രണ്ടാമൻ അവസാനം ഒന്നാമനായ കഥ
ജേക്കബ് ജോർജ്
രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണമെന്ന് ഉമ്മൻചാണ്ടി കേരളത്തെ കാണിച്ചുതന്നു; പ്രവർത്തനംകൊണ്ട്, രാഷ്ട്രീയംകൊണ്ട്, കഠിനാധ്വാനംകൊണ്ട്. വിശ്രമം എന്തെന്നറിയാതെ ഉമ്മൻചാണ്ടി ജോലി ചെയ്തുകൊണ്ടായിരുന്നു യാത്ര ചെയ്തത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ടു മനസിലാക്കി. എന്നും യാത്രയിലായിരുന്നു അദ്ദേഹം. സ്വന്തം സംഘടനയുടെ പ്രവർത്തന വഴികളിലൂടെയും ഭരണത്തിന്റെയും അധികാരത്തിന്റെയും ഇടനാഴികളിലൂടെയും ആ യാത്ര നീണ്ടുപോയി.
യാത്രകളിലെല്ലാം ജനങ്ങൾ നേതാവിനോടൊപ്പമുണ്ടായിരുന്നു. ഉമ്മൻചാണ്ടി എവിടെ ചെന്നാലും അവിടെയെല്ലാം ജനങ്ങൾ ചുറ്റുംകൂടി. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉമ്മൻചാണ്ടി എപ്പോഴും തയാറായിരിക്കുമെന്ന് അവർക്കറിയാമായിരുന്നു. ജനങ്ങൾ ഉമ്മൻചാണ്ടിയെ സ്‌നേഹിച്ചു. ആ സ്‌നേഹത്തിന് ഉമ്മൻചാണ്ടി വലിയ വില കൽപിക്കുകയും ചെയ്തു. ഇത്രയും ജനകീയനായ ഒരാളെ എവിടെയും കാണാനില്ലെന്നത് ആരും സമ്മതിക്കുന്ന കാര്യം.
എന്നാൽ രാഷ്ട്രീയത്തിൽ അതിന്റേതായ തന്ത്രങ്ങൾ കളിക്കാനും ഉമ്മൻചാണ്ടിക്കറിയാമായിരുന്നു. സംഭവബഹുലമായ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി വലിയ കളി കളിച്ചു. തന്ത്രങ്ങളേറെ പയറ്റി. തന്ത്രങ്ങളുടെയും കൗശലങ്ങളുടെയും തമ്പുരാനായിരുന്ന കെ. കരുണാകരൻ എന്ന ലീഡറെ നിർണായക ഏറ്റുമുട്ടലിൽ മുട്ടുകുത്തിച്ചു പടിയിറക്കി. കരുണാകരൻ ഇരുന്ന മുഖ്യമന്ത്രിക്കസേരയിൽ എ.കെ ആന്റണിയെ കൈപിടിച്ചു കയറ്റിയിരുത്തി.
ഉമ്മൻചാണ്ടി കളിയൊക്കെ കളിച്ചത് ആന്റണിക്കുവേണ്ടിയാണെന്ന് പറയാം. 1958ൽ കുട്ടനാട്ടിൽ നടന്ന ഒരണസമരത്തിലൂടെ കേരള രാഷ്ട്രീയത്തിൽ കുതിച്ചുയരാൻ തുടങ്ങിയ ആന്റണിക്ക് ഉമ്മൻചാണ്ടിയെപ്പോലൊരു രണ്ടാമൻ ആവശ്യമായിരുന്നു. ഉമ്മൻചാണ്ടി ആന്റണിയോടൊപ്പം കൂടി. എന്നും എപ്പോഴും രണ്ടാമനായി.
ആന്റണി കെ.എസ്.യു പ്രസിഡന്റായപ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു ഉമ്മൻചാണ്ടി. ആന്റണി യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ഉമ്മൻചാണ്ടി കെ.എസ്.യു പ്രസിഡന്റായി. ആന്റണി കെ.പി.സി.സി പ്രസിഡന്റായപ്പോൾ ഉമ്മൻചാണ്ടി യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. പടികളൊന്നൊന്നായി കയറി ആന്റണി മുകളിലേക്കു പോകുമ്പോൾ തൊട്ടുതാഴെ ഉമ്മൻചാണ്ടിയുമുണ്ടായിരുന്നു എന്നും രണ്ടാമനായി.
ഉമ്മൻചാണ്ടി എല്ലാ തന്ത്രങ്ങളും കൗശലങ്ങളും പുറത്തെടുത്തത് കരുണാകരനുമായുള്ള യുദ്ധത്തിലായിരുന്നു. അതൊരു നീണ്ട യുദ്ധം തന്നെയായിരുന്നു. കോൺഗ്രസിൽ കരുണാകരപക്ഷമെന്നും ആന്റണിപക്ഷമെന്നും രണ്ടു ചേരികളുണ്ടായിരുന്നു. ഇരു ചേരികളും തമ്മിൽ കടുത്ത പോരാട്ടമുണ്ടാവുന്നതുമെല്ലാം കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെയും സംസ്ഥാനത്തെ പൊതുരാഷ്ട്രീയത്തിന്റെ തന്നെയും ചരിത്രമാവുകയായിരുന്നു.
രണ്ടു ദശകത്തിലേറെ കാലം നീണ്ടുനിന്ന കോൺഗ്രസിലെ രണ്ടു ചേരികൾ തമ്മിലുള്ള ഈ പോരാട്ടം കെ. കരുണാകരൻ എന്ന അതികായനെതിരേ നീണ്ട പടയൊരുക്കത്തിന് പല രാഷ്ട്രീയമാനങ്ങളും ഉണ്ടായിരുന്നു. ആത്യന്തികമായി കരുണാകരനും എ.കെ ആന്റണിയും തമ്മിലുള്ള ദ്വന്ദയുദ്ധമായി മാറി. ഇരുവർക്കും താഴെ അണികൾ രണ്ടു ചേരികളായി നിലയുറപ്പിച്ചു.
എ.കെ ആന്റണിയുടെ പേരിലായിരുന്നു ഗ്രൂപ്പെങ്കിലും നേതൃത്വം മുഴുവൻ ഉമ്മൻചാണ്ടിയുടെ കൈയിലായിരുന്നു. തന്ത്രങ്ങൾ രൂപീകരിച്ചതും ചരടുവലിച്ചതും നീക്കങ്ങൾ നിർണയിച്ചതുമെല്ലാം ഉമ്മൻചാണ്ടി. അവസാന യുദ്ധം തുടങ്ങിയത് 1991-ലാണ്. കരുണാകരൻ സർവപ്രതാപിയായി മുഖ്യമന്ത്രിയായ സമയം. ഉമ്മൻചാണ്ടി ധനകാര്യമന്ത്രിയായി. 1994 ജൂൺ 22-ാം തീയതി ഉമ്മൻചാണ്ടി ധനകാര്യമന്ത്രിസ്ഥാനം രാജിവച്ചു. ഒരു മന്ത്രിയുടെ വെറുമൊരു രാജി മാത്രമായിരുന്നില്ല അത്. കെ. കരുണാകരന്റെ മുന്നിൽ വലിയൊരു വെല്ലുവിളി ഉയർത്തി ആ രാജി. തന്ത്രങ്ങളുടെ ആശാനായിരുന്ന കെ. കരുണാകരനെതിരേ തികച്ചും വ്യത്യസ്തമായ തന്ത്രങ്ങളും രാഷ്ട്രീയ നീക്കങ്ങളുമായിട്ടായിരുന്നു ഉമ്മൻചാണ്ടിയുടെ പുറപ്പാട്.
1967---‐69 കാലത്ത് കരുണാകരൻ നെയ്‌തെടുത്ത മുന്നണിയായിരുന്നു യു.ഡി.എഫ് എന്ന ഐക്യ ജനാധിപത്യമുന്നണി. മുസ്‌ലിം ലീഗും നേതാക്കളും കരുണാകരനോടൊപ്പം നിന്നു. ആർ.എസ്.പി, എസ്.ആർ.പി, കേരള കോൺഗ്രസ് എന്നിങ്ങനെ വിവിധ കക്ഷികളും. കോൺഗ്രസ് നിയമസഭാ കക്ഷിയിലും കരുണാകരനു വ്യക്തമായ ഭൂരിപക്ഷം.
1991ൽ തന്നെ ഐ-വിഭാഗത്തിൽ ജി. കാർത്തികേയന്റെയും രമേശ് ചെന്നിത്തലയുടെയും എം.ഐ. ഷാനവാസിന്റെയും നേതൃത്വത്തിൽ തിരുത്തൽവാദ പ്രസ്ഥാനം രൂപംകൊണ്ടിരുന്നു. കൊട്ടാര വിപ്ലവമെന്നു വിളിക്കപ്പെട്ട ഈ നീക്കം കരുണാകരന്റെ ക്യാംപിൽ വിള്ളലുണ്ടാക്കി. ഇത് വളരെ സമർഥമായി ഉപയോഗിക്കുന്നതിൽ ഉമ്മൻചാണ്ടി വിജയിച്ചു. കോൺഗ്രസ് നിയമസഭാകക്ഷിയിൽ കരുണാകരനൊപ്പം നിന്ന നാലുപേരെ സ്വന്തം ക്യാംപിലേക്ക് മാറ്റാനും ഉമ്മൻചാണ്ടിക്കു കഴിഞ്ഞു. ഒപ്പം ഘടകകക്ഷികളിലും അദ്ദേഹം സ്വാധീനമുറപ്പിച്ചു.
കെ.എം മാണി, ആർ. ബാലകൃഷ്ണപ്പിള്ള, ടി.എം ജേക്കബ് തുടങ്ങിയ നേതാക്കളൊക്കെയും ഉമ്മൻചാണ്ടിയോടു ചേർന്നു. അവസാനം മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും കരുണാകരനിൽനിന്ന് അകന്നു. കുഞ്ഞാലിക്കുട്ടിയും ചേർന്നതോടെ ഉമ്മൻചാണ്ടിയുടെ ലക്ഷ്യം കൈയെത്തും ദൂരത്തെത്തി.
ഐ.എസ്.ആർ.ഒ ചാരക്കേസ് പൊട്ടിപ്പുറപ്പെട്ടതും അതിൽ കരുണാകരന്റെ പ്രിയപ്പെട്ട പൊലിസുകാരൻ രമൺ ശ്രീവാസ്തവ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത പരന്നതും ഉമ്മൻചാണ്ടിയും സംഘവും വലിയ അവസരമായി കണ്ടു.
മുഖ്യമന്ത്രി കരുണാകരനെതിരേ ശക്തമായ ആക്രമണമാണ് പിന്നെ കേരളം കണ്ടത്. കരുണാകരൻ കരുപിടിപ്പിച്ച മുന്നണി അദ്ദേഹത്തിനെതിരേ തിരിയുന്നതും കേരളം കണ്ടു. പ്രധാനമന്ത്രി പി.വി നരസിംഹറാവുവും അപ്പോഴേക്ക് കരുണാകരനെ കൈവിട്ടിരുന്നു. മുന്നണി നേതൃത്വം ഉമ്മൻചാണ്ടിയുടെ കൈയിലമരുന്നതും കെ.എം മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ മൂന്നംഗ നേതൃത്വം അതിന്റെ അടിത്തറയാവുന്നതുമായി അടുത്ത അധ്യായം.
1995 മാർച്ച് 18ന് കരുണാകരൻ രാജിവച്ചു. എ.കെ ആന്റണി 22-ാം തീയതി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. മുന്നണി നേതൃത്വവും മുഖ്യമന്ത്രിസ്ഥാനവും ആന്റണിപക്ഷത്തേക്ക് നീങ്ങി. 2001ൽ ആന്റണി വീണ്ടും മുഖ്യമന്ത്രി. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് കനത്ത പരാജയം നേരിട്ടതിനെ തുടർന്ന് ആന്റണി രാജിവച്ചപ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. 2011 ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രി. തുണയായി ഒരു വശത്ത് കെ.എം മാണിയും മറുവശത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും.
ഉമ്മൻചാണ്ടി അവസാനം ഒന്നാമനായി; എൺപതുകളിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തനിയാവർത്തനം. കെ. കരുണാകരനു പകരം ആ സ്ഥാനത്ത് ഉമ്മൻചാണ്ടിയായി എന്നു മാത്രം. അതെ, കേരള രാഷ്ട്രീയത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിക്ക് പകരം ഉമ്മൻചാണ്ടി മാത്രം.
Content Highlights:Today's Article About Oomen chandy 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."