സംസ്ഥാനത്ത് ഇന്നും മഴ കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ആന്ധ്രയിലെ റായലസീമക്കും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാലവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍മുതല്‍ 115.5 മില്ലി മീറ്റര്‍ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.
അടുത്ത 24 മണിക്കൂര്‍ വടക്കന്‍ കേരള തീരങ്ങളിലും തെക്കന്‍ കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം ലക്ഷദ്വീപ് തീരങ്ങളില്‍ തടസ്സമില്ല.
മേയ് 25 വരെ വടക്കന്‍ അന്തമാന്‍ കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും മധ്യ കിഴക്കന്‍ അറബിക്കടല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."