അയൽപക്കത്തെ തെരഞ്ഞെടുപ്പ്
കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇനി കുറച്ചുനാൾ ദക്ഷിണേന്ത്യയാണ് ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രം. അയൽ സംസ്ഥാനത്തെ ഫലം കേരളത്തെയും സ്വാധീനിക്കും. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരായ ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് കർണാടകയിൽ നടക്കുക. ജനതാദൾ സെക്യൂലർ പോലുള്ള പാർട്ടികൾ, ആരു ഭരിക്കണമെന്ന് നിർണയിക്കാൻ ശേഷിയുള്ള ശക്തിയായിട്ടുണ്ട്. കാര്യമായി സ്വാധീനമൊന്നുമില്ലെങ്കിലും ആംആദ്മി പാർട്ടി, സി.പി.എം, സി.പി.ഐ, എസ്.ഡി.പി.ഐ, ബി.എസ്.പി, ഓൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ, ജനാർദന റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ പാർട്ടി, നാഷനൽ പീപ്പിൾസ് പാർട്ടി, വിമുക്ത ഭടന്മാരുടെ സാർവജനിക ആദർശ സേനാ പാർട്ടി, മഹാരാഷ്ട്ര ഏകീകരൺ സമിതി തുടങ്ങിയ പാർട്ടികളും തെരഞ്ഞെടുപ്പിൽ അവരവരുടെ സാന്നിധ്യമറിയിക്കാൻ അവസരം കാക്കുന്നുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ രൂപംകൊണ്ട ഇടതുപക്ഷമടങ്ങുന്ന പ്രതിപക്ഷ അനൗദ്യോഗിക സഖ്യത്തിന് കർണാടക തെരഞ്ഞെടുപ്പിൽ പ്രസക്തിയൊന്നുമില്ല. സഖ്യത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുക. ഇടതു പാർട്ടികളായ സി.പി.എമ്മും സി.പി.ഐ പോലും ഒന്നിച്ചല്ല. ജനതാദളുമായി സഖ്യമുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. സി.പി.ഐയാകട്ടെ കോൺഗ്രസിനൊപ്പം സഖ്യത്തിനുള്ള ശ്രമവും നടത്തി. രണ്ടും ഫലം കണ്ടില്ല. ഇപ്പോൾ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ്. കോൺഗ്രസിന്റെ പിന്തുണയുണ്ടായിരുന്ന കുമാര സ്വാമി സർക്കാരിനെ എം.എൽ.എമാരെ കൂറുമാറ്റി അട്ടിമറിച്ച ബി.ജെ.പിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഉറപ്പിക്കാൻ പറ്റിയിട്ടില്ല.
അഴിമതിയും വർഗീയതയുമാണ് സംസ്ഥാനത്തെ വലിയ പ്രശ്‌നം. എട്ടു കോടിയുടെ കൈക്കൂലിക്കേസിൽ ബി.ജെ.പി എം.എൽ.എ മഡൽ വീരുപക്ഷപ്പയെയും മകനെയും ലോകായുക്ത അറസ്റ്റ് ചെയ്തിട്ട് ദിവസങ്ങളെ ആയുള്ളൂ. പൊതുമരാമത്ത് കരാറുകളെല്ലാം അഴിമതിയാണ്. മന്ത്രിക്കെതിരേ കത്തെഴുതിവച്ചു കരാറുകാരിലൊരാൾ ജീവനൊടുക്കുക കൂടിയായതോടെ അഴിമതി വിരുദ്ധതയെക്കുറിച്ച് മിണ്ടാൻ പറ്റാത്ത സ്ഥിതിയാണ് ബി.ജെ.പിക്ക്. എസ്.ഐ നിയമനം, അധ്യാപക നിയമനം തുടങ്ങിയവയിലെ അഴിമതിക്കേസുകൾ വേറെയുമുണ്ട്. സർക്കാർ സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തോടെ മുസ്‌ലിംകൾ പൂർണമായും ബി.ജെ.പിക്കെതിരാണ്. മുസ്‌ലിം സമുദായത്തിനുണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കുക കൂടി ചെയ്തതോടെ ഏതുവിധേനയും ബി.ജെ.പിയെ താഴെയിറക്കാനുള്ള തീരുമാനത്തിലാണ് അവർ.
മുസ്‌ലിംകളിൽ നിന്ന് കവർന്നെടുത്ത സംവരണം രണ്ടുശതമാനം വീതം ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങൾക്ക് വീതംവച്ചു നൽകാനാണ് സർക്കാർ തീരുമാനം. ഇത് ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ കാരണമാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. സംസ്ഥാനത്തെ നേതാക്കളിൽ ബി.ജെ.പിക്ക് പ്രതീക്ഷയില്ല. ദേശീയ നേതൃത്വത്തെ മുൻനിർത്തി അധികാരം പിടിക്കാനാവുമോയെന്ന് നോക്കുകയാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഇതിനകം പലവട്ടം സംസ്ഥാനത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവേ, ദക്ഷിണേന്ത്യയിൽ കൈവശമുള്ള ഏക സംസ്ഥാനം കൈവിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്ന ബോധ്യം ബി.ജെ.പിക്കുണ്ട്. അടുത്ത കാലത്തായി ഒട്ടും മികച്ചതല്ല ബി.ജെ.പിയുടെ സംസ്ഥാനങ്ങളിലെ പ്രകടനം. പാർട്ടി അധ്യക്ഷന്റെ സംസ്ഥാനമായ ഹിമാചൽപ്രദേശിൽ ഭരണം നഷ്ടപ്പെട്ടു. ത്രിപുരയിൽ കഷ്ടിച്ചാണ് കടന്നുകൂടിയത്. നാഗാലാൻഡിലും മേഘാലയിലും വലിയ പ്രസക്തിയൊന്നുമില്ലാത്ത ഭരണപങ്കാളി മാത്രമാണ്.
കർണാടക കൂടി തോറ്റാൽ അതിന്റെ ഭാരം ഈ വർഷം വരുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും പിന്നാലെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പേറേണ്ടി വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാകട്ടെ അതു നാണക്കേടുമാകും. നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കും മുൻ മുഖ്യമന്ത്രി യെദ്യൂരപ്പക്കും മുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ട്. അതിനാൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിക്കുകയെന്ന സാഹസത്തിന് ബി.ജെ.പി തയാറായിട്ടില്ല. വൊക്കലിഗകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവരുടെ വോട്ടുകൾ നേടാൻ ബി.ജെ.പി പാടുപെടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കുന്നത് നല്ല ആശയമല്ലെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. പാർട്ടി ജയിച്ചാൽ ലിംഗായത്ത് പിന്തുണ അവഗണിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയാകാൻ ബൊമ്മൈയല്ലാതെ മറ്റൊരു പ്രമുഖ ലിംഗായത്ത് മുഖവും നിലവിൽ ബി.ജെ.പിക്കില്ല. പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതെ ചെറുപാർട്ടികളുടെ പിന്തുണ തേടേണ്ട സാഹചര്യമുണ്ടായാലും പ്രതിസന്ധി വലുതാകും.
മറുവശത്ത് അതീവ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുതൽ സിദ്ധാരാമയ്യ, ഡി.കെ ശിവകുമാറിലുടെ നീളുന്ന കോൺഗ്രസിന്റെ എണ്ണം പറഞ്ഞുള്ള നേതാക്കൾ കർണാടകയിൽ നിന്നുള്ളവരാണ്. രാഹുൽ ഗാന്ധിക്കെതിരേയുള്ള അയോഗ്യത നടപടികളെത്തുടർന്നുള്ള വീറും വാശിയും സംസ്ഥാനത്തെ പ്രചാരണത്തിലും കാണുന്നുണ്ട്. അതോടൊപ്പം കൂറുമാറിപ്പോയവരിൽ പലരും തിരിച്ചെത്താൻ തുടങ്ങിയതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഭരണം പിടിക്കേണ്ടതു കോൺഗ്രസിനും അഭിമാനപ്രശ്‌നമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകണമെങ്കിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ തങ്ങളുടെ ശേഷി കോൺഗ്രസിന് തെളിയിക്കണം. വിജയത്തോടെ പാർട്ടിയുടെ പ്രതിച്ഛായ ഉയരും.
ഒറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കിലും ജനവിധി നോക്കി സഖ്യം രൂപവത്കരിക്കാനാണ് ജനതദൾ സെക്യൂലർ നോക്കുന്നത്. 40 സീറ്റെങ്കിലുമാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ലക്ഷ്യം. വർഗീയതയുടെ ഉത്തരേന്ത്യൻ ശീലങ്ങളെ ബി.ജെ.പി ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിച്ചത് കർണാടകയിലൂടെയാണ്. സർക്കാർ നിലപാടുകളിലെ വർഗീയത മുതൽ മന്ത്രിമാരുടെ വിദ്വേഷ പ്രസംഗങ്ങൾ വരെയുള്ള കാര്യങ്ങളിൽ യു.പിക്ക് ഒട്ടും പിന്നിലല്ല ഇപ്പോൾ കർണാടകയുടെ സ്ഥാനം. ഈ സാഹചര്യത്തിൽ വർഗീയതയെ ദക്ഷിണേന്ത്യയിൽ നിന്ന് ഇല്ലായ്മ ചെയ്യുകയെന്ന അജൻഡ മതേതര ചേരിക്കുണ്ടാകണം. കേരളവുമായി സാംസ്‌കാരികമായി ഏറെ ചേർന്നുനിൽക്കുന്ന പ്രദേശങ്ങൾ കർണാടകയിലുണ്ട്. ഈ പ്രദേശങ്ങളിലെ വർഗീയതയുടെ വ്യാപനം കേരളത്തിന്റെ രാഷ്ട്രീയത്തെയും സ്വാധീനിക്കും. അഴിമതിയും വിഭാഗീയരാഷ്ട്രീയവും നിറഞ്ഞ ഇപ്പോഴത്തെ സർക്കാരിനെ തൂത്തെറിയാനുള്ള രാഷ്ട്രീയപക്വത കർണാടകയിലെ വോട്ടർമാർ കാട്ടുമെന്നുറപ്പുണ്ട്. രാഷ്ട്രീയ നേതൃത്വവും അതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."