ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴും റോഡ് നിയമങ്ങള്‍ പാലിക്കണം
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴും ജനങ്ങള്‍ റോഡ് നിയമങ്ങള്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിശ്ചിത വേഗതയില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇവ ഓടിക്കാന്‍ ലൈസന്‍സും വേണം.
250 വാട്ടില്‍ കുറവ് പവര്‍ ഉപയോഗിക്കുന്ന (പരമാവധി 30മിനുട്ട് ഓടിക്കാന്‍ സാധിക്കുന്ന), 25 കിലോമീറ്ററില്‍ താഴെ വേഗതയുള്ള, ബാറ്ററി ഉള്‍പ്പെടാതെ 60 കിലോയില്‍ താഴെ ഭാരമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് രജിസ്‌ട്രേഷനും ഡ്രൈവര്‍ക്ക് ലൈസന്‍സും ആവശ്യമില്ലാത്തത്. എന്നാല്‍, അനുവദിച്ചതിലും കൂടുതലാണ് വാഹനത്തിന്റെ വേഗത, ഭാരം, പവര്‍ തുടങ്ങിയവയെങ്കില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ വേണ്ടെന്ന തെറ്റിദ്ധാരണ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്കുണ്ട്. എന്നാല്‍, നിരത്തിലിറങ്ങുന്ന ഭൂരിഭാഗം ഇ സ്‌കൂട്ടറുകളും രജിസ്‌ട്രേഷന്‍ ആവശ്യമായവയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. അതേസമയം, രജിസ്‌ട്രേഷന്‍ വേണ്ടാത്ത സ്‌കൂട്ടറുകള്‍ക്ക് ഏതെങ്കിലും അംഗീകൃത ഏജന്‍സിയില്‍ പരിശോധിച്ച് അംഗീകാരം നേടിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇ സ്‌കൂട്ടറുകള്‍ വാങ്ങുമ്പോള്‍ തന്നെ വേഗത, ഭാരം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കണം. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഇത്തരം സ്‌കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ പാലിക്കണമെന്നും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."