പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമം; മന്ത്രിമാരുള്‍പ്പെടെ മുദ്രാവാക്യം വിളിച്ചു: വി.ഡി സതീശന്‍
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ആസൂത്രിത സംഘര്‍ഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികള്‍ സ്തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.
രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവം മുഖ്യമന്ത്രിയുടേയും പൊലിസിന്റെയും ഒത്താശയോടെയാണ് ഉണ്ടായത്. ഇന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധിച്ച സമയം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രോശങ്ങളുമായി പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്. പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് മന്ത്രിമാരടക്കം വിളിച്ചത്. ആസൂത്രിതമായി വന്ന് നിയമസഭയില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് മുന്‍കൈ എടുത്തത് ഭരണപക്ഷമാണ്. അതില്‍ പ്രതിഷേധിച്ചാണ് സഭാനടപടികള്‍ സ്തംഭിപ്പിക്കുന്ന തീരുമാനം എടുത്തത്.
മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടയാളുടെ നേതൃത്വത്തിലാണ് ഓഫീസ് അടിച്ചു തകര്‍ത്തത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ബന്ധുവാണ് ഇയാള്‍. എന്നാല്‍ ഇന്നലെ രാത്രിവരെ ഇയാളെ കേസില്‍ പ്രതിയാക്കാന്‍ പൊലിസ് തയ്യാറായിട്ടില്ല. എസ്എഫ്ഐ നേതാവ് പറഞ്ഞതുപോലെ അവര്‍ നല്‍കുന്ന ലിസ്റ്റില്‍ ഉള്ളയാള്‍ പ്രതികളായാല്‍ മതി എന്ന നിലപാടാണ് പൊലിസിന്. വിഷയത്തില്‍ അയാള്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തിട്ടും കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു.
കേന്ദ്ര ഏജന്‍സിയില്‍ നിന്നും രക്ഷപ്പെടാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച് സംഘപരിവാറിന്റെ പ്രീതി നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വയനാട്ടില്‍ മാത്രമല്ല, എല്ലായിടത്തും ഗാന്ധി പ്രതിമകള്‍ തകര്‍ക്കുകയാണ്. സംഘപരിവാറിന്റെ വഴിയിലൂടെ നടന്ന് ഗാന്ധിനിന്ദ നടത്തുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ക്രിമിനലുകള്‍. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും തുരത്തണമെന്ന സൃമ്തി ഇറാനിയുടെ വാക്കുകളെ സി.പി.എം ഏറ്റെടുക്കുകയാണ്. രാഹുലിനെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും മോദി സര്‍ക്കാര്‍ ഒരുവശത്ത് ശ്രമിക്കുമ്പോള്‍ അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഇവര്‍.
മനപ്പൂര്‍വം പ്രകോപനമുണ്ടാക്കുന്നതിനാണ് ഇന്നലെ വയനാട്ടില്‍ സിപിഎം പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം കലാപം നടത്തി സ്വര്‍ണകള്ളക്കടത്ത് കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ നടത്തുന്ന ഗൂഢാലോചന കൂടിയാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."