് സമീപമാണ് കാറ്റിന്റെ സ്ഥാനം. നാലര മണിക്കൂര്‍ സമയമെടുത്താണ് കാറ്റ് കര പതിക്കുന്നത്. ഗുജറാത്ത് തീരത്തെ വൈദ്യുതി വിതരണവും മൊബൈല്‍ നെറ്റ് വര്‍ക്കുകളും ചുഴലിക്കാറ്റിനെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. സൗരാഷ്ട്ര, ദിയു, ഗുജറാത്ത് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ചുഴലിക്കാറ്റിനെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ മുഖ്യമന്ത്രിമാരുമായും ദമന്‍ ദിയു ലെഫ്റ്റനന്റ് ഗവര്‍ണറുമായും സംസാരിച്ചു.
ദുരന്ത നിവാരണ സേനകളുടെ 54 സംഘങ്ങളെ ഗുജറാത്തില്‍ വിന്യസിച്ചിട്ടുണ്ട്. കൊവിഡ് കെയര്‍ സെന്ററുകളിലെ വൈദ്യുതിയും ഓക്‌സിജനും മുടങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ട് മുംബൈയിലെ താത്കാലിക കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്ന് രോഗികളെ മാറ്റിപാര്‍പ്പിച്ചു. ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."