ഭാഷാസമരവും അവസാനിക്കാത്ത അസഹിഷ്ണുതയും
എം.എ ലത്തീഫ്
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന അറബി ഭാഷാപഠനത്തെ വിദ്യാലയങ്ങളിൽ നിന്ന് ഇല്ലാതാക്കാൻ കേരള സർക്കാർ കൊണ്ടുവന്ന കരിനിയമങ്ങൾക്കെതിരേ 1980 ജൂലൈ 30(റമദാൻ 17) ബുധനാഴ്ച നടത്തിയ സമരമാണ് ഭാഷാ സമരം എന്ന പേരിൽ ചരിത്രത്തിലിടം നേടിയത്. ബ്രിട്ടീഷ് കാലം മുതൽ തിരുവിതാംകൂറിലും മലബാറിലെ ചില പ്രദേശങ്ങളിലുമുണ്ടായിരുന്ന നാമമാത്രമായ അറബി ഭാഷാപഠനത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയത് 1967ൽ സി. എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ്. അതുവരെ സ്‌പെഷലിസ്റ്റ് അധ്യാപകരായിരുന്ന അറബി, ഉർദു, സംസ്‌കൃതം അധ്യാപകരെ ഭാഷാധ്യാപകരാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടെ മറ്റു അധ്യാപകർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിയമപരിരക്ഷയും അറബി പഠിപ്പിക്കുന്ന അധ്യാപകർക്കും ബാധകമാക്കി. മാത്രമല്ല, വിദ്യാലയത്തിൽ ഒരു അറബി അധ്യാപകനെ നിയമിക്കാൻ 100 കുട്ടികൾ വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഇതോടെ അറബി ഭാഷ പഠനം സാർവത്രികമായി തുടങ്ങി.
എന്നാൽ പ്രൈമറി ക്ലാസുകളിൽ മാതൃഭാഷ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ എന്ന രീതിയിൽ പുതിയ ചർച്ചകൾ ഉയർന്നുവരാൻ തുടങ്ങി. അറബി ഭാഷാപഠനം ഇല്ലാതാക്കാനായി നടത്തിയ ഈ വാദം ഇടതു സംഘടനകൾ ഏറ്റെടുത്തു. യഥാർഥത്തിൽ ഇതാണ് 1980ലെ ഭാഷാവിരുദ്ധ ഉത്തരവുകളിലേക്ക് എത്തിച്ചത്. എക്കമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ എന്നീ മൂന്ന് കരിനിയമങ്ങൾ 1980 ജൂൺ 11ന് ഇറക്കിയ പുതിയ ഉത്തരവിൽ കടന്നുവന്നു. സർക്കാരിന്റെ ഒളിയജൻഡ തിരിച്ചറിഞ്ഞ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറഷൻ നേതാക്കളായ കരുവള്ളിയും കുളത്തൂരും ഉൾപ്പടെയുള്ള നേതാക്കൾ മുസ്‌ലിം ലീഗുമായും മുസ്‌ലിം സംഘടനകളുമായും സമാന സ്വഭാവമുള്ള അധ്യാപക സംഘടനകളുമായും ചർച്ച നടത്തുകയും യോജിച്ച ചെറുത്തുനിൽപ്പിന് ആഹ്വാനം നൽകുകയും ചെയ്തു. ഈ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1980 ജൂലൈ നാലിന് കെ.എ.ടി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സി.എച്ച് മുഹമ്മദ് കോയ നടത്തിയ ചരിത്ര പ്രഖ്യാപനം ഇന്നും ഓരോ അറബി അധ്യാപകന്റെയും മനസ്സിൽ കെടാതെ കിടപ്പുണ്ട്. അധ്യാപകർ സമരം ചെയ്യേണ്ടവരല്ല, നിങ്ങൾ വിദ്യാലയത്തിലേക്ക് തിരിച്ചുപോകൂ, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു- ഇതായിരുന്നു ആ പ്രഖ്യാപനം. തുടർന്ന് മുൻ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. എന്നാൽ സർക്കാർ നിലപാട് തികച്ചും നിരാശാജനകമായിരുന്നു. മാത്രമല്ല, പുതിയ നിയമം ഉടൻ നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വിവിധ തലങ്ങളിൽ പ്രതിഷേധങ്ങൾ സർക്കാരിനെതിരേ ആരംഭിച്ചു.
ഈ സാഹചര്യത്തിലാണ് ജൂലൈ 30ന് കേരളത്തിലെ മുഴുവൻ കലക്ടറേറ്റുകൾക്ക് മുമ്പിലും മുസ്‌ലിം യൂത്ത് ലീഗ് പിക്കറ്റിങ് നടത്താൻ തീരുമാനിച്ചത്. കരിനിയമങ്ങൾക്കെതിരേ യുവജനരോഷമിരമ്പി.എന്നാൽ മലപ്പുറത്ത് തികച്ചും ജനാധിപത്യപരമായും സമാധാനപരമായും സമരം നടത്തിയവർക്ക് നേരെ പൊലിസ് പൊടുന്നനെ വെടിവയ്ക്കുകയായിരുന്നു. മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് യുവപോരാളികൾ ബദർദിനത്തിൽ ഭാഷയ്ക്ക് വേണ്ടി രക്തസാക്ഷികളായി. ഇതോടുകൂടി കേരള രാഷ്ട്രീയത്തിൽ ഈ സമരവും സമരത്തിനാധാ രമായവിഷയങ്ങളും സജീവ ചർച്ചയായി. നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറായി. എന്നാൽ നിയമം പൂർണമായും പിൻവലിക്കാതെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്ന് സംഘടനകൾ നിലപാട് കടുപ്പിച്ചു. മാത്രവുമല്ല, സെപ്റ്റംബർ 15നകം പ്രശ്‌നം പരിഹരിക്കാത്ത പക്ഷം രാജ്ഭവനിലേക്ക് വൻ മാർച്ച് നടത്തുമെന്ന പ്രഖ്യാപനവും വന്നു. ഇതോടെ സെപ്റ്റംബർ 10,19 തീയതികളിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ചക്കൊടുവിൽ വിവാദ ഉത്തരവുകൾ പൂർണമായും പിൻവലിക്കാൻ തീരുമാനമായി. സമുദായത്തിന്റെ ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പിന് മുന്നിൽ സർക്കാർ മുട്ട് മടക്കി. വേദനയും വീറും കലർന്ന ഈ വിജയത്തിന് വലിയ വില നാം നൽകേണ്ടിവന്നുവെന്നത് വിസ്മരിക്കുന്നില്ല
അറബി ഭാഷക്കെതിരായ നീക്കങ്ങൾ വളരെ ആസൂത്രിതമായും ദുഷ്ടലാക്കോടെയും നടപ്പാക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ഹയർ സെക്കൻഡറി അറബി ഭാഷാപഠനത്തിന് മാത്രം അവ്യക്തമായതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ സർക്കുലറുകളും നിയന്ത്രണങ്ങളും ഇറക്കി പഠനം നിരുത്സാഹപ്പെടുത്തുന്ന സമീപനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ ജനകീയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നുവരണം.
ലക്ഷക്കണക്കിന് വിദ്യാർഥികൾ അറബി ഭാഷ പഠിച്ച് മലയാളനാടിന്റെ മഹിതമായ സംസ്‌കാരം വിദേശ നാടുകളിലെത്തിച്ചിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ വിദേശ നാണയം നമ്മുടെ രാജ്യത്തിന് പ്രത്യേകിച്ച്, കേരളത്തിന് നേടിത്തരുന്നതിൽ അറബി ഭാഷക്കും അറേബ്യൻ നാടുകളിൽ ജോലി ചെയ്യുന്നവർക്കുമുള്ള പങ്ക് ബന്ധപ്പെട്ടവർ മറക്കരുത്. അറബി ഭാഷാപഠനം പ്രൈമറി വിദ്യാലയം മുതൽ സർവകലാശാലകൾ വരെ കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് ഏറ്റവും ഗുണപ്രദമായ രീതിയിൽ ക്രമപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
(കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."