യാത്രാ നിരോധനം ; സഊദിയിലേക്കുള്ള അയ്യായിരത്തിലധികം മലയാളികള്‍ എത്യോപ്യയില്‍ കുടുങ്ങി
ടി. മുംതാസ്
കോഴിക്കോട്: എത്യോപ്യയില്‍നിന്ന് സഊദി അറേബ്യയിലേക്കു യാത്രാ നിരോധനമേര്‍പ്പെടുത്തിയതോടെ ദുരിതത്തിലായത് അയ്യായിരത്തിലധികം മലയാളികള്‍.
ഇന്ത്യയില്‍നിന്ന് സഊദിയിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ എത്യോപ്യ വഴി പോകാന്‍ പുറപ്പെട്ട മലയാളികളാണ് അപ്രതീക്ഷിത വിലക്കില്‍ അവിടെ കുടുങ്ങിയത്. ഈ മാസം രണ്ടിന് എത്യോപ്യ, വിയറ്റ്‌നാം, യു.എ.ഇ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കു കൂടി സഊദി യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
ദിനംപ്രതി 150നും 200നുമിടയില്‍ മലയാളികളാണ് സഊദിയിലേക്കു പോകാന്‍ എത്യോപ്യയിലേക്കു പുറപ്പെട്ടിരുന്നത്. 15 ദിവസം എത്യോപ്യയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ സഊദിയിലേക്കു പുറപ്പെടുക. ഇങ്ങനെ ക്വാറന്റൈനില്‍ കഴിയുന്നവരാണ് അപ്രതീക്ഷിത യാത്രാ വിലക്കില്‍ പെരുവഴിയിലായാത്.
എത്യോപ്യയിലെയും സഊദിയിലേയും ക്വാറന്റൈന്‍ ചെലവുകളടക്കം ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് യാത്രക്കാരില്‍നിന്ന് ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നത്.
വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ടിക്കറ്റ് റീഫണ്ട് ചെയ്യിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി ഇന്‍ഡസ് ഫെഡറേഷന്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂര്‍ ഏജന്റ്‌സ് പ്രസിഡന്റ് അഹമ്മദ് ഷമീം അറിയിച്ചു.
ഇവര്‍ക്ക് ഇനി സെര്‍ബിയ, അര്‍ജന്റീന, ഉക്രൈന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ മാത്രമേ യാത്ര തുടരാനാവൂ. ഇതിന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും അധികച്ചെലവ് വരുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇത് സാധ്യമല്ലാത്തതിനാല്‍ പലരും നാട്ടിലേക്കു മടങ്ങാനാണ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലുമാണ്. നാട്ടിലെത്തി മടങ്ങാനാവാത്തവരുടെ വിസ കാലാവധി ജൂലൈ 31 വരെയാണ് സഊദി നീട്ടിനല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ ഈ തിയതിക്കു മുമ്പ് നേരിട്ടുള്ള യാത്ര സംബന്ധിച്ച് കൃത്യതയില്ലാത്തതിനാല്‍ ഈ കാലാവധിയും നീട്ടാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."