ഉത്തര്‍പ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളി പൊളിക്കല്‍ അന്വേഷണം ആവശ്യപ്പെട്ട് സുന്നി വഖ്ഫ് ബോര്‍ഡും വ്യക്തിനിയമ ബോര്‍ഡും
ലഖ്‌നൗ: ഹൈക്കോടതി വിലക്ക് ലംഘിച്ച് ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളി അധികൃതര്‍ പൊളിച്ചുമാറ്റി.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡും ഹൈക്കോടതിയിലേക്ക്. പൊലിസ് സഹായത്തോടെ തിങ്കളാഴ്ച രാത്രിയാണ് ഗരീബ് നവാസ് അല്‍ മറൂഫ് പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. പള്ളി അനധികൃത നിര്‍മാണമാണെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, പള്ളിയുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ പള്ളിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് പള്ളിക്കമ്മിറ്റിയോട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു.
രേഖകളെല്ലാം ഹാജരാക്കുകയും ചെയ്തു. 1959 മുതല്‍ വൈദ്യുതി കണക്ഷനുണ്ടെന്നതിന്റെ രേഖയും നല്‍കി. എന്നാല്‍, ജില്ലാ ഭരണകൂടം ഈ രേഖകള്‍ അംഗീകരിച്ചില്ല. ഇതിനെതിരേ മാര്‍ച്ച് 19ന് പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ പള്ളിയിലേക്കുള്ള വഴി തടസപ്പെടുത്തി ജില്ലാ ഭരണകൂടം സുസ്ഥിര നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങി. ഇതോടെ കമ്മിറ്റി വീണ്ടും ഹൈക്കോടതിയിലെത്തി. മെയ് 31 വരെ നടപടികളൊന്നും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
പള്ളി പൊളിക്കാനോ ഒഴിപ്പിക്കാനോ പാടില്ലെന്നായിരുന്നു ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പള്ളി പൊളിച്ചുമാറ്റിയത്. പള്ളി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡ് അറിയിച്ചു. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു. പളളി പൊളിച്ചു മാറ്റുകയും അതിന്റെ അവശിഷ്ടങ്ങള്‍ പോലും രാത്രിതന്നെ നീക്കം ചെയ്യുകയുമാണ് അധികൃതര്‍ ചെയ്തതെന്ന് പള്ളിക്കമ്മിറ്റി ചെയര്‍മാന്‍ സബീര്‍ അലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."