'മൂന്നാംമുന്നണി യോഗമല്ല'; വിശദീകരണവുമായി ശരദ് പവാര്‍
ന്യൂഡല്‍ഹി: ഇന്ന് നടക്കാനിരിക്കുന്നത് മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട യോഗമല്ലെന്ന വിശദീകരണവുമായി എന്‍.സി.പി മേധാവി ശരദ് പവാര്‍. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചതെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ പവാര്‍ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പവാര്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കുന്നതായി അറിയിച്ചത്. പവാറിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച നിരവധി പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെയും 'പ്രമുഖരുടെയും' യോഗം ചേരുമെന്ന് എന്‍.സി.പി വക്താവും മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിയുമായ നവാബ് മാലിക് ട്വീറ്റില്‍ അറിയിക്കുകയായിരുന്നു.
ഈ മാസം രണ്ടാം തവണയാണ് പ്രശാന്ത് കിഷോറിനെ പവാര്‍ സന്ദര്‍ശിക്കുന്നത്. ന്യൂഡല്‍ഹിയിലെ എന്‍സിപി മേധാവിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു.
യോഗത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, ടിഎംസി നേതാവ് യശ്വന്ത് സിന്‍ഹ, ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള സഞ്ജയ് സിംഗ്, സിപിഐയില്‍ നിന്നുള്ള ഡി രാജ, സഞ്ജയ് ഝാ എന്നിവര്‍ പങ്കെടുക്കുമെന്ന് മാലിക് പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്ക് പുറമെ മുതിര്‍ന്ന അഭിഭാഷകന് കെടിഎസ് തുളസി, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്വൈ ഖുറേഷി, മുന്‍ അംബാസഡര്‍ കെസി സിങ്, ഗാനരചയിതാവ് ജാവേദ് അഖ്തര്‍, അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ്, സംവിധായകന് പ്രീതിഷ് നന്ദി, മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, അഷുതോഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ, പവറുമായുള്ള കൂടിക്കാഴ്ച ഒരു സൗഹൃദ സന്ദര്‍ശനമാണെന്നായിരുന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിനോടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച എല്ലാ നേതാക്കള്‍ക്കും നന്ദിപറയുന്നതിന്റെ ഭാഗമാണ് സന്ദര്‍ശനമെന്നും കിഷോര്‍ വിശേഷിപ്പിച്ചിരുന്നു.പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെപ്പ് തന്ത്രം രൂപപ്പെടുത്താന്‍ കിഷോര്‍ സഹായിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."