പത്രസമ്മേളനത്തില്‍നിന്ന് ഇറക്കിവിടുമെന്ന ഭീഷണി ഇവിടെ ആദ്യം; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിനിടെ ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചതിനെ കുറിച്ച് ചോദ്യം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചത് എസ്എഫ്ഐക്കാരല്ലെന്നും വിഡിയോ ദൃശ്യങ്ങളില്‍ അതു വ്യക്തമാണെന്നു പറഞ്ഞ മാധ്യമപ്രവര്‍ത്തകനോടു പത്രസമ്മേളനത്തിനിടെ പ്രതിപക്ഷനേതാവ് കയര്‍ത്തതിനെ ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തില്‍ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസാരിക്കുന്ന ആളുകളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായ മറുപടി നമ്മള് കണ്ടതാണ്. പ്രതിപക്ഷനേതാവിന്റെ പ്രതികരണത്തിനു പിന്നാലെ ചില കൈകള്‍ അറുത്തുമാറ്റുമെന്നു പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും കേരളം കണ്ടു. മര്യാദക്കിരിക്കണം, അല്ലെങ്കില്‍ ഇറക്കിവിടുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എനിക്കു സുഖിക്കുന്ന ചോദ്യങ്ങള്‍ ആകില്ലല്ലോ സ്വഭാവികമായി പത്രസമ്മേളനത്തില്‍ ഉന്നയിക്കപ്പെടുക. എനിക്കു പ്രതികരിക്കാതിരിക്കാം. എന്നാല്‍ ചോദ്യങ്ങളെ ഭയപ്പെടുന്ന രീതി ഉണ്ടാകരുതെന്നും പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ രണ്ട് സമീപനം കൃത്യമായി കാണണം. തെറ്റായ ഒരു കാര്യം സംഭവിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അതിനെ തള്ളിപ്പറഞ്ഞ ഒരു സംസ്കാരം. അതിനെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ തയ്യാറായ ഭരണരീതി. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമീപനം തന്നെയാണോ നേരത്തെ നടന്നിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."