നീതിയുടെ പൂർത്തീകരണം വിചാരണത്തടവുകാർക്കും വേണം
31 വർഷത്തെ ജയിൽവാസത്തിനു ശേഷം പേരറിവാളൻ മോചിതനാകുമ്പോൾ രാജ്യത്തെ ജയിലുകളിൽ കഴിയുന്ന വിചാരണത്തടവുകാരുടെ നീതിയെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്. പേരറിവാളൻ വിചാരണത്തടവുകാരനായിരുന്നില്ല. രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിന്നീട് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കപ്പെട്ട് ദീർഘകാലം ജയിലിൽ കിടക്കുകയും ചെയ്ത വ്യക്തിയാണ്. പേരറിവാളൻ നിരപരാധിയാണെന്ന് രാജ്യത്തെ ഒരു കോടതിയും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കുറ്റം ചെയ്തെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടയാളുമാണ്. പേരറിവാളന്റെയും മറ്റു കുറ്റവാളികളുടെയും ദയാഹരജിയിൽ തീരുമാനമെടുക്കുന്നതിൽ എക്‌സിക്യുട്ടീവ് വരുത്തിയ അലംഭാവവും അക്കാലയളവിൽ കുറ്റവാളികൾ അനുഭവിച്ച മാനസിക പീഡനവും മുൻനിർത്തിയാണ് ജസ്റ്റിസ് സദാശിവത്തിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ബെഞ്ച് അദ്ദേഹത്തിന്റെ വധശിക്ഷ ജീവപര്യന്തമാക്കിയത്.
പിന്നീട് ഏകദേശം സമാനമായ കാരണങ്ങളിലാണ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തെ ജയിൽ മോചിതനാക്കുന്നതും. നീതിയുടെ പൂർത്തീകരണം ഉറപ്പാക്കാനുള്ള 142ാം വകുപ്പ് നൽകുന്ന സവിശേഷാധികാരം സുപ്രിംകോടതി ഇതിനായി ഉപയോഗിക്കുകയും ചെയ്തു. ഇതേ നീതിയുടെ പൂർത്തീകരണമാണ് കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെടാതെ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന വിചാരണത്തടവുകാരുടെ കാര്യത്തിലുമുണ്ടാകേണ്ടത്. നിലവിൽ 3.5 ലക്ഷത്തിലധികം വിചാരണത്തടവുകാരാണ് രാജ്യത്തുള്ളത്. നാലിൽ മൂന്നു തടവുകാരും ശിക്ഷിക്കപ്പെടാതെ ജയിലിൽ കഴിയുന്നവരാണ്. 1995നു ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിൽ 27 ശതമാനം നിരക്ഷരരാണ്. ഇവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുകയോ കോടതി കുറ്റവാളിയായി കണ്ടെത്തുകയോ ശിക്ഷ വിധിക്കുകയോ ചെയ്തിട്ടില്ല. എങ്കിലും സ്വതന്ത്രമായി ജീവിക്കാനാവുന്നില്ല.
നീണ്ട വിചാരണയ്ക്കു ശേഷം പ്രതി നിരപരാധിയാണെന്ന് കണ്ടെത്തി ജയിൽമോചിതനാകുമ്പോൾ കൊഴിഞ്ഞുപോയിട്ടുണ്ടാവുക ജീവിതത്തിലെ നാലോ അഞ്ചോ വർഷങ്ങളായിരിക്കും. എട്ടോ അതിലധികമോ വർഷം വിചാരണത്തടവുകാരായി കഴിഞ്ഞ ശേഷം നിരപരാധിയെന്നു കണ്ട് വിട്ടയക്കപ്പെട്ടവർ നിരവധിയുണ്ട്. വിചാരണത്തടവുകാരനായി ദീർഘകാലം ജയിലിൽക്കിടന്ന് മരിച്ച സ്റ്റാൻ സ്വാമി, നിരവധി വർഷം വിചാരണത്തടവുകാരനായി ജയിലിൽ കഴിയുകയും ഒടുവിൽ നിരപരാധിയെന്നു കണ്ട് വിട്ടയയ്ക്കപ്പെടുകയുമുണ്ടായ അബ്ദുന്നാസർ മഅ്ദനി എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. കുറ്റം തെളിയിക്കപ്പെടുന്നതു വരെ കുറ്റാരോപിതൻ നിരപരാധിയാണെന്നു സങ്കൽപ്പിക്കണമെന്ന തത്ത്വത്തിനു വിരുദ്ധമാണ് വിചാരണത്തടവുകാരുടെ നീണ്ട ജയിൽവാസം. യാന്ത്രികമായി ജാമ്യം നിഷേധിക്കപ്പെടുന്ന അവസ്ഥ മനുഷ്യാവകാശലംഘനവും ഭരണഘടനയുടെ സത്തയ്ക്കു വിരുദ്ധവുമാണ്.
രാജ്യത്തെ വിചാരണത്തടവുകാരിൽ 25 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരാണെന്ന് കേന്ദ്രസർക്കാർ ഈ വർഷം രാജ്യസഭയെ അറിയിച്ചിരുന്നു. ഉത്തർപ്രദേശ്, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് മുസ്‌ലിം വിചാരണത്തടവുകാർ കൂടുതലുള്ളതെന്നും ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പറഞ്ഞു. യു.പിയിൽ 28ഉം അസമിൽ 43ഉം പശ്ചിമബംഗാളിൽ 52ഉം ശതമാനം വിചാരണത്തടവുകാരും മുസ്‌ലിംകളാണ്.
കരിനിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്. ആൾജാമ്യത്തിന് ആരെയും കിട്ടാതെയും ബോണ്ട് വയ്ക്കാൻ പണമില്ലാതെയും വിചാരണത്തടവുകാരായി കഴിയുന്നവരുമുണ്ട്. വിചാരണ നീണ്ടുപോകുന്നതു കാരണം ജയിൽവാസവും നീണ്ടുപോകുന്നവരാണ് മറ്റൊരു കൂട്ടർ. ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങുമോ എന്ന പേടിയിൽ കസ്റ്റഡി ആവശ്യപ്പെടുന്ന അന്വേഷണോദ്യോഗസ്ഥരുണ്ട്. വേഗത്തിൽ തന്റെ കേസ് വിചാരണ നടത്തിക്കിട്ടണമെന്ന ഒരു തടവുകാരന്റെ അവകാശം ഭരണഘടനയിലെ 21ാം വകുപ്പ് ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. തടവിലിരിക്കുമ്പോൾ സുഹൃത്തുക്കൾ, ബന്ധുക്കൾ, അഭിഭാഷകൻ എന്നിവരെ കാണുന്നതിനും വിചാരണത്തടവുകാരന് അവകാശമുണ്ട്. ഏകാന്ത തടവും ജയിലിലെ മറ്റു പീഡനമുറകളും ഒരു വിചാരണത്തടവുകാരനുമേലും അടിച്ചേൽപ്പിക്കാൻ പാടില്ല എന്നൊക്കെയാണ് നിയമം. എന്നാൽ ഇതു കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നതും ആലോചിക്കേണ്ടതാണ്.
വിചാരണത്തടവുകാർ നിറയുമ്പോൾ ജയിലിലെ സൗകര്യങ്ങൾ പരിമിതമാകും. മേൽനോട്ടം ദുർബലമാകും. ജയിലിനെ പുനരധിവാസകേന്ദ്രമായി കണക്കാക്കുമ്പോൾ അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വേണ്ടതാണ്. കുറ്റം ചെയ്തവരെയും കുറ്റമാരോപിക്കപ്പെട്ടവരെയും പാർപ്പിക്കുന്ന ഇടമെന്ന നിലയിൽ ജയിൽ ഒരു സ്ഥാപനമാണ്. അവിടെ എത്തിപ്പെടുന്നവരെ മാനസികമായും ശാരീരികമായും ബൗദ്ധികമായും പുനഃസംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം ജയിലിൽ നിക്ഷിപ്തമാണ്. തടവുകാരെ റീഹാബിലിറ്റേഷൻ എന്ന വിശാലാർഥത്തിലേക്ക് കൈപിടിച്ചു നടത്തുകയും അവരെ സമൂഹത്തിലേക്ക് വീണ്ടും തുറന്നുവിടുകയും ചെയ്യേണ്ടത് ജയിലാണ്. എന്നാൽ എല്ലാ പൗരസ്വാതന്ത്ര്യങ്ങളും റദ്ദാക്കപ്പെട്ടുകൊണ്ട് ജുഡിഷ്യൽ കസ്റ്റഡിയിൽ ജീവിക്കാൻ ശിക്ഷിക്കപ്പെടുന്ന ഇടമാണ് ഇക്കാലത്തെ ജയിലുകൾ.
നമ്മുടെ ക്രിമിനൽ സംവിധാനം കാലഹരണപ്പെട്ടതും തെറ്റായ അന്വേഷണങ്ങളുടെയും നുണകളുടെയും അടിസ്ഥാനത്തിലുള്ളതുമാണ്. പൊലിസ് ഉദ്യോഗസ്ഥർക്കു മുമ്പാകെ നടത്തിയ കുറ്റസമ്മതം കോടതികളിൽ സ്വീകാര്യയോഗ്യമല്ല. അതിനാൽ തെളിവുകളുണ്ടാക്കാൻ പൊലിസ് കൃത്രിമ വഴികൾ സ്വീകരിക്കും. അന്വേഷണം നിഷ്പക്ഷവും നീതിപൂർവവുമല്ലെങ്കിൽ ഫലം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ഒടുവിൽ പലരും കുറ്റവിമുക്തരാക്കപ്പെടുന്നത് ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടാൽ ലഭിക്കാൻ സാധ്യതയുള്ള പരമാവധി ശിക്ഷയുടെ മുഴുവൻ കാലവും തടങ്കലിൽ ചെലവഴിച്ചതിനു ശേഷമാണ്. വളരെക്കാലം തടങ്കലിൽ കഴിയുകയോ കുറ്റാരോപിതനായി കേസ് നടത്തുകയോ ചെയ്യുമ്പോൾ അത്തരം കേസുകളിൽ പ്രതി കുറ്റക്കാരനാണോ അതോ നിരപരാധിയാണോ എന്ന വിധിനിർണയത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാവുകയാണ്.
കോടതികൾ ജാമ്യം നൽകാത്തിടത്തോളം കാലം കാലതാമസം തന്ത്രമാക്കി മാറ്റാമെന്ന് പ്രോസിക്യൂഷൻ മനസിലാക്കിവച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം തടവുകാരിൽ 70 ശതമാനവും വിചാരണത്തടവുകാരാണെന്ന കണക്കുണ്ട്. 30 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടവർ. ഇങ്ങനെയാണെങ്കിൽ രാജ്യത്ത് നീതിന്യായ വ്യവസ്ഥ എത്ര പതുക്കെയാണ് മുന്നോട്ടുപോകുന്നതെന്ന് ആർക്കും ബോധ്യമാകും. ജീവിക്കാനുള്ള അവകാശമൊഴികെയുള്ള എല്ലാ പൗരാവകാശങ്ങളും റദ്ദാക്കപ്പെടുകയാണ് ജയിൽ ജീവിതത്തിൽ. പേരറിവാളൻ കേസിൽ കോടതി കാട്ടിയ നീതിബോധത്തിന്റെ പശ്ചാത്തലത്തിലെങ്കിലും വിചാരണത്തടവുകാരെക്കുറിച്ച് നമ്മൾ ചിന്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."