HOME
DETAILS

സംഘബോധം നാഗരിക വളര്‍ച്ചയുടെ ഭാഗം

  
backup
March 28 2023 | 19:03 PM

basheerfaizy-deshamangalam
മനുഷ്യചരിത്രത്തിന്റെ ഗതിവിഗതിയില്‍ അവന്‍ ആര്‍ജിച്ചെടുത്ത ഏറ്റവും മനോഹരമായ സംസ്‌കാരമാണ് സംഘം ചേരുകയെന്നത്. പ്രാചീനകാലങ്ങളില്‍ കാട്ടാറുകളില്‍ നിന്ന് വെള്ളം കുടിച്ചും കായ്കനികള്‍ ഭുജിച്ചും ഒറ്റപ്പെട്ട ഏറുമാടങ്ങളില്‍ കഴിഞ്ഞ പ്രാചീനമനുഷ്യന് എവിടെയോ വച്ച് സാമൂഹികജീവിതം സംഭവിക്കുകയായിരുന്നു. അങ്ങനെ കൂടിച്ചേരാനും ഒന്നിക്കാനും ശ്രമിച്ചതിന്റെ ഫലങ്ങളായിട്ടാണ് നാഗരികതകള്‍ രൂപപ്പെട്ടുവന്നത്. കൊച്ചുകൊച്ചു തുരുത്തുകളായി തുടങ്ങിയ സംഘം ചേരലുകള്‍ ഗ്രാമങ്ങളായി രൂപാന്തരപ്പെട്ടു. പരസ്പരം വിവാഹം ചെയ്യലും കൃഷിയും വേട്ടയാടലും സംഘം ചേര്‍ന്നായി. ചുരുക്കത്തില്‍ മനുഷ്യവംശം ആര്‍ജിച്ചെടുത്ത മുഴുവന്‍ പുരോഗതിയും സാധ്യമായത് സംഘബോധം കൊണ്ടാണ്. സംഘമാകുമ്പോള്‍ തീര്‍ച്ചയായും അതിനൊരു നേതൃത്വം ഉണ്ടാകും. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് ക്രിയാത്മകമായി ഇടപെടുകയെന്നത് നേതൃത്വത്തിന്റെ ബാധ്യതയാണ്. നാഗരിക ചരിത്രത്തിലെ ഏറ്റവും മനോഹരമായ വഴിത്തിരിവായിരുന്നു പ്രവാചക കാലഘട്ടം. മദീന ആസ്ഥാനമായി നിലവില്‍ വന്ന സമഗ്രമായ സംഘബോധത്തിന്റെയും പുരോയാനത്തിന്റെയും ചരിത്രമാണത്. മഹല്ല് സംവിധാനത്തിന്റെയും കൂട്ടായ്മയുടെയും ഒരു ബ്ലൂ പ്രിന്റാണ് മദീന. മസ്ജിദുന്നബവി കേന്ദ്രീകരിച്ച് നടത്തിയ മനുഷ്യചരിത്രത്തിലെ അതുല്യമായ സാമൂഹിക വിപ്ലവമാണ് ഓരോ മഹല്ല് നേതൃത്വവും മാതൃകയാക്കേണ്ടത്. സര്‍വതല സ്പര്‍ശിയായ ഒരു സേവനചരിത്രം മദീന നമുക്ക് പറഞ്ഞുതരുന്നുണ്ട്. പലായനത്തിനൊടുവില്‍ യസ്‌രിബി (മദീന) ല്‍ എത്തിച്ചേര്‍ന്ന പ്രവാചകര്‍ ആ സമൂഹത്തോട് ആദ്യമായി സംസാരിക്കുന്നത് തൗഹീദും ശിര്‍ക്കുമല്ല, ഹറാമും ഹലാലുമല്ല, മറിച്ച് നാലുകാര്യങ്ങളാണ്. ആകാംക്ഷാഭരിതരായ, വ്യത്യസ്ത മതങ്ങളും ജാതിവ്യവസ്ഥയും തറവാട്ട് മാടമ്പിമാരും ഒക്കെയുള്ള ഒരു പൊതുസമൂഹത്തെ സംബോധന ചെയ്തുകൊണ്ട് നബിതങ്ങള്‍ പറഞ്ഞത്: ''നിങ്ങള്‍ പാവങ്ങളെ ഭക്ഷിപ്പിക്കുക, സലാം വ്യാപിപ്പിക്കുക, കുടുംബ ബന്ധം ചേര്‍ക്കുക, എല്ലാവരും ഉറങ്ങുമ്പോള്‍ പാതിരാവില്‍ നിസ്‌കരിക്കുക''. ഉന്നതമായ സാമൂഹിക പ്രതിബദ്ധത സ്ഫുരിക്കുന്ന ഉപദേശമായിരുന്നു അത്. അല്ലാഹുവിനോട് നേരിട്ടുള്ള ബാധ്യതയായ നിസ്‌കാരം അവസാനമാണ് പറയുന്നത്. അതിന് അവസാന സ്ഥാനമാണ് എന്നല്ല അതിനര്‍ഥം. ഓരോന്നിനും ഓരോ സന്ദര്‍ഭമുണ്ട്. ഇവിടെയാണ് നമ്മുടെ മഹല്ല് നേതൃത്വവും മഹല്ലുകളുടെ പ്രബോധന നേതൃത്വമുള്ള പണ്ഡിതന്‍മാരും പുനരാലോചന ചെയ്യേണ്ടത്. 'പാവങ്ങളെ ഭക്ഷിപ്പിക്കുക' എന്നതിന് മുന്‍ഗണന നല്‍കിയതായി കാണുന്നു. മഹല്ല് നേതൃത്വത്തിന്റെ കടമ പള്ളിയില്‍ നിസ്‌കരിക്കാന്‍ ആളെ കൂട്ടുക, മതപ്രഭാഷണങ്ങള്‍ നടത്തുക, തദനുബന്ധമായ ആത്മീയ ഉല്‍ക്കര്‍ഷത്തിന് കാരണമാകുന്ന പരിമിതമായ ബാധ്യതയേയുള്ളൂ എന്ന പൊതുബോധവും ശീലവും നാം മാറ്റിയേ മതിയാകൂ. അല്ലാതെ ഒരിക്കലും നമ്മുടെ മഹല്ലുകള്‍ സ്വയം പര്യാപ്തമാകില്ല. യഥാര്‍ഥത്തില്‍ ഈ സേവനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയായി ഉപയോഗപ്പെടുത്താവുന്ന ഇടമാണ് പ്രാദേശിക ഭരണസംവിധാനമായ മഹല്ലുകള്‍. നമ്മുടെ ഓരോ മഹല്ല് പരിധിയിലും ദാരിദ്ര്യവും പട്ടിണിയും രോഗപീഡകളുമായി കഴിയുന്ന നൂറുകണക്കിന് മനുഷ്യരുണ്ട്. പുറമേയ്ക്ക് കാണുന്ന പൊലിമകള്‍ക്കപ്പുറം നിലാവസ്തമിച്ച എത്രയോ പരാധീനതകള്‍. മഹല്ല് കമ്മിറ്റി കൃത്യമായ സെന്‍സസ് തയാറാക്കി മഹല്ല് നിവാസികളെ കാറ്റഗറൈസ് ചെയ്യണം. സമ്പന്നരായ ആളുകള്‍ക്ക് ഇവരെ ഓഹരി വച്ച് കൊടുക്കണം. അവരുടെ സകാത്തുകള്‍ വളരെ രഹസ്യമായി ഇവര്‍ക്ക് എത്തുന്ന രീതിയില്‍ സാമ്പത്തിക ദായക്രമത്തെ രൂപപ്പെടുത്തണം. 27ാം രാവില്‍ വിയര്‍ത്തൊലിച്ച് അങ്ങാടികള്‍ അലയുന്ന ഉമ്മമാരെ കണ്ട് എന്താണ് നമ്മുടെ ഇടനെഞ്ചം വിങ്ങാത്തത് ? കല്യാണാവശ്യങ്ങള്‍ക്കോ ചികിത്സക്കോ ആയി പള്ളിക്കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ മൊഞ്ചുള്ള കവറുമിട്ട് യാചനാ സാക്ഷ്യപത്രം നല്‍കുന്നതോടെ തീരുമോ മഹല്ല് ഭാരവാഹികളുടെ ബാധ്യത ? ഓരോ വെള്ളിയാഴ്ചയും വിദൂരമസ്ജിദുകളുടെ മുന്നില്‍ ഈ സാക്ഷ്യപത്രവുമായി നില്‍ക്കുന്ന സമുദായത്തിന്റെ ദൈന്യരൂപങ്ങളെ സ്വയം പര്യാപ്തരാക്കാന്‍ ഇനിയും നമുക്കാവുന്നില്ലെങ്കില്‍ മദീന നമ്മുടെ മാര്‍ഗമേ ആകുന്നില്ല. ഇസ്തിരിയിട്ട വെള്ളക്കുപ്പായവും പശമുക്കിയ ഹാഫ് കൈ ഷര്‍ട്ടുകളിലും ഇത്തിരി വിയര്‍പ്പുപൊടിയാന്‍ നാം മനസുകാണിക്കുന്നില്ലെങ്കില്‍ നമ്മുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യപ്പെടുന്ന ഒരു നാളെ വരാനുണ്ട്. അന്ന് അധികാരം അലങ്കാരമാക്കിയതില്‍ നാം ഖിന്നരാകേണ്ടിവരും. രണ്ടാമത് പ്രവാചകന്‍ പറഞ്ഞത് സലാം അധികരിപ്പിക്കുക എന്നതാണ്. അതിന്റെ ശരിയായ പരികല്‍പ്പന സലാം തന്നെയാണ്. പക്ഷേ, അത് ദ്യോതിപ്പിക്കുന്ന ഒരു സാമൂഹികവിചാരമുണ്ട്. സമൂഹത്തിനിടയില്‍ ഊഷ്മളമായ ഒരു ബന്ധം നിലനിര്‍ത്തുന്നതില്‍ നേതൃത്വം പ്രതിബദ്ധരാകണം. മദീനയില്‍ പ്രവാചകനെത്തുമ്പോള്‍ നേരിടേണ്ടിവന്നത് ഇത്തരമൊരു പൊതുമണ്ഡലത്തെയാണ്. ചരിത്രത്തില്‍ എല്ലായ്‌പ്പോഴും അധികാരപ്രമാണി വര്‍ഗങ്ങള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മാറ്റിനിര്‍ത്തുകയും അവഗണിക്കുകയും ചെയ്യുക പതിവാണ്. പ്രവാചകന്റെ പ്രബോധനത്തിന്റെ മര്‍മം ഈ മിഥ്യാബോധത്തെ തകര്‍ക്കല്‍കൂടിയായിരുന്നു. മസ്ജിദിന്റെ ആത്മീയനായകത്വമുള്ള ഇമാമുമാര്‍ ആരോഗ്യകരമായ ഒരു സഹവര്‍ത്തിത്വം പൊതുസമൂഹവുമായി ഉണ്ടാക്കിയെടുക്കണം. വെള്ളിയാഴ്ച പ്രഭാഷണങ്ങളില്‍ ധാര്‍മിക മൂല്യച്യുതിക്കെതിരേ നാം രോഷം കൊള്ളുമ്പോഴും മുന്നിലിരിക്കുന്നവര്‍ നല്ലവരാണ്, പുറത്ത് ഈ സാരോപദേശങ്ങള്‍ ശ്രവിക്കാത്ത ഒരു തലമുറ ജീവിക്കുന്നു എന്നത് തിരിച്ചറിയാതെ പോകരുത്. പള്ളിമുറിയില്‍ വന്ന് സലാം ചൊല്ലി നന്നാകാന്‍ കാത്തിരിക്കുന്നതിനു പകരം താന്‍ പ്രതിനിധാനം ചെയ്യുന്ന മഹല്ല് പരിധിയിലെ യുവാക്കളെ അങ്ങോട്ടുചെന്ന് കാണാനും സ്‌നേഹം കൊടുക്കാനും നാം തയാറാകണം. ലഹരിയും ധൂര്‍ത്തും എന്റര്‍ടെയ്ന്‍മെന്റും ആസുരനൃത്തം ചവിട്ടുന്നുണ്ട് നമുക്ക് ചുറ്റും. കേരളീയ മുസ്‌ലിം ഉമ്മത്ത് ആര്‍ജിച്ചെടുത്ത ധാര്‍മിക നേട്ടങ്ങളുടെയും പുരോഗതിയുടെയും ജീവിതമേന്മകള്‍ മുഴുവന്‍ അട്ടിമറിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. അതുകൊണ്ട് പ്രഭാഷണങ്ങള്‍ക്കപ്പുറം അവരെ നേരിട്ട് കാണാന്‍ ഇമാമുകള്‍ തയാറാകണം. മൂന്നാമതായി പ്രവാചകന്‍ പറയുന്നത് കുടുംബ ബന്ധം ചേര്‍ക്കുക എന്നാണ്. സമഗ്രമായ ഒരു മഹല്ല് രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന്റെ സാംസ്‌കാരിക വളര്‍ച്ചകൂടി സാധ്യമാകണം. മഹല്ലുകളുടെ സ്വയം പര്യാപ്തതയില്‍ സാമ്പത്തിക വളര്‍ച്ച മാത്രമല്ല, സാമൂഹിക സുസ്ഥിരത കൂടി പരിഗണിക്കണം. ശിഥിലമാണ് നമ്മുടെ കുടുംബസംവിധാനം. ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ത്വലാഖുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരു പരിധിവരെ നമ്മുടെ അശ്രദ്ധകാരണം കൂടിയാണ്. മഹല്ല്തല ബോധവല്‍ക്കരണം അനിവാര്യമാണ്. ഭാര്യയും ഭര്‍ത്താവും, മാതാപിതാക്കളും മക്കളും, സഹോദരന്‍മാര്‍ തമ്മിലും അകലം കൂടുകയാണ്. ഊഷ്മളമായ കുടുംബജീവിതത്തിന് വിള്ളല്‍വീണുതുടങ്ങിയിരിക്കുന്നു. കേവല പഠനക്ലാസുകള്‍ക്കപ്പുറം കൗണ്‍സിലിങ്ങുകള്‍, പ്രീമാരിറ്റല്‍ കോഴ്‌സുകള്‍, ത്വലാഖ് അവബോധങ്ങള്‍, അനന്തരാവകാശ സ്വത്ത് വിഭജന പഠനങ്ങള്‍ എന്നിവ മഹല്ല് നേതൃത്വത്തില്‍ നടക്കണം. കേസുകള്‍ കോടതിയില്‍ തീരുമാനമാകാന്‍ പണ്ഡിതരെയും ഉമറാക്കളെയും ഉള്‍പ്പെടുത്തിയ മസ്‌ലഹത്ത് സമിതികള്‍ ഓരോ മഹല്ലിലും രൂപീകരിക്കണം. പഠന ക്ലാസുകളില്‍ പലപ്പോഴും കഴിഞ്ഞുപോയ ചരിത്രങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുക, അല്ലെങ്കില്‍ വരാനിരിക്കുന്ന ലോകത്തെപ്പറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മരണവും നരകവും, മഹ്ശറയും, ലോകാവസാനവും നമ്മുടെ ഇഷ്ടപ്രമേയങ്ങളാണ്. ഒരിക്കല്‍ പോലും ജീവിതത്തെ നമ്മുടെ വിഷയമാക്കുന്നില്ല. സര്‍വതല സ്പര്‍ശിയും ജീവിതഗന്ധിയുമായ കുടുംബജീവിതത്തിന്റെ മുദ്രകള്‍ നിറയുന്ന സന്ദേശം പകരുന്ന ഇസ്‌ലാമിനെ ഈ വിധം നാം ഫ്രെയിമുകളില്‍ ഒതുക്കരുത്. നാലാമതായി പ്രവാചകന്‍ പറഞ്ഞത് നിസ്‌കാരമാണ്. കേവലം അതൊരു നിസ്‌കാരത്തിലേക്ക് ചുരുങ്ങരുത്. പാതിരാത്രിയിലെ നിദാന്ത നിശബ്ദതയില്‍ ഭക്തിപൂര്‍ണമാകൂ എന്നാണ് പ്രവാചകന്‍ പറഞ്ഞത്. തത്വത്തില്‍ ആരാധനക്കനുകൂലമായ ആത്മീയ അന്തരീക്ഷം നമ്മുടെ മസ്ജിദുകളില്‍ സാധ്യമാക്കണം. മൂത്രത്തിന്റെ മണം വന്നാല്‍ അവിടെ പള്ളിയുണ്ട് എന്ന തരത്തിലേക്ക് പൊതുബോധം മാറിയതിന് ആരാണ് ഉത്തരവാദികള്‍. ശുചിത്വമായിരിക്കണം മഹല്ലിന്റെ സാംസ്‌കാരിക കേന്ദ്രമായ മസ്ജിദുകള്‍. പള്ളി മുഅദ്ദിനെ ഒരിക്കലും ശുചീകരണത്തൊഴിലാളിയായി നിയമിക്കരുത്. അവരുടെ സ്ഥാനം അല്ലാഹുവിന്റെ അരികില്‍ വലുതാണ്. ശുചീകരണത്തിന് പ്രത്യേകം ആളെ നിശ്ചയിക്കണം. പള്ളിക്കു ചുറ്റും മനോഹരമായ പൂവുകള്‍ നിറയുന്ന ഗാര്‍ഡന്‍ സെറ്റ് ചെയ്യണം. ഒഴിഞ്ഞ ഇടങ്ങളില്‍ ജൈവപച്ചക്കറിത്തോട്ടവുമാകാം. മഹല്ല് നിവാസികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണശീലം അതുവഴി നല്‍കാം. ചുരുക്കത്തില്‍ ഭക്തിപൂര്‍ണമായ അന്തരീക്ഷം നമ്മുടെ പള്ളികള്‍ പ്രസരിപ്പിക്കേണ്ടതുണ്ട്. അശാസ്ത്രീയ നിര്‍മാണം കാരണം അസഹ്യമായ ദുര്‍ഗന്ധമനുഭവപ്പെടുന്ന ടോയ്‌ലെറ്റുകളും ഒഴിഞ്ഞ സ്ഥലവും മാറ്റിയെടുക്കാന്‍ നാം ശ്രമിക്കണം. ചില നിര്‍ദേശങ്ങള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തുവയ്ക്കുന്നു. മഹല്ല് ഭരണം വികേന്ദ്രീകരിക്കുക, പൊതുഭരണം എക്‌സിക്യൂട്ടീവില്‍ നിക്ഷിപ്തമാണെങ്കിലും സൗകര്യത്തിന് വേണ്ടി വിദ്യാഭ്യാസം, റിലീഫ്, ദഅ്‌വത്ത്, സാമൂഹികം, മസ്‌ലഹത്ത്, സാമ്പത്തികം എന്നിവയ്ക്ക് പ്രത്യേകം സമിതികളെ നിശ്ചയിക്കണം. മഹല്ല് മീറ്റിങുകളില്‍ ഈ സമിതികള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കട്ടെ. അവ നടപ്പിലാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കൂട്ടായി ആലോചിക്കുക. ഇതര മതസമൂഹങ്ങളുമായി ആരോഗ്യകരമായ ഒരു സംവേദന രീതി മഹല്ല് ഇമാമിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുക്കുക. മഹല്ലിനെ നാല് ക്ലസ്റ്ററുകളായി തിരിച്ച് രണ്ടുമാസത്തിലൊരിക്കല്‍ മഹല്ല് നേതൃത്വവും ഇമാമും വീടുകളില്‍ സന്ദര്‍ശനം നടത്തുക. വിവാഹധൂര്‍ത്തിനെതിരേ ശക്തമായ നിലപാടുകള്‍ എടുക്കാന്‍ മഹല്ലിന്റേതായ ഒരു ഫ്രെയിം രൂപപ്പെടുത്തുക. അത്തരം വിവാഹങ്ങളില്‍ ഖാസിയും രേഖയും നല്‍കില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. അസാധ്യമായി ഒന്നുമില്ല. അതൊന്നും നടക്കില്ല എന്ന മുന്‍വിധിയുള്ളവരാണ് ഈ ഉമ്മത്തിന്റെ ശാപം. അവര്‍ക്ക് അധികാരം അലങ്കാരം മാത്രമാണ്. നേക്കൂ, ചിന്താശേഷിയും സക്രിയവുമായ ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. സ്വയം മാറ്റത്തിന് വിധേയരാകാത്ത ഒരു ജനത ഒരിക്കലും മാറുകയില്ല. എസ്.എം.എഫ് ദേശീയ മഹല്ല് സംഗമത്തില്‍ രൂപപ്പെട്ടുവന്ന ഒരു വലിയ സന്ദേശമുണ്ട്. അത് നമ്മുടെ മഹല്ലുകളെ സ്വയം പര്യാപ്തമാക്കാന്‍ കഴിയുന്നതാണ്. ഉണരാന്‍ നമുക്കാകുമെങ്കില്‍. പൊള്ളുന്ന ചില തുറന്നു പറച്ചിലിന് ഉദ്ദേശ്യ ശുദ്ധിക്ക് മാപ്പുനല്‍കുക. (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷററാണ് ലേഖകന്‍)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago