കണ്ണൂര്‍ എസ്.പിയെ ഇന്നു മാറ്റിയേക്കും; ദിനേന്ദ്രകശ്യപിനും സ്ഥാനചലനം
കണ്ണൂര്‍: സി.പി.എമ്മിന്റെ അപ്രീതിക്കിരയായ കണ്ണൂര്‍ എസ്.പി സഞ്ജയ്കുമാര്‍ ഗുര്‍ദ്ദീനിനെ ഇന്നു മാറ്റിയേക്കും. പുതിയ എസ്.പിയെ ഉടന്‍നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പുറപ്പെടുവിപ്പിക്കും. ഉത്തരമേഖലാ റെയ്ഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിനും മാങ്ങാട്ടുപറമ്പ് കെ.എ.പി കമാന്‍ഡന്റ് കെ.പി ഫിലിപ്പിനും സ്ഥലംമാറ്റമുണ്ടാകും. മുന്‍പ് കണ്ണൂര്‍ എസ്.പിമാരായിരുന്ന രാഹുല്‍ ആര്‍ നായര്‍, മലപ്പുറം എം.എസ്.പി കമാന്‍ഡന്റ് പി.എ വത്സന്‍, ഡോ. ശ്രീനിവാസ് എന്നിവരെയാണ് ജില്ലാപൊലിസ് മേധാവിയായി പരിഗണിക്കുന്നത്. നിലവില്‍ രാഹുല്‍ പൊലിസ് ആസ്ഥാനത്ത് എ.ഐ.ജിയും ഡോ. ശ്രീനിവാസ് കാസര്‍കോട് എസ്.പിയുമാണ്. പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജ് വധക്കേസില്‍ എസ്.പി സഞ്ജയ്കുമാര്‍ സ്വീകരിച്ച നിലപാടാണ് സി.പി. എം ജില്ലാനേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയത്. ഇതുകൂടാതെ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലയ്ക്കു പുറത്തേക്ക്സ്ഥലം മാറ്റിയ ഇടതു അനുകൂലികളായ പൊലിസ് ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാന്‍ തടസം നിന്നതും സഞ്ജയ്കുമാറിനെ സി.പി.എമ്മിന്റെ കണ്ണിലെ കരടാക്കി. കേന്ദ്രസര്‍വിസിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി നേരത്തെ അപേക്ഷിച്ച സഞ്ജയ്കുമാറിന്റെ നിയമന കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. പയ്യന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം പ്രാദേശിക നേതാവ് ടി.സി.വി നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ചു സി.പി.എം ജില്ലാനേതൃത്വം എസ്.പിയെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം കണ്ണൂര്‍ എസ്.പി ലംഘിച്ചുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."