സ്വപ്ന സുരേഷിന്റേത് നട്ടാല്‍ പൊടിക്കാത്ത നുണകള്‍; സമൂഹം പുച്ഛിച്ചു തള്ളുമെന്ന് സി.പി.എം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ നട്ടാല്‍ പൊടിക്കാത്ത നുണകളാണെന്നും കേരളീയ സമൂഹം ഇതിനെ പുച്ഛിച്ചു തള്ളുമെന്നും സിപിഎം സെക്രട്ടറിയേറ്റ്. ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ഇപ്പോള്‍ ചിലര്‍ കരുതുന്നത്.
ഇത്തരത്തില്‍ നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും. സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് ശരിയായ രീതിയില്‍ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തന്നെ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളില്‍ ചുമതലപ്പെട്ട ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. സ്വര്‍ണ്ണം അയച്ചതാര്, അത് ആരിലേക്കെല്ലാം എത്തിച്ചേര്‍ന്നു എന്നതാണ് അന്വേഷണത്തില്‍ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ടവ.
അത്തരം അന്വേഷണം ചില ബി.ജെ.പി നേതാക്കളിലേക്ക് എത്തിച്ചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകള്‍ രൂപപ്പെടുത്തി മാധ്യമങ്ങളില്‍ അത് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് തന്റെമേല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന കാര്യം ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. ഇത് കാണിക്കുന്നത് കേസിനെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടായി എന്നതാണ്. കേസിലെ മറ്റ് പ്രതികളും ഇതിന് സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്.
തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന കാര്യം താന്‍ തന്നെയാണ് പറഞ്ഞത് എന്നും സ്വപ്ന സുരേഷ് തന്നെ വ്യക്തമാക്കിയിരുന്നു. വീണ്ടും അതുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ മൊഴികള്‍ നല്‍കിയ കാര്യവും മാധ്യമങ്ങള്‍ വഴി പുറത്ത് വന്നിരുന്നു. അന്വേഷണം നടത്തിയ ഏജന്‍സികളായ എന്‍ഐഎ കേസ് അവസാനിപ്പിക്കുകയും കസ്റ്റംസ് ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രം നല്‍കിയതുമാണ്. രാജ്യവ്യാപകമായി രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം പുതിയ തിരക്കഥകള്‍ രൂപപ്പെടുന്നത് എന്നതും അങ്ങേയറ്റം സംശയാസ്പദമാണ്.
നിയമപരമായ താല്‍പര്യങ്ങളുടെ ഭാഗമായിട്ടാണ് മൊഴി നല്‍കിയതെങ്കില്‍ മൊഴി നല്‍കിയ ആള്‍ ഒരിക്കലും ആ കാര്യങ്ങള്‍ പുറത്ത് പറയാറില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ പോലും അപകീര്‍ത്തികരമായ പ്രസ്താവനകളാണ് ഇപ്പോള്‍ സ്വര്‍ണ്ണകള്ളകടത്ത് കേസിലെ പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വളരെ വ്യക്തമാണ്. ഉപതെരഞ്ഞെടുപ്പുകളും, തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പും വ്യക്തമാക്കിയത് ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം സര്‍ക്കാരില്‍ ഉണ്ടാകുന്നുവെന്നതാണ്. ഈ ഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."