കടിച്ചുവലിച്ചിട്ടും കിട്ടുന്നില്ലേ.. ചപ്പാത്തി മൃദുവാകാന്‍ പരീക്ഷിച്ചു നോക്കൂ ഈ ഏഴ് കാര്യങ്ങള്‍
ചപ്പാത്തി മൃദുവാകാന്‍ പരീക്ഷിച്ചു നോക്കൂ ഈ ഏഴ് കാര്യങ്ങള്‍
ഇന്ന് എല്ലാ വീടുകളിലും ഒഴിവാക്കാന്‍ പറ്റാത്ത വിഭവമായി ചപ്പാത്തി മാറിയിരിക്കുകയാണ്. പ്രമേഹരോഗികളടക്കം ഭക്ഷണത്തില്‍ ചപ്പാത്തി പ്രധാനഭക്ഷണമായി ചപ്പാത്തിയെയാണ് ഉള്‍പ്പെടുത്തുന്നത്. കാര്‍ബോഹൈഡ്രേറ്റ് തീരെ കുറഞ്ഞ പ്രോട്ടീന്‍ അടങ്ങിയ ആരോഗ്യപ്രദമായ ആഹാരമാണിത്. എന്നാല്‍ ചപ്പാത്തി കുഴച്ചുണ്ടാക്കുക എന്നത് മിക്കവര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇങ്ങനെ കഷ്ടപ്പെട്ട് കുഴച്ചുണ്ടാക്കിയിട്ടും മൃദുവായ ചപ്പാത്തി ഉണ്ടാക്കിയെടുക്കുക എന്നത് പലരേയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ്.
നല്ല സോഫ്റ്റായ രുചിയേറിയ ചപ്പാത്തിയുണ്ടാക്കുന്നതിന് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം..
- മാവിന്റെയും വെള്ളത്തിന്റെയും അനുപാതം
ചപ്പാത്തി ഉണ്ടാക്കുന്നതിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടമാണ് മാവ് തയ്യാറാക്കുന്നത്. വെള്ളവും ഗോതമ്പുപൊടിയും ഉപ്പുമാണ് മാവ് ഉണ്ടാക്കാന്‍ ആവശ്യമായുള്ളത്. മാവു കുഴക്കുമ്പോള്‍ പൊടിയില്‍ അല്‍പാല്‍പ്പമായാണ് വെള്ളം ചേര്‍ക്കേണ്ടത്. ഒരുമിച്ച് വെള്ളം ഒഴിക്കുന്നത് മാവ് കട്ടിയാക്കും.
- അമിതമായി കുഴക്കേണ്ട
മാവ് ആവശ്യത്തിന് നേരം മാത്രം കുഴച്ചാല്‍ മതി. അധികനേരം കുഴക്കുന്നത് മാവ് സോഫ്റ്റാവുകയല്ല, അധികം കട്ടിയാക്കുകയാണ് ചെയ്യുന്നത്.
- റെസ്റ്റ് ചെയ്യാന്‍ വെക്കുക
വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. തിരക്കുപിടിച്ച് മാവുകുഴച്ചപാടേ പരത്തി ചുട്ടെടുക്കരുത്. കുഴച്ച മാവ് മിനിമം 15-20 മിനിറ്റെങ്കിലും റെസ്റ്റ് ചെയ്യാന്‍ വെക്കുക. ഇത് മാവിനെ മൃദുവാക്കും.
- വളരെ നേര്‍ത്ത ചപ്പാത്തി
ചപ്പാത്തിയ്ക്ക് കുറച്ച് കനം ഇരുന്നോട്ടെ, വളരെ നേര്‍മയില്‍ മാവ് പരത്താതിരുക്കുന്നാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ചപ്പാത്തി പെട്ടന്ന് ചൂടാവുകയും വരണ്ടതാവുകയും ചെയ്യുന്നു. മറ്റൊരു കാര്യം, ചപ്പാത്തിമാവ് പരത്താനായി ഉരുട്ടുമ്പോള്‍ അധികം സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
- തവയില്‍ ശരിയായ താപനില
ചപ്പാത്തി മൃദുവാകുന്നതിലും ഹാര്‍ഡാവുന്നതിലും തവയുടെ താപനില ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ശരിയായ താപനിലയിലായിരിക്കണം ഏപ്പോഴും പാകം ചെയ്യേണ്ടത്. തവ അധികം ചൂടായിരിക്കുമ്പോള്‍ അത് ചപ്പാത്തി കരിയാനും വരണ്ടതായിരിക്കാനും കാരണമാകുന്നു. എന്നാല്‍ വളരെ കുറഞ്ഞ താപനിലയിലും മൃദുവായ ചപ്പാത്തി സാധ്യമാകില്ല. തവ ഏപ്പോഴും ഇടത്തരം ചൂടിലായിരിക്കണം. അതിനായി തീ അതിനനുസരിച്ച് ക്രമീകരിക്കണം.
- യഥാസമയം മറിച്ചിടുക
ചപ്പാത്തിയുടെ ഒരു വശം മാത്രം അധികനേരം വേവിക്കരുത്. രണ്ടുഭാഗവും ഒരുപോലെ വെന്തുകിട്ടണം. അതിന് ഇടക്കിടയ്ക്ക് തിരിച്ചുംമറിച്ചും ഇട്ടുകൊണ്ടിരിക്കണം. യഥാസമയം മറിച്ചില്ലെങ്കില്‍ ചപ്പാത്തി കരിയുകയും കട്ടിയായി ഇരിക്കുകയും ചെയ്യും.
- ചപ്പാത്തി അടച്ചുസൂക്ഷിക്കുക.
ചപ്പാത്തി ചുട്ടെടുത്ത ശേഷം അടച്ചുവെക്കുന്നതാണ് നല്ലത്. തുറസ്സായ സ്ഥലത്ത് സൂക്ഷിക്കുന്നത് ചപ്പാത്തി വരണ്ടതാക്കും.
ചപ്പാത്തി മൃദുവാകാന്‍ പരീക്ഷിച്ചു നോക്കൂ ഈ ഏഴ് കാര്യങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."