എനിക്ക് പറ്റില്ല അച്ഛാ, ഇവിടെ നിര്‍ത്തിയാല്‍ എന്നെ ഇനി കാണില്ല; കരഞ്ഞ് പറഞ്ഞ് വിസ്മയ; ശബ്ദരേഖ പുറത്ത്
കൊല്ലം: വിസ്മയ കേസില്‍ തിങ്കളാഴ്ച്ച വിധി പറയാനിരിക്കെ ഭര്‍ത്താവ് കിരണില്‍ നിന്നും നേരിട്ട ക്രൂരപീഡനങ്ങള്‍ പിതാവിനോട് പറയുന്ന ശബ്ദരേഖ പുറത്ത്. വിസ്മയയും അച്ഛന് ത്രിവിക്രമന്‍ നായരുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
'എനിക്ക് പറ്റില്ല അച്ഛാ, ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ കാണില്ല, എനിക്ക് അങ്ങോട്ട് വരണം, എനിക്ക് പേടിയാ, എന്നെ അടിക്കും ' എന്നെല്ലാം പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്.
വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വിസ്മയ അച്ഛന് അയച്ച ശബ്ദരേഖ കേസില്‍ തെളിവായി നല്‍കിയിരുന്നു. കേസില്‍ നാളെ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും.
കഴിഞ്ഞ ജൂണ്‍ 21നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണു കിരണിനെതിരെ ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താവ് വിസ്മയയെ ഉപദ്രവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."