ബ്ലാക്ക് ഫംഗസ്: ആരോഗ്യവകുപ്പിന് തലവേദനയായി വീട്ടിലെ ചികിത്സ
തിരുവനന്തപുരം: കൊവിഡ് വന്നുപോയവരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപിക്കാന്‍ കാരണം വിദഗ്ധ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്നുകളാണെന്ന് സംശയമുയരുന്നു.
കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രതിദിന രോഗികളുടെ എണ്ണം കൂടിയതോടെ ചെറിയ തോതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരോട് വീടുകളില്‍ തന്നെ ചികിത്സ തേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതാണിപ്പോള്‍ ആരോഗ്യവകുപ്പിന് തലവേദന ആയിരിക്കുന്നത്.
കൊവിഡ് ബാധിച്ചവര്‍ വീട്ടില്‍ത്തന്നെ ചികിത്സ തേടിയതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ തന്നെ രോഗബാധിതര്‍ മരുന്നു കഴിക്കാന്‍ തുടങ്ങി. മരുന്നുകള്‍ കൃത്യമായ അളവില്‍ കഴിച്ചില്ലെങ്കിലുണ്ടാകാവുന്ന അനന്തര ഫലങ്ങളെ കുറിച്ച് പോലും ഇവര്‍ ആലോചിക്കുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കൊവിഡ് രോഗത്തിനെതിരേ സര്‍വസാധാരണമായി ഉപയോഗിക്കുന്ന മരുന്നുകളായ ടോസിലിസുമാബ്, സ്റ്റിറോയിഡുകള്‍ എന്നിവ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നവയും മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗത്തിന് കാരണമാവുന്നവയും ആണ്. പ്രമേഹം പോലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ള കൊവിഡ് രോഗികള്‍ ഈ മരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ യഥേഷ്ടം കഴിക്കുന്നുണ്ട്.
കൊവിഡ് ബാധിതരായവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ സ്റ്റിറോയിഡുകളും കഴിക്കുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ലഭിക്കുമെന്നതും ഇത്തരം മരുന്നുകള്‍ വാങ്ങാന്‍ രോഗികളെ പ്രേരിപ്പിക്കുന്നുണ്ട്. സ്റ്റിറോയിഡുകള്‍ പല അവസരത്തിലും ജീവന്‍രക്ഷാ മരുന്നുകളാണ്. എന്നാല്‍ ശരിയായ സമയത്ത് ശരിയായ അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ അവ ജീവനു തന്നെ ഭീഷണിയാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വീട്ടിലെചികിത്സ, ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകളുടെ ലഭ്യത, സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയില്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ടാക്കാനും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ഉടന്‍ നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."