HOME
DETAILS
MAL
ചാപ്പിള്ള
backup
April 09 2023 | 08:04 AM
റാഷിദ അനസ്
കല്ലിച്ച മാറിടം നിര്‍ത്താതെ
കണ്ണീരൊഴുക്കി.
വേദന ചുണ്ടിലമര്ത്തിയവള്
നെഞ്ചത്താഞ്ഞമര്ത്തി.
പെറ്റനോവാറുംമുമ്പേ
ജീവനറ്റ പൈതലിനൊരു
ചുട്ടുപൊള്ളുന്ന ചുംബനം!
നെഞ്ചകം വാളിറക്കിയ പോലെ ശിഥിലം!
കുരുന്നിനെ വിരുന്നേറ്റാനൊരുങ്ങിയ
മാറിടം കാത്തിരുപ്പിന്റെ
അന്ത്യത കണ്ട് വിങ്ങിപ്പൊട്ടി.
പൊക്കിള്‍ച്ചുഴി പനിച്ചുവിറച്ചു!
മണ്ണിലേക്ക് വയ്ക്കുംമുന്നേവരെയവള്
കുഞ്ഞിനെ മാറോടടക്കി പിടിച്ചു;
അമ്മച്ചൂട്! ഉള്ളുനീറി ഉറവപൊട്ടി,
ഇമകളതിനു ചാലുതീര്ത്തു,
പുഴയൊഴുകി ഹൃദയം വരെ എത്തിനിന്നു
തണുത്ത കുഞ്ഞുമേനിയിലൊരു ചുടുനീര്
കുഞ്ഞിനെ സ്വീകരിക്കവെ
ഭൂമിയൊന്ന് പിടഞ്ഞു,
മണല്‍ത്തരികള്‍ക്ക് ഈര്‍പ്പം!
അവയും കരഞ്ഞു കാണുമോ?!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."