'കോവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നത് കോവിഷീല്‍ഡ്'- പഠനം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനില്‍ കോവാക്സിനേക്കാള്‍ കൂടുതല്‍ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീല്‍ഡ് വാക്സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിന്-ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങള്‍. കോവി ഷീല്‍ഡ് വാക്സിനും കോവാക്സിനും സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ വെവ്വേറെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.
വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവരും മുമ്പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. കോവാക്സിനും കോവിഷീല്‍ഡും രണ്ട് ഡോസ് എടുത്തവരില്‍ നല്ല ഫലമാണ് ലഭിക്കുന്നതെന്ന് പഠനം പറയുന്നു. എന്നാല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു.
325 പുരുഷന്മാരിലും 227 സ്ത്രീകളിലുമായിരുന്നു പഠനം. കൊറോണ വൈറസ് ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈറ്റര്‍(കോവാറ്റ്) പരിശോധനയാണ് ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയത്.
പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിരുതെന്നും വ്യക്തമാക്കുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കൊവാക്സിന്. ഭാരത് ബയോടെകാണ് നിര്‍മാതാക്കള്‍. ആസ്ട്രസെനിക്കയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ ഈ രണ്ടു വാക്സിനുകള്‍ക്ക് പുറമേ, റഷ്യയുടെ സ്പുട്നിക് വാക്സിനും വിതരണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."