മുഖ്യമന്ത്രിയിൽനിന്ന് ഏകാധിപതിയിലേക്കുള്ള ദൂരം
ആർ.കെ.ബി
ഭരണാധികാരം തങ്ങൾക്ക് ശാശ്വതമായി കിട്ടിയ അവകാശമാണെന്ന മനോഭാവത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അധഃപതിക്കുന്ന ദുരവസ്ഥക്കാണ് സമകാലിക കേരളം സാക്ഷ്യംവഹിക്കുന്നത്. ഈ മനോഭാവത്തോടെയാണ് കാര്യങ്ങൾ മുൻപോട്ടുപോകുന്നത് എങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രമല്ല വരുംനാളുകളിൽ കേരളത്തിന്റെ ഭാവിതന്നെ ഒരു വലിയ ചോദ്യചിഹ്നമായി മാറും. കാരണം ഒന്നിനുപിന്നാലെ ഒന്നായി തുടർച്ചയായി സ്വേച്ഛാധിപത്യപരമായ നടപടികളാണ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ സി.പി.എം എന്നാൽ ഇന്ന് പിണറായി വിജയൻ മാത്രമാണ്. കപ്പിത്താനും ക്യാപ്റ്റനും കാരണഭൂതനുമൊക്കെയായി പിണറായി യുഗം ഇന്ന് പാർട്ടിയെയും സർക്കാരിനെയും അടക്കി ഭരിക്കുകയാണ്. എല്ലാത്തരം കൾട്ടുകൾക്കും എതിരായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഫാൻസുകളുമായി അധഃപതിക്കുകയാണ്. കമ്യൂണിസ്റ്റ് പാർട്ടി എന്ന അസ്തിത്വത്തിൽ നിന്ന് പിണറായി വിജയൻ എന്ന സ്ഥായിത്വത്തിലേക്ക് മാർക്‌സിസ്റ്റുകൾ എന്നേ നിലം പതിച്ചു എന്നതാണ് പാർട്ടിയുടെയും സർക്കാരിന്റെയും വർത്തമാന ദുരന്തം.
'ജനവിരുദ്ധരായ ഏകാധിപതികൾക്ക് അധികാരം വിട്ടൊഴിയാൻ ഭയമായിരിക്കും. അതിനാൽ അധികാരത്തിൽ കടിച്ചുതൂങ്ങാൻ അവർ ഏതറ്റംവരെയും പോകും. കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ് ഒരു പദവിയിൽ ഒരാൾ അധികകാലം തുടരുന്നത്. അത് അയാളെയും അയാളുടെ പ്രസ്ഥാനത്തെയും ഒരുപോലെ ജീർണിപ്പിക്കും' എന്ന് 'ഏകാധിപതികൾ അർഹിക്കുന്നത്' എന്ന പുസ്തകത്തിൽ എഴുതിയ യഥാർഥ കമ്യൂണിസ്റ്റായ ബർലിൻ കുഞ്ഞനന്തൻ നായരുപോലും അവസാനം പിണറായിയുടെ കാൽപ്പാദത്തിൽ സാഷ്ടാഗം സമർപ്പിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ ഫ്രാൻസിലെ ലൂയി പതിനാലാമനോടാണ് ഈ പുസ്തകത്തിൽ ബർലിൻ കുഞ്ഞനന്തൻ നായർ പിണറായിയെ ഉപമിച്ചത്. ' സി.പി.എം എന്നു പറഞ്ഞാൽ പിണറായി വിജയൻ. 'ഞാനാണ് രാഷ്ട്രം' എന്നു ലൂയി പതിനാലാമൻ വിശ്വസിച്ചിരുന്നതുപോലെ ഞാനാണ് പാർട്ടി എന്ന് പിണറായി വിജയനും വിശ്വസിക്കുന്നു. നട്ടുച്ചക്ക് ഇത് അർധരാത്രിയാണെന്നും പിണറായി വിജയൻ (അതായത് പാർട്ടി) പ്രഖ്യാപിച്ചാൽ അത് അണികൾ വിശ്വസിക്കണം. അതിനു തയാറല്ലാത്തവർക്കു പാർട്ടിക്കു പുറത്തുപോകാം'- ( ഏകാധിപതികൾ അർഹിക്കുന്നത് പേജ് 168). ബർലിൻ ഈ പുസ്തകം എഴുതുമ്പോൾ പിണറായി വിജയൻ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അവിടുന്നു പിണറായി എത്രമാത്രം മുൻപോട്ടുപോയിരിക്കുന്നു. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനേക്കാൾ എത്രയോ ഇരട്ടി ഏകാധിപതിയായി മുഖ്യമന്ത്രിയായ പിണറായി വിജയൻ മാറിയിരിക്കുന്നു.
2016ൽ അധികാരത്തിലെത്തിയതിന്റെ ആദ്യവർഷങ്ങളിൽ വാർത്താസമ്മേളനങ്ങളുപേക്ഷിച്ച മുഖ്യമന്ത്രി മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ 'കടക്ക് പുറത്ത്' എന്ന് ഗർജ്ജിക്കുന്നത് സാക്ഷരകേരളം കണ്ടു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേരളത്തിൽ പരമ്പരയായി അരങ്ങേറിയത് അദ്ദേഹത്തിൻ്റെ ഭരണത്തിനു കീഴിലാണ്. സ്പ്രിംഗ്ലർ, ലൂയിസ് ബർഗർ കൺസൾട്ടൻസി, ബ്രൂവറി, ഇ.എം.സി.സി ആഴക്കടൽ മത്സ്യബന്ധന കരാർ, വൈദ്യുതി ഇടപാട്,പമ്പ മണൽക്കടത്ത് , ഇ മൊബിലിറ്റി പദ്ധതി, സ്വർണ ഡോളർ കടത്ത് തുടങ്ങിയ എത്രയോ അഴിമതികൾ. ലൈഫ് ഭവന പദ്ധതിയിലെ അഴിമതി, വ്യാപകമായ പിൻവാതിൽ നിയമനങ്ങൾ സർവകലാശാലകളിലെ വഴിവിട്ട മാർക്കുദാനം, പി.എസ്.സി റാങ്ക്‌ലിസ്റ്റിലെ നഗ്നമായ അട്ടിമറികൾ, വാളയാറിലേതുൾപ്പെടെ പിഞ്ചുബാലികമാരെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയവരെപോലും പാർട്ടി പരിഗണനയിൽ സംരക്ഷിക്കുന്നതുൾപ്പെടെ അഴിമതിയുടെയും നഗ്നമായ ഭരണദുർവിനിയോഗങ്ങൾ കഴിഞ്ഞ പിണറായി ഭരണത്തിൽ ഉണ്ടായി. ഏകാധിപത്യത്തിന്റെ വാഴ്ചയായിരുന്നു കഴിഞ്ഞ പിണറായി ഭരണം. സംസ്ഥാനത്തിന്റെ പൊതുകടം ഒന്നരക്കോടി രൂപയിൽനിന്നു മൂന്നരക്കോടിയാക്കിയുയർത്തിയ ധൂർത്തായിരുന്നു ഭരണത്തിന്റെ മുഖമുദ്ര.
എന്നാൽ കൊവിഡ് ഉയർത്തിയ പ്രതിസന്ധിയെ സമർഥമായി അവസരമാക്കി മാറ്റിയ പിണറായി വിജയൻ വീണ്ടും ഒരിക്കൽക്കൂടി അധികാരത്തിൽ എത്തി. അധികാരത്തിലെത്തിയ ആദ്യദിനം മുതൽ ഏകാധിപത്യത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. വിവാദ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടി ഏറ്റവും മോശമായ പൊറാട്ടുനാടകങ്ങളാണ് ഇന്ന് കേരളത്തിൽ അരങ്ങേറുന്നത്. രാഷ്ട്രീയ എതിരാളികളെ ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് വേട്ടയാടുകയാണ്. നിരപരാധികളെപ്പോലും കള്ളക്കേസിൽ കുടുക്കി അകത്താക്കുന്നു. പൊലിസിനെ നിർലജ്ജം രാഷ്ട്രീയതാൽപ്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ഫാൻസിനെയും പാർട്ടിയുടെ കൂലിപ്പടയാളികളെയും തെരുവിലിറക്കി പ്രതിപക്ഷപാർട്ടിയുടെ പ്രവർത്തകരെ നിശബ്ദരാക്കാനാണ് ശ്രമം. അവിഹിത കൂട്ടുകെട്ടുകളിലൂടെ കേന്ദ്ര അന്വേഷണ ഏജൻസികളെപ്പോലും നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഏതുവിധേനയും അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എതിരാളികളെ അകത്തിടാൻ കിട്ടുന്ന അവസരങ്ങളൊക്കെ സർക്കാർ ഉപയോഗപ്പെടുത്തുകയാണ്. പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്നതിനായി പൊലിസിനെ ഉപയോഗപ്പെടുത്തുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവം ഇതിനുള്ള ഉദാഹരണമാണ്. കേന്ദ്രഭരണകൂടവും സംസ്ഥാന സർക്കാറും തമ്മിലുള്ള വ്യത്യാസം നേർത്തുവരുകയാണ്. രാഷ്ട്രീയപ്രബുദ്ധതകൊണ്ട് സമ്പന്നമായ കേരളത്തിനുതന്നെ ഈ ഏകാധിപത്യത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു എന്നത് തീർച്ചയായും വലിയ ഒരു ദുരന്തം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."