'ഓണ്‍ലൈന്‍ മാത്രം പോരാ, മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണം' സര്‍ക്കാരിന് പാര്‍ട്ടിയുടെ മാര്‍ഗ നിര്‍ദേശം
തിരുവനന്തപുരം: മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓണ്‍ലൈന്‍ മാത്രം പോരാ. മന്ത്രിമാര്‍ കൂടുതല്‍ സജീവമാകണം. മന്ത്രിമാര്‍ നാട്ടിലിറങ്ങി സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടതുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മ പാര്‍ട്ടിയല്ലേ ചര്‍ച്ച ചെയ്യുകയെന്ന് കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വകുപ്പിനെതിരെ വിമര്‍ശനം ഉണ്ടാകാത്ത കാലഘട്ടമുണ്ടായിട്ടുണ്ടോ?. എല്ലാക്കാലത്തും പൊലീസിനെതിരെ വിമര്‍ശനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനം കേരളത്തിലാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ഗവര്‍ണറെ ഉപയോഗിച്ചും സര്‍ക്കാറിനെതിരെ നീക്കം നടക്കുന്നു. ഗവര്‍ണര്‍ ഇടപെടേണ്ട രീതിയില്‍ അല്ല നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ബോധപൂര്‍വമായ കൈവിട്ട കളിയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാറിനെ താഴെയിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമീപനം സാധാരണ നിലയില്‍ കേരളത്തിന് പരിചയമില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണം. മാധ്യമങ്ങളും സര്‍ക്കാറിന്റെ നേട്ടങ്ങളെ തമസ്‌കരിക്കുന്നു. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കോടിയേരി പറഞ്ഞു.കിഫ്ബിയെ ഉള്‍പ്പെടെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തോമസ് ഐസക്കിന് എതിരായ ഇ.ഡി നോട്ടീസ് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാണ്. കിഫ്ബിയുടെ പ്രവര്‍ത്തനം തകര്‍ക്കുകയാണ് ലക്ഷ്യം. എല്ലായിടത്തും ഇ.ഡി കടന്നുകയറി ഇടപെടുന്നുവെന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട് മേയര്‍ ബീനാഫിലിപ്പ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ കൂടുതല്‍ നടപടിയില്ല. ജില്ലാ നേതൃത്വം പരിപാടിയില്‍ പങ്കെടുത്തതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മേയറും കാര്യം മനസിലാക്കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."