സ്വാതന്ത്ര്യവും തുല്യതയും നേടിത്തന്ന അണയാജ്വാല
വി.ഡി സതീശൻ
നൂറ് വർഷങ്ങൾക്കിപ്പുറവും ഒരു സത്യഗ്രഹ സമരവും അതുണ്ടാക്കിയ സാമൂഹിക ചലനങ്ങളും അണയാജ്വാലയായി, നിത്യ പ്രചോദനമായി, ദീപ്ത സ്മരണയായി തുടരുന്നു. അയിത്തത്തിനെതിരേ നടന്ന ചരിത്രപരമായ പോരാട്ടമാണ് വൈക്കം സത്യഗ്രഹം. വൈക്കം മഹാദേവ ക്ഷേത്ര മതിൽക്കെട്ടിന്ചുറ്റുമുള്ള പൊതുനിരത്തുകളിൽ 'അവർണ'രെന്ന് മുദ്രകുത്തി, നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ വിജയകരമായ പരിസമാപ്തിയിലാണ് തീണ്ടൽപ്പലക വലിച്ചെറിയപ്പെട്ടത്. കോൺഗ്രസിന്റെ ത്യാഗോജ്ജ്വല സമര ചരിത്രത്തിലെ ഏറ്റവും മഹത്തരമായ ഒരേടാണ് വൈക്കം സത്യഗ്രഹം.
കോൺഗ്രസ് നേതൃനിരയിലെ ശക്തനും നിത്യസ്മരണീയനുമായ വ്യക്തിത്വമാണ് ടി.കെ മാധവൻ. അദ്ദേഹവും ഗാന്ധിജിയുമായി 1921ൽ നടന്ന കൂടിക്കാഴ്ചയാണ് രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങളുടെയാകെ അവകാശ പോരാട്ടങ്ങളുടെ ആദ്യ കാൽവയ്പ്പായ വൈക്കം സത്യഗ്രഹ സമരത്തിലേക്ക് നയിച്ചത്. സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായി 1923ലെ കക്കിനാഡ കോൺഗ്രസ് സമ്മേളനത്തിൽ ടി.കെ മാധവനാണ് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച് പാർട്ടിയുടെ അംഗീകാരം നേടിയത്. തുടർന്ന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി കാര്യപരിപാടി തയാറാക്കുകയും പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റികളോട് അയിത്തോച്ചാടനത്തിനായി പ്രവർത്തിക്കാൻ നിർദേശിക്കുകയും ചെയ്തു.
1924 ജനുവരിയിൽ എറണാകുളത്ത് അയിത്തോച്ചാടന പ്രചാരണ കമ്മിറ്റി രൂപീകരിച്ചു. മഹാത്മ ഗാന്ധിയുടെ അനുമതിയോടെ 1924 മാർച്ച് 30ന് വൈക്കം സത്യഗ്രഹം ആരംഭിച്ചു. 603 ദിനങ്ങൾ നീണ്ടുനിന്നതായിരുന്നു ഈ സമരം. അയിത്തത്തിനെതിരേ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ സമരമായിരുന്നു അത്. ക്ഷേത്ര പ്രവേശനമെന്ന വൻ സാമൂഹിക മുന്നേറ്റത്തിനാണ് വൈക്കത്ത് തുടക്കമായത്. ടി.കെ മാധവനൊപ്പം കെ. കേളപ്പൻ, കെ.പി കേശവമേനോൻ, ബാരിസ്റ്റർ എ.കെ പിള്ള എന്നിവരും മുൻനിരയിൽ നിന്നു. സി. രാജഗോപാലാചാരി, ആചാര്യ വിനോബ ഭാവെ, ഇ.വി രാമസ്വാമി നായ്ക്കർ എന്നീ ദേശീയ നേതാക്കൾ വൈക്കത്തെത്തി. മന്നത്തു പത്മനാഭൻ നയിച്ച സവർണ ജാഥ സമരഗതിക്ക് വൻ കുതിപ്പ് പകർന്നു.
ഗാന്ധിജിയുടെ പിന്തുണയും കോൺഗ്രസിന്റെ അടിയുറച്ച നയസമീപനവും സഹന സമരമെന്ന രാഷ്ട്രീയ ആയുധത്തിന്റെ ശക്തിയും ആയിരമായിരം സമര ഭടന്മാരുടെ ത്യാഗവും ഒറ്റ ജ്വാലയായി ഉയർന്നു, അത് നാടാകെ പടർന്നു. ഹൃദയങ്ങൾ സമത്വത്തിന്റെ തിരിതെളിച്ചു. ജാതിവെറിയുടെ ഇരയായ ചിറ്റേടത്തു ശങ്കുപ്പിള്ളയെന്ന ധീര രക്തസാക്ഷിക്ക് ആയിരം പ്രണാമം.
1924 ൽ സത്യഗ്രഹ സ്ഥലത്ത് ശ്രീനാരയണ ഗുരുദേവനെത്തി. 1925 മാർച്ചിൽ മഹാത്മജി വൈക്കത്ത് എത്തി. ആധുനിക ഭാരത്തിലെ ഏറ്റവും വലിയ രണ്ടു മഹാത്മാക്കളുടെ പാദസ്പർശത്തിലൂടെ വൈക്കത്ത് നൂറ്റാണ്ടുകളായി ഉറപ്പിച്ച അനാചാരം മാത്രമല്ല മനസുകളിലെ ഇരുട്ടും മാറി. തീണ്ടൽപ്പലക വിലിച്ചറിഞ്ഞ ആ സമര വിജയമാണ് ആധുനിക കേരളത്തെയും ക്ഷേത്ര പ്രവേശനമെന്ന മഹത്തായ തീരുമാനത്തെയും സൃഷ്ടിച്ചതും ഉറപ്പിച്ചതും നിലനിർത്തിയതും.
ഉജ്ജ്വലമായ ആ പോരാട്ടവീര്യവും സഹന സമര പാരമ്പര്യവും രാജ്യത്തെ വിഴുങ്ങുന്ന സംഘ്പരിവാർ ശക്തികൾക്കെതിരായ പോരാട്ടത്തിലും നമുക്ക് കരുത്താകണം. വൈക്കത്തുയർന്ന തീജ്ജ്വാലയുടെ കെടാത്ത ശതവർഷങ്ങളെ സാക്ഷിയാക്കി നമുക്ക് പ്രതിജ്ഞ ചെയ്യണം. ഇന്ത്യക്കായി, ജനാധിപത്യത്തിനായി, തുല്യതക്കായി, സ്വാതന്ത്ര്യത്തിനായി, അക്ഷീണം അണുകിട വിട്ടുകൊടുക്കാതെ ഞങ്ങൾ പോരാടും. അതാണ് ഈ നാട് ഈ അവസരത്തിൽ ആവശ്യപ്പെടുന്നത്.
'ഒരു അനീതി എവിടെ സംഭവിച്ചാലും അത് എല്ലായിടത്തെയും നീതിക്ക് നേരെയുള്ള കടന്നാക്രമണമാണ്..' ഈ വാക്കുകൾ വൈക്കത്തെ സമരത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്നതാണെന്ന് മാത്രമല്ല ഇന്നത്തെ ഇന്ത്യയുടെ പൊള്ളുന്ന യാഥാർഥ്യത്തിന്റെ നേർചിത്രവുമാണ്. സ്വാതന്ത്ര്യവും തുല്യതയും ജനാധിപത്യവും നേടിത്തന്ന സമര ചരിത്ര വഴികളെ നമുക്ക് മറക്കാതിരിക്കാം, സമകാലിക ഇന്ത്യ ആ സമരവഴികൾ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."