കോപാ അമേരിക്കയ്ക്ക് ഇന്നു തുടക്കം നിറയട്ടെ... കോപാ
റിയോ ഡീ ജനീറോ: യൂറോപ്പില്‍ യൂറോ കളം നിറയ്ക്കുമ്പോള്‍ ലാറ്റിനമേരിക്കയില്‍ ഇനി കോപാ കാലമാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്റായ കോപാ അമേരിക്കയ്ക്ക് തിരശ്ശീല ഉയരും. കൊവിഡ് വ്യാപനത്തിനിടെ ആശ്വാസമായി യൂറോ തുടങ്ങിയ ആവേശത്തിലിരിക്കുന്ന ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മുന്‍പില്‍ കോപാ കൂടി വിരുന്നെത്തുന്നതോടെ അവര്‍ക്കിനി ഉറക്കമില്ലാത്ത രാപ്പകലുകള്‍. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വേദിയായ ബ്രസീലില്‍ ഇനി മെസ്സിയും നെയ്മറും സുവാരസുമെല്ലാം ഫുട്‌ബോള്‍ മാജിക്കുകള്‍ തീര്‍ക്കും. ആ മാജിക്കിന്റെ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ലോകം. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് ബ്രസീലും വെനസ്വേലയും തമ്മിലാണ് ഉദ്ഘാടന മത്സരം. തുടര്‍ന്ന് 5.30ന് കൊളംബിയയും ഇക്വഡോറും തമ്മില്‍ കൊമ്പുകോര്‍ക്കും.
കഴിഞ്ഞ തവണ ഉയര്‍ത്തിയ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ബ്രസീല്‍. എന്നാല്‍ 1993ന് ശേഷം കോപയെ ചുംബിക്കാന്‍ അവസരം കാത്തുകഴിയുന്ന അര്‍ജന്റീനയ്ക്കും നായകന്‍ മെസ്സിക്കും ഇത് അഭിമാനപ്പോരാട്ടമാണ്. കാരണം, ഒരു പക്ഷേ അടുത്ത ടൂര്‍ണമെന്റില്‍ മെസ്സി ഉണ്ടാവണമെന്നില്ല. ഉറുഗ്വേയും അത്ര മോശക്കാരല്ല. ലോക ക്ലബ് ഫുട്‌ബോളിലെ മികച്ച രണ്ട് സ്‌ട്രൈക്കര്‍മാരും ഒരു പിടി നല്ല താരങ്ങളുമുണ്ട് ടീമില്‍.
കാണികളില്ലാതെ...
ബ്രസീലില്‍ കൊവിഡ് വ്യാപനവും ഇതുവഴി മരണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്താണ് ഇത്തവണത്തെ കോപാ അമേരിക്ക നടക്കുക. രാജ്യത്ത് ഇതുവരെ 1.74 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4.84 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,149 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
അഞ്ചു വേദികള്‍
ലോക പ്രശസ്തമായ മാറക്കാന സ്റ്റേഡിയം, ബ്രസീലിയയിലെ മാനെ ഗരിഞ്ച സറ്റേഡിയം എന്നിവ ഉള്‍പ്പെടെ അഞ്ചു വേദികളിലായാണ് സീസണിലെ കോപാ അമേരിക്ക നടക്കുന്നത്. രാജ്യത്ത് കൊവിഡ് ഗണ്യമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കാണികള്‍ക്ക് ഗ്യാലറിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."