ടി.പിയുടെ ചിത്രം ബാഡ്ജായി നെഞ്ചില്‍; സഗൗരവം പ്രതിജ്ഞ ചെയ്ത് രമ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എതിരാളികളുടെ മുന്നിലൂടെ തലയുയര്‍ത്തിപ്പിടിച്ച് ടി.പി ചന്ദ്രശേഖരന്റെ പ്രതിരൂപമായി കെ.കെ രമ നിയമസഭയില്‍. സഭയില്‍ ടി.പിയുടെ ശബ്ദം മുഴങ്ങുമെന്ന് പ്രഖ്യാപിച്ചെത്തിയ അദ്ദേഹത്തിന്റെ പത്‌നി രമ സാരിയില്‍ നെഞ്ചില്‍ ടി.പിയുടെ ചിത്രമുള്ള ബാഡ്ജ് പതിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
നിയമസഭാ സെക്രട്ടറി പേരു വിളിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ കൈയടിയോടെയാണതു സ്വീകരിച്ചത്. സത്യപ്രതിജ്ഞ ചെയ്യാന്‍ മുന്നിലേക്കു വന്ന രമ എം.വി ഗോവിന്ദനെ കണ്ട് കൈകൂപ്പി. തൊട്ടടുത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ശ്രദ്ധിച്ചതേ ഇല്ല. എന്നാല്‍ മുഖ്യമന്ത്രിയും ഗോവിന്ദനും തിരിച്ചു കൈകൂപ്പി.
യു.ഡി.എഫ് പിന്തുണയോടെ വടകരയില്‍നിന്ന് മത്സരിച്ചു ജയിച്ച രമ 96ാമതായി സഗൗരവത്തില്‍ പ്രതിജ്ഞ എടുത്തു.സഭയില്‍ വിഷയാധിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും രമ പറഞ്ഞു. തെരുവില്‍ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും അഭിമാന നിമിഷമാണിത്. വളരെ സന്തോഷമുണ്ട്. നിയമസഭയില്‍ ആര്‍.എം.പി സ്വതന്ത്ര ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. അതോടൊപ്പം ചില വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കും. ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും രമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."