വിഴിഞ്ഞം തുറമുഖ പദ്ധതി; സമരം തുടരും; മുഖ്യമന്ത്രി ചർച്ച നടത്തും
തിരുവനന്തപുരം • വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തുന്ന സമരം തുടരും. സമരം ഒത്തുതീർപ്പാക്കാൻ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി ചർച്ച നടത്തും.
ഇന്നലെ വൈകീട്ടോടെ ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുമായി സമരക്കാർ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ ധാരണയായത്.
മൂന്നു മണിക്കൂർ നീണ്ട മന്ത്രിതല ചർച്ചയിൽ ഏഴ് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചതായി മന്ത്രിമാരും സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത വികാരിയുമായ ജനറൽ യൂജിൻ പെരേരയും പറഞ്ഞു.
ചർച്ചയിൽ അനുകൂല പ്രതികരണമാണ് മന്ത്രിമാരിൽ നിന്നുണ്ടായതെന്ന് യൂജിൻ പെരേര പറഞ്ഞു. അതേസമയം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം പെട്ടെന്ന് പരിഗണിക്കാൻ സാധിക്കില്ലെന്ന് മന്ത്രിമാർ അറിയിച്ചു. എന്നാൽ ഈ ആവശ്യം അംഗീകരിക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
നിലവിൽ പുനരധിവാസമടക്കം ക്ഷേമ പദ്ധതികളിൽ ഊന്നി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ ആകുമോ എന്നാണ് സർക്കാർ ശ്രമിക്കുന്നത്. സമരക്കാർക്ക് ഏഴ് ആവശ്യങ്ങളുണ്ട്. ഇതിൽ അഞ്ച് ആവശ്യങ്ങൾ അംഗീകരിച്ചതായി സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ക്യാംപുകളിൽ കഴിയുന്ന എല്ലാവരേയും ഓണത്തിനുമുൻപായി വാടക വീട്ടിലേക്ക് മാറ്റാമെന്ന് മന്ത്രിമാർ ഉറപ്പു നൽകിയിട്ടുണ്ട്. ഈ കുടുംബങ്ങളെ സ്ഥിരമായി പാർപ്പിക്കാൻ സംവിധാനമൊരുക്കും. മുട്ടത്തറ 17.5 ഏക്കർ സ്ഥലം ഭവനപദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. വേറെയും സ്ഥലം ഇതിനായി കണ്ടെത്തും.
മണ്ണെണ്ണയുടെ കാര്യം സാമ്പത്തിക ബാധ്യത കൂടി വരുന്ന വിഷയമായതിനാൽ മുഖ്യമന്ത്രിയോട് കൂടി ചർച്ച ചെയ്ത് മന്ത്രിസഭയിൽ തീരുമാനമെടുക്കാം എന്ന് അറിയിച്ചു. മുതലപ്പൊഴിയുടെ കാര്യത്തിലും മത്സ്യത്തൊഴിലാളികളുമായി സഹകരിച്ചും കൂടിയാലോചിച്ചും പരിഹാരം കണ്ടെത്തും. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ചർച്ചയിൽ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയടക്കം ഒൻപതംഗ സമരസമിതി നേതാക്കൾ, തിരുവനന്തപുരം കലക്ടർ, ഫിഷറീസ് വകുപ്പ് മേധാവിമാർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."