മൂന്നു കൊവിഡ് രോഗികളുള്ള വീട്ടില്‍ കോവിഡോ ക്വാറന്റൈനോ ബാധകമല്ലെന്ന് പ്രഖ്യാപിച്ച് മൂര്‍ഖന്‍: ഹൈ റിസ്‌ക്കില്‍ പാമ്പിനെ പിടികൂടിയ കഥപറഞ്ഞ് എം.എല്‍.എ
തിരുവനന്തപുരം: മൂന്നു കൊവിഡ് രോഗികള്‍ മാത്രം കഴിയുന്ന വീട്ടില്‍ മൂര്‍ഖന്‍ പാമ്പ്. കോവിഡ് ബാധിതര്‍ മാത്രമുള്ള വീട്ടില്‍ പാമ്പു കയറിയാല്‍ എന്തുചെയ്യും, മൂന്നു പേര്‍ക്ക് കോവിഡുള്ളതോ ക്വാറന്റൈനോ ഒന്നും തനിക്കു ബാധകമല്ലെന്ന് പ്രഖ്യാപിച്ചായിരുന്നു മൂര്‍ഖന്‍ പാമ്പിന്റെ വിളയാട്ടം. ഒടുവില്‍ ബാത്ത് റൂമില്‍ നിന്ന് പാമ്പിനെ പിടികൂടിയ കഥ വിവരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്ത്.
എംഎല്‍എയുടെ കുറിപ്പ്
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോവിഡ് ഹെല്‍പ് ലൈനിലേക്ക് ഒരു കോള്‍ വന്നത്. ശാസ്തമംഗലം ആര്‍ആര്‍ടിയിലെ വോളന്റിയറും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ശ്രീക്കുട്ടനാണ് വിളിച്ചത്. പൈപ്പിന്‍മൂട്ടില്‍ ഒരു വീട്ടിലെ ബാത്ത് റൂമില്‍ മൂര്‍ഖന്‍ പാമ്പ്. പ്രശ്‌നമതല്ല, മൂന്ന് കോവിഡ് രോഗികള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് പാമ്പ് കയറിയിരിക്കുന്നത്. കോവിഡ് രോഗികള്‍ ഉപയോഗിക്കുന്ന ബാത്‌റൂമുകള്‍ രോഗപ്പകര്‍ച്ചാ സാധ്യത കൂടിയ ഇടമാണ്. പുറത്തുനിന്ന് ആര്‍ക്കും വീട്ടില്‍ കയറാന്‍തന്നെ പറ്റില്ലെന്നിരിക്കെയാണ് ബാത്‌റൂമില്‍ കയറി പാമ്പിനെ പിടിക്കുന്നത്. ശ്രീക്കുട്ടന്‍ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായമഭ്യര്‍ഥിച്ചത് ഈ സാഹചര്യത്തിലാണ്.
വിവിധയിനം പാമ്പുകളുടെ പ്രത്യേകതകളും വ്യത്യാസങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിഷ ചികില്‍സയെപ്പറ്റിയുമൊക്കെ ശാസ്ത്രീയമായി വിശദീകരിക്കുന്ന മൊബൈല്‍ ആപ്പ് സഹായത്തിനെത്തിയത് അപ്പോഴാണ്. എല്ലാ ജില്ലകളിലേയും, വനംവകുപ്പ് പരിശീലനം നല്‍കി ലൈസന്‍സ് കൊടുത്തിട്ടുള്ള പാമ്പുരക്ഷകരുടെ പേരും ഫോണ്‍ നമ്പറും അതിലുണ്ട്. പാമ്പുകളെ കണ്ടാലുടന്‍ തല്ലിക്കൊല്ലുന്ന രീതി മിക്കയിടത്തും നിലവിലുള്ളതിനാല്‍ അവിടെ പാഞ്ഞെത്തി പാമ്പിനേയും പാമ്പുകടിയില്‍ നിന്ന് മനുഷ്യരേയും രക്ഷിക്കുന്നതിനാലാണ് ഇവരെ പാമ്പുരക്ഷകര്‍ എന്നു വിളിക്കുന്നത്.
ബാവന്‍ എന്ന രക്ഷകനെയാണ് ആദ്യം ഫോണില്‍ കിട്ടിയത്. അദ്ദേഹം വെമ്പായത്തു നില്‍ക്കുകയാണെന്നും ഉടനെത്താമെന്നും അറിയിച്ചു. അപ്പോഴേക്കും അടുത്ത കോളെത്തി. പാമ്പു കയറിയ വീട്ടിലെ ഒരു രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. രോഗി അല്‍പം പ്രശ്‌നത്തിലാണ്.
വെമ്പായത്തു നിന്ന് ബാവനും കോവിഡ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഡോ.യാസീന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടെക്‌നീഷ്യന്‍ അഖില്‍ ഭുവനേന്ദ്രനും വോളന്റിയര്‍ അരുണ്‍ പണ്ടാരിയും ഒരേസമയം പാമ്പുകയറിയ വീട്ടിലെത്തി. മെഡിക്കല്‍ സംഘം കയ്യില്‍ കരുതിയ പി.പി.ഇ കിറ്റ് ധരിപ്പിച്ചാണ് ബാവനെ പാമ്പിനെ പിടികൂടാനായി അകത്തേക്കു വിട്ടത്. യാസീനും അഖിലും ചേര്‍ന്ന് രോഗിയെ പരിശോധിച്ച് മരുന്നു നല്‍കി.
മൂന്നുമാസം പ്രായമുള്ള മൂര്‍ഖന്‍ കുഞ്ഞായിരുന്നു, കോവിഡും ക്വാറന്റൈനും ഒന്നും തനിക്കു ബാധകമല്ലെന്ന് പ്രഖ്യാപിച്ച് ബാത്ത് റൂമില്‍ കയറിയത്. ബാവനാകട്ടെ പി.പി.ഇ. കിറ്റൊക്കെയിട്ടുള്ള ഒരു രക്ഷാപ്രവര്‍ത്തനം ഇതാദ്യവുമായിരുന്നു. പിടികൂടിയ മൂര്‍ഖന്‍ കുഞ്ഞിനെ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
പിടികൂടിയ പാമ്പുമായി ബാവന്‍ പോകുമ്പോള്‍ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ നിന്നാരോ പറയുന്നുണ്ടായിരുന്നു, കോവിഡ് രോഗികളുടെ വീട്ടില്‍ പിപിഇ കിറ്റില്ലാതെ കയറിയതല്ലേ പാമ്പിന്‍ കുഞ്ഞിനും ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്തു നോക്കുന്നത് നന്നായിരിക്കുമെന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."