ഗ്രൂപ്പ് മേധാവിത്വത്തിന് അന്ത്യം
പൊന്‍മരമാണെങ്കിലും പുരയ്ക്ക് മീതെ വളര്‍ന്നാല്‍ വെട്ടിക്കളയണമെന്ന പഴമൊഴി പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ നിയോഗിച്ചതിലൂടെ അന്വര്‍ഥമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പാര്‍ട്ടിക്ക് മേലേ ഗ്രൂപ്പുകള്‍ വളര്‍ന്നാല്‍ വെട്ടിക്കളയുകയല്ലാതെ വേറെ വഴിയില്ല. അല്ലെങ്കില്‍ പുര നശിക്കുന്നതുപോലെ പാര്‍ട്ടിയും തകരും. പലവട്ടം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം കൈയില്‍നിന്ന് വഴുതിപ്പോയ ദുരനുഭവവും കൂടിയുള്ള നേതാവാണ് കെ. സുധാകരന്‍. യുവാക്കളെ ചലിപ്പിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ നേതാവെന്ന വിശേഷണവും കെ. സുധാകരന്റെ സ്ഥാനാരോഹണത്തിനു മുതല്‍ക്കൂട്ടായി. അണികള്‍ എന്ത് ആഗ്രഹിച്ചുവോ അതിനൊപ്പം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും നിലയുറപ്പിച്ചു എന്നതും അദ്ദേഹത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായി.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ചതോടെ ഗ്രൂപ്പുകള്‍ക്ക് ഇനി വഴങ്ങുകയില്ലെന്ന സൂചന ഹൈക്കമാന്‍ഡ് നല്‍കിയതാണ്. അത്തരമൊരു മുറിപ്പാടുമായി കഴിയുന്ന രണ്ട് പ്രബല ഗ്രൂപ്പുകളും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരണമെന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ മുന്‍പില്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും വച്ചിരുന്നില്ല. നേരത്തെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും യോജിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരട്ടെ എന്ന് ഹൈക്കമാന്‍ഡിന് മുന്‍പില്‍വച്ച നിര്‍ദേശം നിഷ്‌കരുണം തള്ളിയ പൊള്ളുന്ന അനുഭവം മുന്‍പിലുള്ളപ്പോള്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയുമൊരു പേര് നിര്‍ദേശിച്ചു മാനംകളയേണ്ടെന്ന് ഇരുഗ്രൂപ്പ് നേതാക്കളും തീരുമാനിച്ചുകാണും. പ്രതിപക്ഷ നേതാവ് സ്ഥാനവും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും പങ്കിട്ടെടുത്ത് പഴയ ഗ്രൂപ്പ് സമവാക്യങ്ങളുമായി ഇനിയും മുന്‍പോട്ട് പോകാമെന്ന ഇരുഗ്രൂപ്പ് നേതാക്കളുടെയും മോഹങ്ങള്‍ അരിഞ്ഞു വീഴ്ത്തിയാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടനാ കാര്യത്തില്‍ ഹൈക്കമാന്‍ഡ് കര്‍ശന നിലപാടെടുത്തിരിക്കുന്നത്. പ്രതീക്ഷിക്കുന്നതുപോലെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് കെ.വി തോമസ് നിയമിക്കപ്പെടുകയാണെങ്കില്‍ ഗ്രൂപ്പുകളുടെ പിടിയില്‍ നിന്നു മോചിതമാകുന്ന പുതിയൊരു കോണ്‍ഗ്രസ് കമ്മിറ്റിയായിരിക്കും നിലവില്‍ വരിക. ഇതുകൊണ്ട് പാര്‍ട്ടിയിലെ ഗ്രൂപ്പ് മേധാവിത്വം അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കാം. ഗ്രൂപ്പുകളെ അടിപടലം പിഴുതെറിയാന്‍ കഴിയണമെന്നില്ല.
പണ്ടും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുണ്ടായിരുന്നു. അതൊരിക്കലും വ്യക്തിതാല്‍പര്യങ്ങളുടേയോ സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുന്നതിന്റേയോ അടിസ്ഥാനത്തിലായിരുന്നില്ല. ഗ്രൂപ്പുകള്‍ക്ക് മേലേ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് തന്നെയായിരുന്നു അവര്‍ പ്രാമുഖ്യം കൊടുത്തിരുന്നത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ വളരുന്നതാണ് പിന്നീട് കണ്ടത്. ഗ്രൂപ്പ് നേതാക്കളുടെ വ്യക്തിതാല്‍പര്യവും ദൗര്‍ബല്യവും മനസിലാക്കി സമയാസമയം അത് നിര്‍വഹിച്ചു കൊടുക്കാന്‍ മിടുക്ക് കാണിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനത്തെത്തുകയും അവര്‍ എം.എല്‍.എ, എം.പി പദവിയിലെത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇതു മനസിലാക്കിയ യുവനേതൃത്വം പോലും ഗ്രൂപ്പുകളുടെ ഭാഗമാകുകയായിരുന്നു. അതിനാല്‍ തന്നെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും നിര്‍ജീവമാകുകയും ചെയ്തു.
പാര്‍ട്ടിക്കും മേലേ ഗ്രൂപ്പുകള്‍ തഴച്ചുവളര്‍ന്നതാണ്, സാധ്യത ഉണ്ടായിട്ടുപോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.ഡി.എഫും ദയനീയമാംവിധം പരാജയപ്പെടാന്‍ കാരണമായത്. പാര്‍ട്ടിക്കുമുകളില്‍ ഭീമാകാരംപൂണ്ട് നില്‍ക്കുന്ന ഗ്രൂപ്പുകളെയാണിപ്പോള്‍ ഹൈക്കമാന്‍ഡ് വെട്ടിക്കളഞ്ഞിരിക്കുന്നത്.
ഗ്രൂപ്പിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇരുഗ്രൂപ്പുകളുടേയും കരപരിലാളനകള്‍ ഏല്‍ക്കാതെ വളര്‍ന്ന നേതാവാണ് പുതിയ കെ.പി.സി.സി അധ്യക്ഷനായ കെ.സുധാകരന്‍. മുല്ലപ്പള്ളി രാമചന്ദ്രനു ശേഷം കെ.പി.സി.സി പ്രസിഡന്റാകുന്ന സുധാകരന് മുന്‍പിലുള്ള വെല്ലുവിളികള്‍ ഏറെയാണ്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മറികടന്നായിരുന്നു വി.എം സുധീരനും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് അവരോധിതനായിരുന്നത്. എന്നാല്‍, വി.എം സുധീരനെ പൊതുശത്രുവായിക്കണ്ട് ഇരുഗ്രൂപ്പുകളും ഐക്യപ്പെടുകയായിരുന്നു. അദ്ദേഹത്തെ പുകച്ച് പുറത്തുചാടിച്ചതില്‍ നിന്നു കെ. സുധാകരന്‍ പാഠം പഠിക്കുമെന്നതിന് സംശയമില്ല. പ്രത്യക്ഷ രാഷ്ട്രീയ പ്രതിയോഗിയായ പിണറായി വിജയനെ നേര്‍ക്കുനിന്ന് എതിരിടാന്‍ കെ. സുധാകരന് കഴിഞ്ഞേക്കും. ഗ്രൂപ്പ് സമവാക്യങ്ങള്‍ ഛിന്നഭിന്നമാകുന്നതോടെ അപ്രസക്തരായിത്തീരുന്നവരുടെ കുതികാല്‍വെട്ടില്‍ നിന്നു മെയ് വഴക്കത്തോടെ രക്ഷപ്പെടുക എന്നത് തന്നെയായിരിക്കും വലിയ വെല്ലുവിളി.
മറ്റൊന്ന് പ്രാദേശിക തലത്തില്‍ നിര്‍ജീവമായ പാര്‍ട്ടി സംവിധാനത്തെ പുനഃസംഘടിപ്പിക്കുക എന്നതാണ്. പാര്‍ട്ടിയോട് മാത്രം കൂറുള്ളവരെ തെരഞ്ഞെടുപ്പിലൂടെ വാര്‍ഡ്, മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ കൊണ്ട് വരികയെന്നതും പാര്‍ട്ടി സംവിധാനം അടിത്തട്ട് മുതല്‍ ചലിപ്പിക്കുക എന്നതും പുതിയ പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം ഭാരിച്ച ചുമതലയാണ്.
തലമുറ മാറ്റമെന്ന് കോണ്‍ഗ്രസില്‍ പറഞ്ഞു കേള്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല കെ.സുധാകരനെ, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് വരെ എത്തിച്ചത്. നടത്താന്‍ കഴിയുന്നത് പറയുക. പറയുന്നത് നടപ്പിലാക്കുക. അണികള്‍ക്കൊപ്പമെന്നുമുണ്ടാകുമെന്ന വിശ്വാസം അവരില്‍ ഉറപ്പിക്കാന്‍ കഴിയുക. ഈ പ്രത്യേകതകളായിരിക്കാം കോണ്‍ഗ്രസിലെ യുവനിരക്ക് പോലും അദ്ദേഹത്തെ സ്വീകാര്യനാക്കിയത്. തലമുറ മാറ്റമെന്ന നയം മാറ്റിവച്ചു 73കാരനായ കെ.സുധാകരന് വേണ്ടി അവര്‍ വാദിച്ചതും ഇതിനാലാണ്.
കട്ടയ്ക്ക് നില്‍ക്കുക എന്ന പ്രയോഗം കണ്ണൂരില്‍ സി.പി.എമ്മിനോട് അക്ഷരാര്‍ഥത്തില്‍ പ്രയോഗിച്ച് തലയെടുപ്പോടെ നിന്നതാണ്, ഗ്രൂപ്പുകള്‍ക്ക് അതീതമായ അംഗീകാരം നേടിയെടുക്കാന്‍ കെ. സുധാകരനെ പ്രാപ്തനാക്കിയത്. എന്നാല്‍ ആ ശൈലി കെ.പി.സി.സി ആസ്ഥാനത്ത് അനുയോജ്യമാകണമെന്നില്ല. കെ.പി.സി.സി പ്രസിഡന്റിനോട് ചേര്‍ന്നുപോകുന്നതുമല്ല അത്തരമൊരു ശൈലി. ഒറ്റവെട്ടിന് രണ്ട് തുണ്ടമെന്ന നിലപാട് പ്രാദേശിക, ജില്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മേല്‍ക്കൈ നേടാന്‍ ഉപകരിച്ചേക്കാം. ഒരു പ്രമുഖ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും അത്തരമൊരു ശൈലി തുടരാനാവില്ല. ആശയവിനിമയത്തിലൂടെ, സഹകരണ മനോഭാവത്തോടെ, എല്ലാവരേയും തുല്യരായി കണ്ട് പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുക എന്ന ഭാരിച്ച ദൗത്യമാണ് കെ.സുധാകരനു മുന്‍പിലുള്ളത്. അതുവഴി കോണ്‍ഗ്രസിനെ മതേതര, ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ ശക്തിപ്പെടുത്തി വീണ്ടും അധികാരത്തില്‍ കൊണ്ടുവരിക എന്ന കനത്ത ഉത്തരവാദിത്വവും കൂടി അദ്ദേഹത്തിനുണ്ട്. എല്ലാവരേയും വിശ്വാസത്തിലെടുത്ത് കോണ്‍ഗ്രസിനെ അതിന്റെ പ്രതാപകാലത്തേക്ക് തിരികെ കൊണ്ടുവരാന്‍ കെ. സുധാകരന് കഴിയേണ്ടതുണ്ട്. രാജ്യം ഇതേപോലെ മതേതര, ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നേ പറ്റൂ. ആ ഇഛാശക്തിയായിരിക്കണം കെ. സുധാകരനെ മുന്നോട്ട് നയിക്കേണ്ടത്. അത്തരമൊരു കഠിന യജ്ഞം വിജയകരമായി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."