നിത്വാഖാത് പരിഷ്കരിച്ചു, “നിത്വാഖാത് മുത്വവ്വർ” വഴി മൂന്നര ലക്ഷം സ്വദേശികൾക്ക് തൊഴിൽ
റിയാദ്: രാജ്യത്തെ സ്വദേശി വത്കരണ പദ്ധതിയായ നിത്വാഖാത് പരിഷ്കരിച്ചു. കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ “നിത്വാഖാത് മുത്വവ്വർ” എന്ന പേരിലാണ് തൊഴിൽ മന്ത്രാലയം നിത്വാഖാത് പദ്ധതി പരിഷ്കരിച്ചത്. പദ്ധതി വഴി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 340000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പദ്ധതികൾ പ്രകാരം തൊഴില്‍ മേഖലകള്‍ 85 ല്‍ നിന്ന് 32 ആയി കുറയുകയും ചെയ്യും.
മൂന്ന് പ്രധാന ലക്ഷ്യങ്ങളില്‍ ഊന്നിയാണ് “നിത്വാഖാത് മുത്വവ്വർ” പദ്ധതി നടപ്പിലാക്കുക. സ്വകാര്യ മേഖലയുടെ സ്ഥിരത വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ആദ്യ പദ്ധതി നടപ്പിലാക്കാനായി മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കുക. സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ചുള്ള സ്വദേശി അനുപാതം നിര്‍ണ്ണയിക്കുന്ന നിലവിലെ സ്ഥിതി മാറ്റി സ്ഥാപനത്തിന് ആവശ്യമായതും പരമാവധി ഉള്‍കൊള്ളാവുന്നതുമായ സ്വദേശി അനുപാതം പുനര്‍നിര്‍ണയിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. നിത്വാഖത്ത് പ്രോഗ്രാം സംവിധാനങ്ങള്‍ ലളിതമാക്കുന്നതിനും നേട്ടങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി പൊതു സ്വഭാവമുള്ള മേഖലകളെ ലയിപ്പിക്കുന്നതാണ് അടുത്തത്.
ആധുനിക തൊഴില്‍ വിപണിക്ക് അനുസൃതമായി വിപണിയെ കാര്യക്ഷമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഇത് വഴി രാജ്യത്തെ തൊഴിലന്വേഷകരായ യുവതി യുവാക്കള്‍ക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ സ്വദേശി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."