'ആനയോ മനുഷ്യനോ' മിഷന്‍ അരിക്കൊമ്പന്‍ സ്റ്റേ ചെയ്തതിനെതിരായ ഇടുക്കിയിലെ ഹര്‍ത്താല്‍ പൂര്‍ണം; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി
ഇടുക്കി: ചിന്നക്കനാല്‍, ശാന്തമ്പാറ മേഖലയില്‍ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള മിഷന്‍ അരിക്കൊമ്പന്‍ സ്റ്റേ ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഏതാണ്ട് ഹര്‍ത്താല്‍ പൂര്‍ണമായ നിലയിലാണ്. പത്ത് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. മൂന്ന് പഞ്ചായത്തുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാല്‍, ഉടുമ്പന്‍ ചോല തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. രാജാക്കാട്, സേനാപതി, ബൈസണ്‍വാലി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ഇല്ല. വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഉള്‍പ്പെടെ പരിഗണിച്ചാണ് പഞ്ചായത്തുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയത്.
ഹൈകോടതിയുടെ വിധി അനുകൂലമാകും എന്നാണ് നാട്ടുകാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, തിരിച്ചടിയായതോടെ കടുത്ത അമര്‍ഷത്തിലാണ് പ്രദേശവാസികള്‍. ബോഡിമേട്ടില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. മറയൂര്‍, ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിച്ചു.
ഇന്നലെ ചിന്നക്കനാല്‍ ശാന്തന്‍പാറ നിവാസികള്‍ കുങ്കി ആനകളെ പാര്‍പ്പിച്ചിരുന്നിടത്തേക്ക് പ്രതിഷേധം നടത്തിയിരുന്നു. വനം വകുപ്പിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തു. അരിക്കൊമ്പനെ പിടികൂടിയില്ലെങ്കില്‍ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ ആണ് തീരുമാനം.
അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ബുധനാഴ്ച വിധി പ്രതീക്ഷിച്ചിരിക്കെയാണ് കോടതിയില്‍നിന്ന് അനുകൂലമല്ലാത്ത പരാമര്‍ശമുണ്ടായത്. കോടതി വിധി അനുകൂലമായാല്‍ വ്യാഴാഴ്ച പുലര്‍ച്ച നാലിന് ദൗത്യം ആരംഭിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. ഇതിനായി 71 അംഗ സംഘത്തെ എട്ട് ടീമുകളായി തിരിച്ചിരുന്നു. അഞ്ച് കുങ്കിയാനകളെയും ദൗത്യത്തിനായി ചിന്നക്കനാലില്‍ എത്തിച്ചിട്ടുണ്ട്. ആര്‍.ആര്‍.ടി തലവന്‍ അരുണ്‍ സക്കറിയ, സി.സി.എഫുകാരായ നരേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം തീരുമാനിച്ചിരുന്നത്.
18 വര്‍ഷത്തിനിടെ റേഷന്‍ കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. ഇതില്‍ 23 എണ്ണം ഒരുവര്‍ഷത്തിനിടെയാണ് തകര്‍ത്തത്. ആക്രമണത്തില്‍ വീടിന്റെ ഭാഗങ്ങള്‍ വീണ് മുപ്പതോളംപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നൂറിലധികം പേരുടെ ഏക്കറുകണക്കിന് കൃഷിയും തകര്‍ത്തു.
2010 മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളില്‍ ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളിലായി 29പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചത്. ഇതില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ മാത്രം 11പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."