ഏകാധ്യാപക സ്‌കൂളുകള്‍ പൂട്ടി; അട്ടപ്പാടിയില്‍ 300 കുട്ടികളുടെ പഠനം മുടങ്ങി
അഗളി;
മുന്നൊരുക്കങ്ങളില്ലാതെ സംസ്ഥാനത്തെ ഏകാധ്യാപക സ്‌കൂളുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് അട്ടപ്പാടി മേഖലയില്‍ 300 ആദിവാസി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി. ഏകാധ്യാപക അധ്യാപകരെ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമിക്കാനും ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ പൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വനത്തിനുള്ളിലെ ഗോത്രവര്‍ഗ കോളനികളിലെ കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലായത്.
വാഹനങ്ങളെത്താത്ത മേഖലകളിലുള്ള കുട്ടികളുടെ തുടര്‍പഠനമാണ് മുടങ്ങുന്നത്. അട്ടപ്പാടി മേഖലയില്‍ മാത്രം 19 ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഇതില്‍ മിക്കതും ഉള്‍പ്രദേശങ്ങളിലുള്ളവയാണ്.
മൂലഗംഗല്‍, വെച്ചപ്പതി, വെള്ളകുളം, ഊരുകളിലെ ആദിവാസി കുട്ടികളും ശിരുവാണി മേഖലയിലുള്ള തോട്ടംതൊഴിലാളികളുടെ കുട്ടികളുമാണ് ഏകാധ്യാപക സ്‌കൂളുകളില്‍ പഠിച്ചിരുന്നത്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു സ്‌കൂളുകളില്ല. ഇവര്‍ ഹോസ്റ്റലില്‍നിന്ന് പഠിക്കാന്‍ താല്‍പര്യം കാണിക്കാത്ത പ്രശ്‌നവുമുണ്ട്. ഊരുകളിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഗോത്രസാരഥി പദ്ധതി നടപ്പാക്കാനും കഴിഞ്ഞിട്ടില്ല.
സമീപത്തുതന്നെ ഏകാധ്യാപക വിദ്യാലയമുള്ളതിനാല്‍ നേരത്തെ നാലാംക്ലാസ് വരെ കുട്ടികള്‍ പഠനത്തിനെത്തിയിരുന്നു. ഇതോടെ ഉപരിപഠനത്തിന് പോകാന്‍ തയാറാകുന്ന സ്ഥിതിയുമുണ്ടായിരുന്നു.
എന്നാല്‍, ഇനിമുതല്‍ കുട്ടികള്‍ക്ക് പ്രൈമറി പഠനം നടത്തണമെങ്കില്‍ കിലോമീറ്ററോളം കാടിറങ്ങണം.
ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മള്‍ട്ടിഗ്രേഡ് ലേണിങ് സെന്ററുകള്‍ക്കാണ് (എം.ജി.എല്‍.സി) പൂട്ടുവീണിരിക്കുന്നത്. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി (ഡി.പി.ഇ.പി) പ്രകാരം സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 1997ലാണ് മള്‍ട്ടിഗ്രേഡ് ലേണിങ് സെന്ററുകള്‍ സ്ഥാപിച്ചത്.
2012ല്‍ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്നതിനു ശേഷം എം.ജി.എല്‍.സികളെ പ്രൈമറി സ്‌കൂളുകളാക്കി മാറ്റുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇവരെ അവഗണിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."