രേഖപ്പെടുത്താതെ പോയ മൊഴി, ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍; പേരറിവാളന് നഷ്ടമായ മൂന്ന് പതിറ്റാണ്ട് അര്‍പുതമ്മാളിന്റെ കണ്ണീര്‍പോരാട്ടത്തിന്റെ കൂടി നാളുകളാണ്
നീണ്ട മൂന്ന് പതിറ്റാണ്ടുക്കൊടുവില്‍ പേരറിവാളന്‍ എന്ന അറിവ് മോചിതനാവുകയാണ്. ഈ നാളുകള്‍ അര്‍പുതമ്മാള്‍ എന്ന അമ്മയുടെ കണ്ണീര്‍ പോരട്ടത്തിന്റേതു കൂടിയാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസില്‍ പ്രതിയാക്കപ്പെട്ട പേരറിവാളനെ വിട്ടയക്കാന്‍ ഇന്ന് സുപ്രിം കോടതി ഉത്തരവിട്ടു. 30 വര്‍ഷത്തിലേറെക്കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഇന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് കോടതി വിധി.
കുറ്റം ബാറ്ററി വാങ്ങി നല്‍കിയത്,ചാര്‍ത്തപ്പെട്ടത് വേറേയും
ബാറ്ററി വാങ്ങി നല്‍കി എന്ന കുറ്റത്തിനാണ് പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. ചെന്നൈയില്‍ കുടുംബത്തോടൊപ്പം കഴിയുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അറസ്റ്റ്. രാജീവ് ഗാന്ധിയെ വധിക്കാനായി ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ക്കുവേണ്ടി ഒന്‍പത് വാട്ടിന്റെ രണ്ട് ബാറ്ററികള്‍ കൊലയാളികള്‍ക്ക് വാങ്ങിക്കൊടുത്തുവെന്നായിരുന്നു സി.ബി.ഐ ഉന്നയിച്ച കുറ്റം. 1991 ജൂണ്‍ 11ന് പെരിയാര്‍ ചെന്നൈയിലെ തിഡലില്‍വച്ച് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസ് മാത്രമായിരുന്നു പ്രായം.
കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും തമിഴ് പുലി സംഘമായ എല്‍.ടി.ടി.ഇ അംഗവുമായ ശ്രീവരശനാണ് ഈ ബാറ്ററികള്‍ നല്‍കിയതെന്ന് കുറ്റപത്രത്തില്‍ ആരോപിച്ചു. സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സ്വന്തം പേരില്‍ വ്യാജവിലാസം നല്‍കി ബൈക്ക് വാങ്ങി. ചെറിയ പ്രായത്തില്‍ തന്നെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍.ടി.ടി.ഇ പ്രസിദ്ധീകരണങ്ങള്‍ വിറ്റുനടന്നു... അങ്ങനെ പോകുന്നു സി.ബി.ഐ ചുമത്തിയ കുറ്റങ്ങള്‍.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേയുണ്ടായിരുന്നുള്ളൂ പേരറിവാളന്‍. പേരറിവാളന്‍ പക്ഷേ തോറ്റു കൊടുത്തില്ല. ജയിലില്‍ പഠനം തുടര്‍ന്നു. 2012ലെ പ്ലസ്ടു പരീക്ഷയില്‍ 91.33 ശതമാനം മാര്‍ക്ക് നേടി തടവുപുള്ളികളിലെ റെക്കോര്‍ഡ് വിജയവും സ്വന്തം പേരിലാക്കി. ജയിലിലിരിക്കെ തന്നെ ഇഗ്‌നോയുടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. തമിഴ്‌നാട് ഓപണ്‍ സര്‍വകലാശാലയുടെ ഡിപ്ലോമ കോഴ്‌സില്‍ ഒന്നാമനായി സ്വര്‍ണ മെഡലും സ്വന്തമാക്കി.
മൂന്ന് പതിറ്റാണ്ട് പിന്നിട്ട അര്‍പുതമ്മാളിന്റെ പോരാട്ടം
പേരറിവാളന്റെ ജയില്‍ നാളുകള്‍ അര്‍പുതമ്മാളിന്റെ പോരാട്ടത്തിന്റെ കഥ കൂടിയാണ് പറയുന്നത്. പിതാവ് ഗണശേഖരന്‍ എന്ന കുയില്‍ദാസനും അര്‍പ്പുതമ്മാളും ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പെരിയാറിന്റെ അനുയായികളായിരുന്നു. മകന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ഇത്രയും കാലത്തിനിടക്ക് അവര്‍ മുട്ടാത്ത വാതിലുകളില്ല.
അറസ്റ്റിനു പിന്നാലെ പേരറിവാളനും മറ്റ് 25 പ്രതികള്‍ക്കുമെതിരെ റദ്ദാക്കപ്പെട്ട ടാഡ നിയമപ്രകാരം കേസെടുത്തു. 1998ല്‍ ടാഡ വിചാരണാകോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
1999 മെയില്‍ കേസ് പരിഗണിച്ച സുപ്രിംകോടതി 19 പേരെ വെറുതെവിട്ടു. എന്നാല്‍, മുരുകന്‍, ഭാര്യ നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍, ശാന്തന്‍ എന്നിവരില്‍ നാലുപേര്‍ക്കെതിരെ വിചാരണാകോടതി വിധിച്ച വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. കൂട്ടത്തില്‍ പേരറിവാളനും ഉള്‍പ്പെട്ടു. കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച പേരറിവാളന്റെ കുറ്റസമ്മതം വിലയിരുത്തിയായിരുന്നു സുപ്രിംകോടതി ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
2000ത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നളിനിയുടെ ദയാഹരജി അംഗീകരിച്ചു. ബാക്കിയുള്ളവരുടെ ഹരജികള്‍ രാഷ്ട്രപതിക്ക് അയച്ചു. പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജിയില്‍ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി 2014ല്‍ സുപ്രിംകോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. സംസ്ഥാന സര്‍ക്കാരിന് ഇവരെ വെറുതെവിടാനുള്ള അവകാശവും നല്‍കി. തൊട്ടടുത്ത ദിവസം അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഏഴു പ്രതികളെയും വെറുതെവിടുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ഇത് പിന്നീട് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.
2015ല്‍ പേരറിവാളന്‍ വീണ്ടും തമിഴ്‌നാട് ഗവര്‍ണര്‍ക്ക് ദയാഹരജി സമര്‍പ്പിച്ചു. 2018ല്‍ എടപ്പാടി പളനിസാമി സര്‍ക്കാര്‍ കേസിലെ ഏഴുപ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി.
രേഖപ്പെടുത്താതെ പോയ മൊഴി
സി.ബി.ഐ പൊലിസ് സൂപ്രണ്ടായിരുന്ന ത്യാഗരാജന്‍ മലയാളിയായ അന്തരിച്ച സുപ്രിംകോടതി ജഡ്ജി വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ആരംഭിച്ച പീപ്പിള്‍സ് മൂവ്‌മെന്റ് എഗെയിന്‍സ്റ്റ് ഡെത്ത് പെനാല്‍റ്റിയുടെ ഒരു ഡോക്യുമെന്ററിയില്‍ നടത്തിയ വെളിപെടുത്തലാണ് പേരറിവാളന്റെ നിരപരാധിത്വത്തെ കുറിച്ച വാദങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.
പേരറിവാളന്റെ മൊഴിയെടുക്കാനുള്ള ചുമതല ത്യാഗരാജനായിരുന്നു. അന്നു മൊഴി രേഖപ്പെടുത്തുമ്പോള്‍ പേരറിവാളന്‍ പറഞ്ഞതെല്ലാം അപ്പടി പകര്‍ത്തിയെഴുതിയിരുന്നില്ലെ്ന്ന് അദ്ദേഹം വെളിപ്പെടുത്തി.
''ബാറ്ററി വാങ്ങിനല്‍കിയിട്ടുണ്ടെങ്കിലും അത് എന്തിനാണെന്ന കാര്യം തനിക്ക് അറിയുമായിരുന്നില്ലെന്ന് പേരറിവാളന്‍ പറഞ്ഞിരുന്നു. എന്നാല്‍, അക്കാര്യം ഞാന്‍ കുറ്റസമ്മതത്തില്‍ രേഖപ്പെടുത്തിയില്ല. പ്രതിയുടെ മൊഴി അപ്പടി അക്ഷരംപ്രതി രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും പ്രായോഗികമായി അങ്ങനെ നടക്കാറില്ല''ഇങ്ങനെയായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തല്‍.
ഇക്കാര്യം സൂചിപ്പിച്ച് 2017ല്‍ ത്യാഗരാജന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. പേരറിവാളന്റെ മൊഴി വളച്ചൊടിച്ചെന്ന് വെളിപ്പെടുത്തി. മനസാക്ഷിക്കുമുന്നില്‍ തെറ്റുകാരനാകാതിരിക്കാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
'1991ല്‍ എല്‍ടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയര്‍ലെസ് സന്ദേശം തനിക്ക് ലഭിച്ചിരുന്നു. പേരറിവാളന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു' ത്യാഗരാജന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
1991 മെയ് 21 നാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിലെത്തിയപ്പോഴായിരുന്നു ഇത്. ബോംബാക്രമണത്തില്‍ രാജീവ് ഗാന്ധിയുള്‍പ്പെടെ 16 പേരായിരുന്നു കൊല്ലപ്പെട്ടത്. 45 പേര്‍ക്ക് പരിക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."