ലോകയുദ്ധകാലത്തെ ചങ്ങാടയാത്ര
കുന്നത്തൂര്‍ രാധാകൃഷ്ണന്‍
നാലുമാസത്തിലേറെക്കാലം കടലിന്റെ ഏകാന്തതയില്‍ അകപ്പെടുകയും ഇച്ഛാശക്തിയും ധീരതയുംകൊണ്ട് ജീവിതം തിരിച്ചുപിടിക്കുകയും ചെയ്ത ഒരു നാവികന്റെ സാഹസികകഥയാണിത്. 1942. രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന കാലം. യുദ്ധത്തില്‍ പങ്കാളിയായ ബ്രിട്ടന് നാവികരുടെ ക്ഷാമം പ്രശ്‌നമാകുന്നു. ചൈനക്കാരെ നാവികരായി റിക്രൂട്ട് ചെയ്ത് പ്രശ്‌നം പരിഹരിക്കാനായി അധികൃതരുടെ ശ്രമം. അങ്ങനെ ബ്രിട്ടനിലേക്ക് ചൈനക്കാരുടെ പ്രവാഹമായി. അവരുടെ പ്രാഗത്ഭ്യമൊന്നും ബ്രിട്ടിഷ് അധികൃതര്‍ കണക്കിലെടുത്തില്ല. ആ ചൈനക്കാരില്‍ ഒരാളായിരുന്നു ഹായ്‌നാന്‍ ദ്വീപുകാരനായ പൂണ്‍ ലിം എന്ന ചെറുപ്പക്കാരന്‍. ബ്രിട്ടന്റെ എസ്.എസ് ബര്‍ലോമോണ്ട് എന്ന ചരക്കുകപ്പലില്‍ രണ്ടാം പരിചാരകനായിട്ടാണ് അയാള്‍ നിയമിതനായത്.
അങ്ങനെയിരിക്കെ, കേപ്ടൗണില്‍ നിന്ന് ബര്‍ലോമോണ്ട് അത്‌ലാന്റിക് സമുദ്രത്തിന് കുറുകെ യാത്രപോകുന്നു. പരമാറിസോ വഴി ന്യൂയോര്‍ക്കിലെത്തുകയാണ് കപ്പലിന്റെ ലക്ഷ്യം. യുദ്ധകാലം ഹിംസയ്‌ക്കൊപ്പം വഞ്ചനയും ചതിക്കുഴികളും നിറഞ്ഞതാണ്. കപ്പലില്‍ തോക്കേന്തിയ സുരക്ഷാഭടന്മാര്‍ കാവലുണ്ട്. പക്ഷെ, കോണ്‍വോയ് രീതിയില്‍ നിന്ന് മാറി തനിച്ചാണ് ബര്‍ലോമോണ്ടിന്റെ സഞ്ചാരം. അങ്ങനെ നവംബര്‍ 23 സമാഗതമാകുന്നു. ബ്രസീലിലെ ബെലമില്‍ നിന്ന് 750 മൈല്‍ കിഴക്കായിട്ടാണ് ഇപ്പോള്‍ കപ്പല്‍ സഞ്ചരിക്കുന്നത്. പെട്ടെന്ന് ചെകിടടപ്പിക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം. യു172 എന്ന ജര്‍മന്‍ മുങ്ങിക്കപ്പല്‍ ഉഗ്രശേഷിയുള്ള രണ്ട് ബോംബുകള്‍ (Torpedos) വഴി ബര്‍ലോമോണ്ടിനെ തകര്‍ത്തുകളയുന്നു. യുദ്ധത്തില്‍ ജര്‍മനിയുടെ ശത്രുവാണല്ലോ ബ്രിട്ടന്‍! സ്‌ഫോടനത്തിന്റെ ഫലമായി കപ്പല്‍ മുങ്ങാന്‍ തുടങ്ങി. രണ്ടുമിനുട്ടിനകം കപ്പല്‍ ആഴിയുടെ അഗാധതയിലേക്ക് എടുത്തെറിയപ്പെട്ടു. കപ്പലിന്റെ ബ്രോയ്‌ലറുകള്‍ പൊട്ടിത്തെറിക്കുന്നതിനു മുന്‍പ് ആറുപേര്‍ ലൈഫ് ജാക്കറ്റുകള്‍ വഴി വെള്ളത്തില്‍ ചാടി രക്ഷപ്പെട്ടു. 45 ജോലിക്കാരും എട്ട് പീരങ്കി ഭടന്മാരും ക്യാപ്റ്റന്‍ ജോണ്‍ മൗളുമടക്കം 54 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അതില്‍ പൂണ്‍ ലിം അടക്കം ആറുപേര്‍ ഇപ്പോള്‍ ലൈഫ് ജാക്കറ്റുകളിലാണ്. ക്യാപ്റ്റന്‍ അടക്കം ബാക്കിയുള്ളവര്‍ കപ്പലിനൊപ്പം കടലിന്റെ അഗാധതയിലേക്ക് ആണ്ടുപോയി.
വിട്ടുമാറാത്ത നടുക്കത്തോടെ രണ്ടുമണിക്കൂറോളം ലൈഫ് ജാക്കറ്റില്‍ കിടക്കുമ്പോള്‍ ലിമ്മിന്റെ മനസിലൂടെ പലതരം ചിന്തകള്‍ കടന്നുപോയി. മുമ്പില്‍ മനുഷ്യരെ വിഴുങ്ങാന്‍ പ്രാപ്തിയുള്ള വന്‍ മത്സ്യങ്ങളാണ്. മുകളില്‍ കത്തിജ്വലിക്കുന്ന സൂര്യന്‍. രക്ഷപ്പെടാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. ഈ നീലക്കടലില്‍ താന്‍ ശാശ്വതമായി ലയിച്ചുചേരാന്‍ പോകുന്നു. യുദ്ധം സൃഷ്ടിച്ച പരശതം രക്തസാക്ഷികളില്‍ ഒരാളായി അത്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക്.
അങ്ങനെ ചിന്തകള്‍ കാടുകയറിക്കൊണ്ടിരിക്കെ ഒരു കൊച്ചു ചങ്ങാടം ഒഴുകിവരുന്നത് കണ്ടു. പ്രത്യാശയുടെ കച്ചിത്തുരുമ്പ്. ലിം അതിനെ പിടിച്ചു നിര്‍ത്തി. ചങ്ങാടത്തില്‍ ബിസ്‌കറ്റുകള്‍ നിറച്ച നിരവധി ടിന്നുകള്‍, ജഗ്ഗില്‍ നിറച്ച 40 ലിറ്റര്‍ വെള്ളം, കുറെ ചോക്ലേറ്റുകള്‍ എന്നിവയുണ്ടായിരുന്നു. അടയാളവെളിച്ചങ്ങള്‍, ഒരു മിന്നല്‍വിളക്ക്, രണ്ട് സിഗരറ്റ് പെട്ടികള്‍ എന്നിവയും. ഇതെങ്ങനെ സംഭവിക്കുന്നു! ആ ചങ്ങാടത്തിലെ യാത്രക്കാര്‍ അപകടത്തില്‍ പെട്ടിരിക്കാം.
ആദ്യ ദിവസങ്ങളില്‍ ലിമ്മിന് ചങ്ങാടത്തിലെ ബിസ്‌കറ്റും വെള്ളവും വലിയ അനുഗ്രഹമായി. കുടിവെള്ളം തീര്‍ന്നപ്പോള്‍ ലൈഫ് ജാക്കറ്റ് മൂടിയ കാന്‍വാസ് കുമ്പിളാക്കി മഴവെള്ളം ശേഖരിച്ചു. അതിജീവനത്തിന്റെ നാളുകള്‍ തുടങ്ങുകയായി. അതിജീവനം. അതെത്ര നാള്‍?
ലിമ്മിന് നീന്തല്‍ അത്ര വശമില്ല. വെള്ളത്തില്‍ വീണാല്‍ മുങ്ങിപ്പോകാം. അത് തടയാന്‍ ചങ്ങാടത്തിന്റെ കയര്‍ കൈത്തണ്ടയുമായി ബന്ധിച്ചു. വെള്ളത്തില്‍ വീണാല്‍ ഇനി ലിമ്മിന് രക്ഷപ്പെടാം. ബിസ്‌കറ്റ് തീര്‍ന്നപ്പോള്‍ വിശപ്പിന്റെ താണ്ഡവമായി. മിന്നല്‍ വെളിച്ചത്തില്‍ വയര്‍കൊണ്ട് കൊളുത്തുണ്ടാക്കി ചെറുമീനുകളെ പിടിച്ച് ആഹാരമാക്കി. ചങ്ങാടത്തില്‍ നിന്ന് ആണി പറിച്ച് അത് കൊളുത്താക്കി വലിയ മത്സ്യങ്ങളെ പിടിച്ചു. അവയെ വെട്ടി ചെറുകഷണങ്ങളാക്കി ബിസ്‌കറ്റ് ടിന്നിന്റെ മുകളില്‍ വച്ച് ഉണക്കിയെടുത്ത് ഭക്ഷ്യയോഗ്യമാക്കി.
അങ്ങനെയിരിക്കെ ഒരു കൊടുങ്കാറ്റ് ലിമ്മിന്റെ മത്സ്യവും കുടിവെള്ളവും കടലിലെറിഞ്ഞു. അനന്തമായ കടല്‍ അയാളെ എവിടെയൊക്കെയോ കൊണ്ടുപോയി. ആ കൊടുങ്കാറ്റിനെ ലിം അദ്ഭുതകരമായി അതിജീവിച്ചു. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ ഒരുനാള്‍ സൂത്രത്തില്‍ ഒരു പക്ഷിയെ പിടിച്ച് അതിന്റെ രക്തം കുടിച്ച് മരണത്തെ അതിജീവിച്ചു.
വേറൊരിക്കല്‍ പക്ഷിയുടെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ചൂണ്ടയിട്ടു. വലിയൊരു സ്രാവ് അതില്‍ കുടുങ്ങി. ഏറെ ക്ലേശിച്ച് അതിനെ ചങ്ങാടത്തില്‍ വലിച്ചിട്ടു. അത് ലിമ്മിനെ ആക്രമിച്ചു. വെള്ളം നിറച്ച ജഗ്ഗ് ആയുധമാക്കി അതിനെ മുറിച്ച് കരളില്‍ നിന്ന് ചോര കുടിച്ച് ജീവന്‍ നിലനിര്‍ത്തി. അതിന്റെ ചിറകുകള്‍ വെട്ടി വെയിലില്‍ ഉണക്കാനിട്ടു. നാളുകള്‍ കടന്നുപോകുന്നത് ലിം അറിയുന്നില്ല. ആദ്യമൊക്കെ കയറില്‍ കെട്ടുണ്ടാക്കി, താന്‍ പിന്നിട്ട 'ചങ്ങാടനാളുകള്‍' അടയാളപ്പെടുത്താറുണ്ടായിരുന്നു ലിം. അതിന്റെ നിരര്‍ഥകത ബോധ്യപ്പെട്ടപ്പോള്‍ പൗര്‍ണമി നാളുകള്‍ കണക്കാക്കാന്‍ തുടങ്ങി.
ഇതിനിടയില്‍ നിരവധി കപ്പലുകള്‍ ലിമ്മിനെ കടന്നുപോയി. അവര്‍ അയാളെ കാണുകയുണ്ടായില്ല. ഒരു ചരക്കുകപ്പലിലെ ജോലിക്കാര്‍ അയാളെ കണ്ടെങ്കിലും കപ്പല്‍ രക്ഷയ്‌ക്കെത്തിയില്ല. ലിം ഇംഗ്ലീഷില്‍ ഒച്ചവച്ചെങ്കിലും ജോലിക്കാര്‍ ഒരു അഭിവാദ്യം പോലുമര്‍പ്പിച്ചില്ല. ഏഷ്യക്കാരനായതു കൊണ്ടാണ് അവര്‍ തന്നെ രക്ഷിക്കാതിരുന്നതെന്നാണ് ലിം പില്‍ക്കാലത്ത് പറഞ്ഞത്. താന്‍ ജപ്പാന്റെ നാവികനാണെന്ന് അവര്‍ കരുതിയിരിക്കാമെന്നും ലിം വിചാരിക്കുന്നു.
നാവിക പട്രോളിങ് നടത്തുകയായിരുന്ന യു.എസിന്റെ ഒരു സമുദ്രവിമാനത്തിലെ ജോലിക്കാരുടെ ശ്രദ്ധ ലിമ്മില്‍ പതിയുകയുണ്ടായി. അവര്‍ ഒരു പൊങ്ങുതടി വെള്ളത്തിലെറിഞ്ഞു കൊടുത്തു. അതില്‍ പിടിച്ച് ലിമ്മിന് രക്ഷപ്പെടാം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അപ്പോള്‍ കൊടുങ്കാറ്റ് ആഞ്ഞുവീശി. വിമാനം രക്ഷാദൗത്യമുപേക്ഷിച്ച് അകലേക്ക് പറന്നുപോയി.
ചങ്ങാടം അനന്തമായി പ്രയാണം തുടരുകയാണ്. ഇപ്പോള്‍ ലിം 'ചങ്ങാടയാത്ര' തുടങ്ങിയിട്ട് 132 ദിവസം പിന്നിട്ടിരിക്കുന്നു. കടലിന്റെ നിറം മാറിവരുന്നു. ലിം പ്രത്യാശയുടെ പരകോടിയിലായി. ചങ്ങാടം കരയോടടുക്കുകയാണ്. വെള്ളത്തിന്റെ നിറംമാറ്റം അതിന്റെ സൂചനയാണ്. കുറെ കഴിഞ്ഞപ്പോള്‍ കടലില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്നവരുടെ ശ്രദ്ധ ലിമ്മില്‍ പതിഞ്ഞു. അവര്‍ അയാളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ബ്രസീലിലെ ബെലം കടപ്പുറമായിരുന്നു അത്. ബ്രസീല്‍ ആശുപത്രിയില്‍ നാലാഴ്ച ചികില്‍സ.
133 ദിവസത്തെ ചങ്ങാടജീവിതം ലിമ്മിന്റെ തൂക്കം ഒമ്പതര കിലോഗ്രാം കുറച്ചു. ആശുപത്രി വിട്ട ലിമ്മിനെ ബ്രിട്ടിഷ് അധികൃതര്‍ അവരുടെ രാജ്യത്തെത്തിച്ചു. ലിമ്മിന്റെ കൂടെ രക്ഷപ്പെട്ട മറ്റു അഞ്ചുപേരെക്കുറിച്ച് വിവരമൊന്നുമില്ല. അവര്‍ മരിച്ചിരിക്കാം. ചങ്ങാടയാത്രയില്‍ തന്റെ റെക്കോഡ് ആര്‍ക്കും ഭേദിക്കാനാവില്ലെന്ന ഒറ്റ വാചകത്തിലൊതുങ്ങുന്നു ലിമ്മിന്റെ പ്രതികരണം.
ലിമ്മിന് ബ്രിട്ടനില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്. സര്‍ക്കാറിന്റേതടക്കം നിരവധി ബഹുമതികള്‍. യുദ്ധാനന്തരം ലിം അമേരിക്കയില്‍ കുടിയേറി. യു.എസ് പൗരത്വം സ്വീകരിച്ചുകൊണ്ട് അവിടെ സ്ഥിരതാമസമാക്കി. 1991 ജനുവരി നാലിനാണ് ആ ജീവിതം അവസാനിച്ചത്. എഴുപത്തിരണ്ടാമത്തെ വയസ്സില്‍ ബ്രൂക്ക്‌ലിനില്‍ വെച്ചായിരുന്നു അന്ത്യം. ലിമ്മിന്റെ സാഹസിക ജീവിതത്തെ വച്ച് ആല്‍ഫ്രഡ് ബെസ്റ്റര്‍ ഒരു നോവലെഴുതിയിട്ടുണ്ട്. 'The Stars My Destination' എന്നാണ് ആ കൃതിയുടെ പേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."