കോടതി പറഞ്ഞിട്ടും ഇടപെടാതെ കേന്ദ്രം; 17 സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് യാത്ര അനിശ്ചിതാവസ്ഥയില്‍ തുടരുന്നു
കോടതി പറഞ്ഞിട്ടും ഇടപെടാതെ കേന്ദ്രം; 17 സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് യാത്ര അനിശ്ചിതാവസ്ഥയില്‍ തുടരുന്നു
ന്യൂഡല്‍ഹി: 17 സ്വകാര്യ ഗ്രൂപ്പുകള്‍ വഴി തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അനുമതി നല്‍കി സുപ്രിംകോടതി ഉത്തരവ് വന്നെങ്കിലും യാത്ര സംബന്ധിച്ച് ആശങ്കകള്‍ തുടരുന്നു. സഊദി സര്‍ക്കാരിന് തീര്‍ഥാടകരുടെ വിവരങ്ങള്‍ നല്‍കാനുള്ള സമയപരിധി അവസാനിച്ചതിനാല്‍ ഇനി ഹജ്ജ് യാത്ര നടക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ 1,275 പേര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടമാകും.
രാജ്യത്തുടനീളമുള്ള 17 ഹജജ് ഗ്രൂപ്പുകള്‍ തീര്‍ഥാടകരെ കൊണ്ടുപോകുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. ഈ ഏജന്‍സികള്‍ക്കെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. തുടര്‍ന്ന് ഹജ്ജ് തീര്‍ഥാടകരും ഏജന്‍സികളും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തീര്‍ഥാടകരുടെ പ്രയാസം ഒഴിവാക്കാനായി 17 ഏജന്‍സികള്‍ക്കും ഹജ്ജ് യാത്രയ്ക്ക് കോടതി അനുമതി നല്‍കി. പിന്നാലെ ഡല്‍ഹി കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ തീര്‍ഥാടകര്‍ പണം നല്‍കിയ ഏജന്‍സികള്‍ വഴി യാത്രനടത്താന്‍ അനുമതി നല്‍കുകയായിരുന്നു. തീര്‍ഥാടനത്തിലുള്ളവര്‍ സമ്മര്‍ദങ്ങളില്ലാതെ ഹജ്ജ് ചെയ്ത് മടങ്ങിവരട്ടെയെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി പരിഗണിക്കുന്നില്ലെന്ന് അറിയിച്ചത്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ഹജ്ജ് ഗ്രൂപ്പുകള്‍ തിരിച്ചെത്തട്ടെ. അതുവരെ നടപടിയൊന്നും വേണ്ട. അവര്‍ സഊദിയില്‍ കുറെക്കാലം തങ്ങാന്‍ പോകുന്നില്ലല്ലോയെന്നും കോടതി പറഞ്ഞു.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ആയിരത്തിലേറെപ്പേരുടെ ഈ വര്‍ഷത്തെ ഹജ്ജ് എന്ന സ്വപ്നം നടക്കാതെ പോകും. യാത്ര പ്രതിസന്ധി നേരിടുന്നതില്‍ കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരാണ് കൂടുതല്‍. 750 മലയാളികളാണ് ഹജ്ജിനായി തയാറായി കാത്തിരിക്കുന്നത്. 23നാണ് കേരളത്തില്‍നിന്നുള്ള അവസാന ഹജ്ജ് വിമാനം. അതിനുമുന്‍പായി എല്ലാ നടപടികളും ഹജ്ജ് മന്ത്രാലയം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."