HOME
DETAILS
MAL
ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ എത്രകാലം?
backup
May 24 2021 | 19:05 PM
മുന്നൂറോളം ഫലസ്തീനികളുടെയും പതിനഞ്ചോളം ഇസ്‌റാഈല്യരുടെയും മരണത്തിലേക്കും രണ്ടായിരത്തോളം ആളുകള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്നതിലേക്കും നയിച്ച യുദ്ധസമാന സാഹചര്യത്തിനു താല്‍ക്കാലിക വിരാമമായിരിക്കുന്നു. റമദാന്‍ ഇരുപത്തിയേഴിന്റെ പവിത്രമായ രാത്രി ഖുദ്‌സ് ദേവാലയത്തിലേക്ക് ഇസ്‌റാഈല്‍ സേന ഇരച്ചുകയറിയത് മുതല്‍ കൂട്ടമനുഷ്യക്കുരുതി തന്നെയായിരുന്നു അവിടെ നടന്നത്. മെയ് 10ന് ആരംഭിച്ച് 21 വരെ ഇസ്‌റാഈലിന്റെ അതിക്രമം നീണ്ടുനിന്നു. 65 പിഞ്ചോമനകള്‍ക്ക് ആഹുതി സംഭവിച്ചു. ഒടുവില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇരുകൂട്ടരും അംഗീകരിച്ചു. എത്ര കാലത്തേക്ക്?
ഈ പ്രതിസന്ധി സുസ്ഥിരമായി അവസാനിക്കാന്‍ പോകുന്ന ഒന്നല്ല. അടുത്ത സംഘര്‍ഷത്തിനുള്ള തിയതി കുറിച്ചിട്ടായിരിക്കും സയണിസ്റ്റുകള്‍ ഗസ്സയില്‍നിന്ന് മടങ്ങിയിട്ടുണ്ടാവുക. കാരണം, സയണിസത്തിന്റെ ലക്ഷ്യങ്ങള്‍ ഊഹിക്കുന്നതിനപ്പുറം പ്രവിശാലമാണ്. മറ്റേതൊരു കൊളോണിയല്‍ ലക്ഷ്യങ്ങളെയുംപോലെ വിഭവചൂഷണത്തിലോ കുറഞ്ഞ വേതനത്തില്‍ വേലയ്ക്കുള്ള മനുഷ്യശക്തി അധീനപ്പെടുത്തലോ ഒന്നുമല്ല അജന്‍ഡ. സയണിസമെന്നാല്‍ ലോകം തങ്ങളുടെ ചൊല്‍പ്പടിക്കു കീഴില്‍ തളച്ചിടുകയെന്നാണ്. അതിന് അവര്‍ക്കൊരു സാമ്രാജ്യം പണിയണം. ഉടനെ സംഭവിക്കാന്‍ പോകുന്ന പാക്‌സ്-ജൂദായിക്ക എന്നു വിളിക്കാന്‍ പോകുന്ന ഒരു കാലഘട്ടമാണത്.
നെസറ്റില്‍, അതായത് ഇസ്‌റാഈല്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്. 'ഇസ്‌റാഈലേ, നിന്റെ അതിര്‍ത്തികള്‍ നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെയാണ്'. അതിനര്‍ഥം, ഫലസ്തീന്‍ ദേശത്തില്‍ ഇനിയുമവശേഷിക്കുന്ന പത്തിരുപത് ശതമാനം ഭൂമിയുംകൂടി തങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതില്‍ പരിമിതപ്പെടുന്നില്ല, മറിച്ച് ഇന്ന് മധ്യപൂര്‍വേഷ്യയിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും പിടിച്ചടക്കി വാഴുകയാണ് ആത്യന്തിക ലക്ഷ്യമെന്ന് സ്പഷ്ടമായി രേഖപ്പെടുത്തിവച്ചിരിക്കുന്നു. അപ്പോള്‍ ആരെയാണ് വെടിനിര്‍ത്തല്‍ കൊണ്ട് സമാധാനത്തിന് ഇസ്‌റാഈല്‍ സന്നദ്ധമാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്?.
ഏറ്റവും ചുരുങ്ങിയത് ഫലസ്തീനിയന്‍ അറബികളെയെങ്കിലും വംശഹത്യയിലേക്ക് നയിക്കുകയാണ് ഒന്നാമത്തെ ടാര്‍ഗറ്റ്. അതാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കൊണ്ട് ഗസ്സയിലും വെസ്റ്റ് ബാങ്കിലും അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഫലസ്തീനികള്‍ക്കു പോകാന്‍ ഒരിടമില്ല. അവസാനത്തെ ആകാശവും കഴിഞ്ഞാല്‍ പറവകളെങ്ങോട്ട് പോകുമെന്ന് ഫലസ്തീനിയന്‍ കവി ദര്‍വീശ് ചോദിച്ചത് ഇതേക്കുറിച്ചാണ്. ഇരുഭാഗങ്ങളും ഭേദിക്കാന്‍ കഴിയാത്ത ആവരണങ്ങളുള്ള ഒരു ടണലിനകത്താണ് ലക്ഷക്കണക്കിനു മനുഷ്യരെ പൂട്ടിയിട്ടിരിക്കുന്നത്. ഇഞ്ചിഞ്ചായി മരിക്കാമെന്നല്ലാതെ അഭിമാനത്തോടെയോ ഒരുനേരത്തെപ്പോലും പട്ടിണി മാറ്റിക്കൊണ്ടോ അവര്‍ക്ക് അതിജീവിക്കാനാവില്ല; അതിന് ഇസ്‌റാഈല്‍ എന്ന കിരാത രാഷ്ട്രം സമ്മതിക്കില്ല. ഫലസ്തീനികളുടെ യാതന ശിഷ്ടലോകത്തിനു ചെവികൊടുക്കാന്‍ താല്‍പര്യമുള്ള വിഷയമല്ലാതായിട്ട് കുറച്ചുനാളുകളായി.
ഇസ്‌റാഈല്‍ ആയുധശേഖരത്തിലെ അയേണ്‍ ഡോമുകളുടെ പ്രഹരശേഷിയില്‍ ആവേശം കൊള്ളുന്ന കൂട്ടര്‍ ഒരുവശത്ത്. ലോകത്തെ നാലാമത്തെ സൈനികശക്തിയെ കല്ലുകൊണ്ടും കാലഹരണപ്പെട്ട മിസൈലുകള്‍ കൊണ്ടും പ്രതിരോധിക്കാനോ ആക്രമിക്കാനോ കഴിയില്ലെന്ന് ഉപദേശിക്കുന്നവര്‍ മറുവശത്ത്. ഇതിനിടയില്‍, ഫലസ്തീന്‍ അറബികള്‍ പ്രാകൃതരും ബുദ്ധിയില്ലാത്തവരുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വേറെയും. മൊത്തത്തില്‍ പറഞ്ഞാല്‍ തുല്യതയില്‍ ഒരുനിലക്കും സമമാകാത്ത രണ്ടുവിഭാഗം ഒരു പ്രശ്‌നത്തിന്റെ ഇരുമുഖങ്ങളായിരിക്കെ വേട്ടക്കാരുടെ പക്ഷം ശരിയാണെന്ന് പറയാതെ പറയുകയാണു ലോകം.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ബാല്‍ഫോര്‍ഡ് മറ്റൊരു ബ്രിട്ടീഷ് പൗരനായ ബാരണ്‍ റോത്ഷീല്‍ഡിന് 1917 നവംബര്‍ രണ്ടിന് ഒരു കത്തിലൂടെ കൊടുക്കുന്ന വാഗ്ദാനമാണ് ഇസ്‌റാഈല്‍ രാജ്യം! ബാല്‍ഫര്‍ ഡിക്ലറേഷന്‍ എന്നാണ് അതറിയപ്പെടുന്നത്. ജൂതജനതയ്ക്ക് ഒരു ദേശീയ രാഷ്ട്രം, അതും അന്നുവരേക്കും ബ്രിട്ടന് ഒരുതരത്തിലുള്ള അവകാശവുമില്ലാത്ത ഒരു നാട്ടില്‍. അവിടെ ജീവിച്ചിരുന്ന പത്തു ലക്ഷത്തിലധികം വരുന്ന ജനങ്ങളോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെ. അതിലേറെ ഗൗരവതരമായ കാര്യം, മക്കയുടെ അമീറായിരുന്ന ഹുസൈന്‍ അല്‍ ഹാഷിമിയുമായി മൂന്ന് വര്‍ഷത്തോളം നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ്വേര്‍ഡ് ഗ്രേയുടെ പൂര്‍ണാനുമതിയോടെ ഈജിപ്ഷ്യന്‍ ഹൈകമ്മിഷണറും ലെഫ്റ്റനെന്റ് കേണലുമായ ഹെന്റി മാക് മഹോനുമായും ഉണ്ടാക്കിയ ഉടമ്പടികള്‍ക്കും വിലകല്‍പ്പിക്കാതെയാണ് ബാല്‍ഫര്‍ പ്രഖ്യാപനമെന്നതാണ് വസ്തുത.
ജര്‍മ്മനിയും തുര്‍ക്കിയുമുള്‍ക്കൊള്ളുന്ന സഖ്യസേന ബ്രിട്ടന്റെ സൈനിക പോസ്റ്റുകള്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായപ്പോള്‍ മക്കയുടെ ഷരീഫുമായി ഉണ്ടാക്കിയതാണ് അറബ് ഖിലാഫത്ത് കരാര്‍. അതില്‍, സൈകസ്-പിക്കോട്ട് കരാര്‍ പ്രകാരം ഫ്രാന്‍സിന് അനുവദിക്കപ്പെട്ട വടക്കന്‍ ഇറാഖും സിറിയയുടെയും ലെബനാനിന്റെയും തീരപ്രദേശങ്ങളും ഒഴികെയുള്ള അറേബ്യന്‍ പെനിന്‍സുല പൂര്‍ണമായും ഉള്‍ക്കൊണ്ടിരുന്നു, ഫലസ്തീന്‍ ഉള്‍പ്പെടെ. മാക് മഹോന്‍ കരാര്‍ എന്നാണിത് അറിയപ്പെടുന്നത്. അറബ് ദേശീയ വിപ്ലവത്തിനു തിരികൊളുത്തിയത് ഈ കരാര്‍ ആയിരുന്നു. സഖ്യസേനയെ തകര്‍ത്താല്‍ തുര്‍ക്കിയുടെ അധീനതയിലുള്ള അറബ് പ്രദേശങ്ങള്‍ മോചിപ്പിച്ച് ഖലീഫയായി വാഴിക്കാമെന്നതാണ് കരാറിന്റെ കാതല്‍. ഈ വിഷയത്തില്‍ സുപ്രധാനമായ പത്തു കത്തുകളാണ് ബ്രിട്ടനും മക്കയും തമ്മില്‍ നടന്നത്. എന്നാല്‍ യുദ്ധം കഴിഞ്ഞപ്പോള്‍ ബ്രിട്ടന്‍ വാക്കുമാറി. ഷരീഫിനു ജോര്‍ദാനില്‍ ഒതുങ്ങേണ്ടിവന്നു. ഫലസ്തീന്‍ ഇസ്‌റാഈലിനു കൊടുത്തു. അറബ് ഏകീകരണം നടന്നില്ല.
ഷരീഫിനോട് ബ്രിട്ടന്‍ ചെയ്തത് കൊടും ചതിയായിരുന്നു. അദ്ദേഹമൊരുക്കിയ സേനയും സിറിയയില്‍നിന്നും ഇറാഖില്‍ നിന്നുമുള്ള ഫത്താഹ്, അഹദ് മുതലായ വിഭാഗങ്ങളും ഒരുമിച്ചു ചേര്‍ന്നാണ് ബ്രിട്ടനെ വിജയിപ്പിച്ചെടുത്തത്. ലോകമുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും ബ്രിട്ടന് (സഖ്യശക്തികള്‍ക്ക്) പിന്തുണയര്‍പ്പിച്ചത് മക്ക കേന്ദ്രീകരിച്ച് സൃഷ്ടിക്കപ്പെടുന്ന ഒരു ഖിലാഫത്ത് എന്ന സ്വപ്നം പൂവണിയുന്നതിനു വേണ്ടിയാണ്. ഏഴു കോടി ഇന്ത്യന്‍ മുസ്‌ലിംകളും യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തില്‍ അണിനിരന്ന മുസ്‌ലിം പട്ടാളക്കാരും ഇതേ ലക്ഷ്യത്തിനു തന്നെയാണ് പിന്തുണയേകിയത്. എന്നാല്‍, കൊടുത്ത വാക്കുകള്‍ പാലിക്കാനുള്ളവ ആയിരുന്നില്ലെന്ന് പില്‍ക്കാലത്ത് മനസിലായി. മധുരവാക്കുകള്‍ വഴി ഷരീഫിനെ കൂടെനിര്‍ത്താനും പിന്നീട് തന്ത്രപരമായി ചതിക്കാനുമുള്ള ആസൂത്രണമായിരുന്നു ബ്രിട്ടന്റേത്.
ചതിയിലൂടെയാണ് അറബ് മണ്ണില്‍ ഒരു സയണിസ്റ്റ് ശക്തിയെ കുടിയിരുത്തുന്നത്. പിന്നീടതിന് അംഗീകാരം വാങ്ങിച്ചുകൊടുക്കുകയാണ് ബ്രിട്ടന്‍-ഫ്രാന്‍സ്-റഷ്യ-അമേരിക്ക അച്ചുതണ്ട് ചെയ്തത്. ഈ ശക്തികളുടെ പിന്‍ബലത്തോടെ ഒറ്റയടിക്ക് ഏഴര ലക്ഷം അറബികളെ ഫലസ്തീനില്‍നിന്ന് ഇസ്‌റാഈല്‍ കുടിയിറക്കി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെയും ക്രൂരതയില്‍ ഒന്നാമത്തെയും കുടിയിറക്കല്‍. അന്നുണ്ടായിരുന്ന ആയിരം ഗ്രാമങ്ങളില്‍ പകുതിയും ചുട്ടുചാമ്പലാക്കി. കുടിയിറക്കപ്പെട്ടവര്‍ എങ്ങോട്ടെന്നില്ലാതെ അലയാന്‍ തുടങ്ങി. അവരിന്നും ഭൂമിയില്ലാത്ത, രാജ്യമില്ലാത്ത ജനതയായി, അഭിമാനം പിച്ചിച്ചീന്തപ്പെട്ടവരായി അലഞ്ഞുതിരിയുന്നു. ജറൂസലം, ഹൈഫ, ഗസ്സ, ജെഫ്ഫ, നെബുലസ്, ആക്ര, ജെറിക്കോ, റാമല്ല, ഹെബ്രോണ്‍, നസ്രേത്ത് തുടങ്ങിയ അതിപുരാതന പട്ടണങ്ങളില്‍നിന്ന് അവിടുത്തെ ആദിമവിഭാഗമായ ജനത പുറംതള്ളപ്പെട്ടു. ഇനി അവശേഷിക്കുന്ന പകുതിയെക്കൂടി തുടച്ചുനീക്കുകയാണ് വാഗ്ദത്ത ഭൂമിയുടെ മറപിടിച്ച് സയണിസം ലക്ഷ്യമിടുന്നത്. ഈ മനുഷ്യത്വഹീനമായ കൃത്യം നിസ്സംഗതയോടെ ലോകം നോക്കിനില്‍ക്കേണ്ടതാണോ?
വാക്കുകളല്ല, കരാറുകളല്ല, ഉച്ചകോടികളല്ല ഇസ്‌റാഈലിനെക്കൊണ്ട് നീതിമാര്‍ഗം അംഗീകരിപ്പിക്കുക. അതെത്രയോ തവണ ലംഘിക്കപ്പെട്ടു കഴിഞ്ഞു. ഇനി ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. അതിനു തയാറാകേണ്ടത് ഭൂമിയില്‍ നിയതമായി നിലകൊള്ളുന്ന എല്ലാ ലോകരാജ്യങ്ങളും ഒരുമിച്ചാണ്. ഇസ്‌റാഈല്‍-ഫലസ്തീന്‍ വിഷയത്തിലെങ്കിലും ഒരു സമഗ്രമായ കമ്മിറ്റി നിഷ്പക്ഷമായി വിഷയം പഠിക്കേണ്ടതുണ്ട്. അവര്‍ മുന്നോട്ടുവയ്ക്കുന്ന ഐക്യതീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കട്ടെ. അവിടെ വീറ്റോ പാടില്ല. അവിടെ സാമ്രാജ്യത്വം അതിന്റെ ഇടപെടലുകളും താല്‍പര്യങ്ങളും ചെലുത്തരുത്. എഴുപത് വര്‍ഷമെന്നത് ഒരു പുരുഷായുസാണെന്ന് ഓര്‍ക്കണം.
ബാല്‍ഫര്‍ തന്റെ കത്ത് അവസാനിപ്പിക്കുന്നത് ഈയൊരു വാചകത്തിലാണ്: 'ഫലസ്തീനില്‍ നിലവിലുള്ള ജൂതന്മാരല്ലാത്ത സമുദായങ്ങളുടെ മതപരവും പൗരത്വപരവുമായ അവകാശങ്ങള്‍ക്കു മേലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യങ്ങളിലെ ജൂതര്‍ അനുഭവിക്കുന്ന അവകാശങ്ങള്‍, രാഷ്ട്രീയനില എന്നിവയുടെ മേലോ യാതൊരു മുന്‍വിധികളുമുണ്ടാവില്ലെന്ന് ഇതിനാല്‍ കൃത്യമായി മനസിലാക്കപ്പെടുന്നു'. നന്നേ ചുരുങ്ങിയത്, ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ അന്തസെങ്കിലും കാത്തുസൂക്ഷിക്കാന്‍ ലോകം ബാധ്യസ്ഥമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."