താമരയും മതചിഹ്നം; മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജിയില്‍ ബി.ജെ.പിയെ കക്ഷി ചേര്‍ക്കണമെന്ന് മുസ്‌ലിം ലീഗ്
ഡല്‍ഹി: മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നം, പേര് തുടങ്ങിയവ ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജിയില്‍ ബി.ജെ.പിയെയും കക്ഷി ചേര്‍ക്കണമെന്ന് മുസ് ലിം ലീഗ്. ബി.ജെ.പി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദു മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ അവരെ കക്ഷി ചേര്‍ക്കുകയോ അല്ലെങ്കില്‍ ഹരജി തള്ളുകയോ ചെയ്യണമെന്നും മുസ് ലിം ലീഗ് കോടതിയില്‍ ആവശ്യപ്പെട്ടു.
സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും അഭിഭാഷകന്‍ ഹാരിസ് ബീരാനുമാണ് ലീഗിനായി കോടതിയില്‍ ഹാജരായത്.
ശിവസേന, ശിരോമണി അകാലിദള്‍, ഹിന്ദു സേന, ഹിന്ദു മഹാസഭ, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, ഇസ്‌ലാം പാര്‍ട്ടി ഹിന്ദ് തുടങ്ങിയ 26 കക്ഷികളെ കേസില്‍ പ്രതികളാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് ശിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ് വിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. മുസ് ലിം ലീഗ്, ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമിന്‍ എന്നീ രണ്ട് പാര്‍ട്ടികളെ മാത്രമാണ് റിസ് വി കേസില്‍ കക്ഷി ചേര്‍ത്തത്.
ഈ പശ്ചാത്തലത്തില്‍ ഹരജിക്കെതിരെ സുപ്രിംകോടതിയില്‍ മുസ്‌ലിം ലീഗ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറില്‍ അധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്ക് ഉണ്ട് എന്നും മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനവും ആശയവും മതേതരമായാണ് എന്നുമായിരുന്നു പാര്‍ട്ടിയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."