HOME
DETAILS
MAL
അശാന്തി പടര്‍ത്തി കേന്ദ്രത്തിന്റെ കരിനിയമങ്ങള്‍ ദ്വീപില്‍ ഏകാധിപത്യം
backup
May 25 2021 | 04:05 AM
കൊച്ചി: അറബിക്കടലിലെ ശാന്തതീരമായ ലക്ഷദ്വീപിനെ കേന്ദ്രഭരണപ്രതിനിധികള്‍ ഉപജീവനം മുട്ടിച്ച് വരിഞ്ഞുമുറുക്കുന്നു. നീതികരിക്കാനാവാത്ത കരിനിയമങ്ങള്‍കൂടിയായതോടെ ദ്വീപിലെ ജീവിതം ദുസ്സഹമായി.
രാജ്യത്തെ ഏറ്റവും കുറ്റകൃത്യം കുറഞ്ഞ പ്രദേശം ഇപ്പോള്‍ അശാന്തി നിറഞ്ഞ പ്രദേശമായി മാറുകയാണ്. കഴിഞ്ഞ ഡിസംബറില്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രികൂടിയായ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിയ 'പരിഷ്‌കാരങ്ങളാണ്' ജനജീവിതം താറുമാറാക്കിയത്.
മുഖ്യ ഉപജീവനമാര്‍ഗമായ മത്സ്യബന്ധനവും കാലിവളര്‍ത്തലും അസാധ്യമാക്കുംവിധമുള്ള നിയന്ത്രണങ്ങള്‍ ദ്വീപില്‍ അടിച്ചേല്‍പ്പിച്ചു.ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയതോടെ കൊവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ചു. മെയ് 23നുപുറത്തുവന്ന ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചുമാസത്തിനിടെ ദ്വീപില്‍ 6611 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 14 പേര്‍ മരിച്ചു. ലോക്ക്ഡൗണില്‍ വലയുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയില്ല.
ഇതിനുപുറമേയാണ് ഉപജീവനം തടയുന്നതിനുള്ള നീക്കവും. ദ്വീപിലെ കാലിവളര്‍ത്തലും പാലുല്‍പ്പന്ന വിപണനവും തടഞ്ഞുകൊണ്ടുള്ള നിയന്ത്രണമാണ് ഇതില്‍ പ്രധാനം. അഡ്മിനിസ്‌ട്രേറ്ററുടെ നാട്ടില്‍നിന്നുള്ള പ്രമുഖ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപണിയായി ദ്വീപിനെ മാറ്റാനുള്ള നീക്കമാണ് ഇതിനുപിന്നില്‍.
മത്സ്യബന്ധനത്തിനും നിയന്ത്രണങ്ങള്‍ വരികയാണ്. ബോട്ടുകള്‍ സൂക്ഷിക്കുന്നതിനും കടലില്‍നിന്ന് ലഭിക്കുന്ന പ്രധാനമത്സ്യമായ 'മാസ്' സൂക്ഷിക്കുന്നതിനുമായി കടല്‍ത്തീരത്ത് മത്സ്യത്തൊഴിലാളികള്‍ നിര്‍മിക്കുന്ന ഷെഡുകള്‍ പൊളിച്ചു കളയുന്നതാണ് ഇതില്‍ പ്രധാനം.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക തസ്തികകളില്‍ ജോലി ചെയ്തിരുന്ന ദ്വീപ്നിവാസികളെ പിരിച്ചുവിടുന്നതും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി രൂപീകരിച്ച് സ്വകാര്യ ഭൂമി സര്‍ക്കാര്‍ ആവശ്യത്തിന് എന്ന പേരില്‍ ഏറ്റെടുക്കാനുള്ള നീക്കവും ജനങ്ങളെ ആശങ്കയിലാക്കുന്നു. ദ്വീപിന്റെ പാരിസ്ഥിതിക സന്തുലനം താളംതെറ്റിക്കുന്ന വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കളമൊരുങ്ങുന്നുണ്ട്.രാഷ്ട്രപതിയുടെ ഉത്തരവനുസരിച്ച് 1979 മുതല്‍ നിലനില്‍ക്കുന്ന മദ്യനിരോധന നിയമവും വിനോദസഞ്ചാരത്തിന്റെ പേരുപറഞ്ഞ് പിന്‍വലിക്കുകയാണ്. വിനോദസഞ്ചാര പ്രാധാന്യമുള്ള ദ്വീപുകളില്‍ മദ്യത്തിന് അനുമതി നല്‍കിയതാണ് ഇതിന്റെ ആദ്യപടി.ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നതിനുശേഷമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ആരംഭിച്ചത്. സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി. രണ്ടിലധികം മക്കളുള്ളവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ വേറെയും. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും പ്രതിഷേധ ബോര്‍ഡുകള്‍ എടുത്തുമാറ്റുകയും ചെയ്തു. ജനകീയ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന് രാജ്യത്ത് കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശത്ത് ഗുണ്ടാ നിയമവും നടപ്പാക്കുന്നു.
നിയന്ത്രണങ്ങള്‍ക്കെതിരേ വ്യാപക ജനരോഷമാണ് ഉയരുന്നത്. 36 ദ്വീപുകളില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ദ്വീപ് ജനതയുടെ സാംസ്‌കാരികത്തനിമ നശിപ്പിക്കുന്നതിനെതിരേ കേരളത്തിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."