ഗവര്‍ണറുടെ മനോനിലതെറ്റി, അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ മോശം; വിമര്‍ശിച്ച് ഇപി ജയരാജന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമനില തെറ്റിയെന്നും അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ മോശമാണെന്നും വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെയും ഡോ. ഗോപിനാഥിനെയുമെല്ലാം നിലവാരമില്ലാത്ത വാക്കുകള്‍ക്കൊണ്ടാണ് പരാമര്‍ശിച്ചതെന്നും ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ ഗവര്‍ണര്‍ യോഗ്യനല്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ഇര്‍ഫാന്‍ ഹബീബിനെ തെരുവുതെണ്ടിയെന്നാണ് ഗവര്‍ണര്‍ വിളിച്ചത്. ഇതേ വാക്ക് ഗവര്‍ണറെ ആരെങ്കിലും വിളിച്ചാല്‍ എന്തായിരിക്കും പ്രതികരണം?.ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ചോര്‍ക്കണമെന്നും ഉപയോഗിക്കുന്ന പദങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും ജയരാജന്‍ ഓര്‍മ്മപ്പെടുത്തി.
ചരിത്ര കോണ്‍ഗ്രസില്‍ നടന്ന സംഭവത്തെ പറ്റിപറഞ്ഞുകൊണ്ടാണ് ഇര്‍ഫാന്‍ ഹബീബിനെ തെരുവുഗുണ്ടയെന്ന് വിളിച്ചത്. 2019 ല്‍ നടന്ന പരിപാടിയെക്കുറിച്ച പരാതിയുണ്ടെങ്കില്‍ അത് അന്ന് പറയണമായിരുന്നു.ആഗ്രഹിച്ച ഏതോകാര്യം സാധിക്കാത്തതിന്റെ നിരാശയില്‍ ഗവര്‍ണറുടെ മനോനില തെറ്റിയെന്നും അല്ലെങ്കില്‍ ഒരിക്കലും അത്തരത്തിലുള്ള പദങ്ങള്‍ പ്രയോഗിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.
സര്‍വ്വകലാശാലകളില്‍ നടക്കുന്ന നിയമനങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കുമെതിരെ പരാതിയുണ്ടെങ്കില്‍ അതിന് നിയമപരമായി നേരിടുകയാണ് വേണ്ടത്. മറിച്ച് ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായത്. ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."