കുറയുമോ അവശ്യമരുന്നുകളുടെ വില?
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ അവശ്യമരുന്നുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്. കാൻസർ, ഹൃദ്രോഗം ചികിത്സക്കുള്ള മരുന്നുകളുടെ വില എത്രകണ്ടു കുറയുമെന്നതിന് കൃത്യമായ വിവരങ്ങളില്ല എന്നത് പട്ടികയുടെ പോരായ്മയാണ്. വില കുറയുമെന്നത് പ്രതീക്ഷ മാത്രമാണ്. പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കാൻ തന്നെ വർഷങ്ങളെടുത്തു. പട്ടികയിൽ ഉൾപ്പെടുത്തിയ മരുന്നുകളുടെ വില കമ്പനികൾക്ക് യഥേഷ്ടം തീരുമാനിക്കാനാവില്ല എന്നത് താൽക്കാലിക ആശ്വാസം മാത്രമേ ആകുന്നുള്ളു. മരുന്നു കമ്പനികളുടെ സമ്മർദത്തിന് വഴങ്ങി സർക്കാർ നിലപാടിൽ ഏത് സമയത്തും മാറ്റം വന്നേക്കാം. മുൻ കാല അനുഭവങ്ങളും അതുതന്നെയായിരുന്നു. പട്ടികയിൽ ഉൾപ്പെടുത്തിയ അവശ്യമരുന്നുകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി കിട്ടുമെന്നാണ് പറയുന്നത്. അത്തരം മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.
കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്രധാൻമന്ത്രി ജൻ ഔഷധി യോജന മരുന്ന് വിൽപനയിലെ കുതന്ത്ര പ്രയോഗം സർക്കാർ ആശുപത്രികളിലെ സൗജന്യ മരുന്ന് വിൽപനയിലും ഉണ്ടായേക്കാം. വലിയ വില കൊടുത്തു വാങ്ങേണ്ടിവരുന്ന മരുന്നുകൾ നിസാര വിലക്ക് പ്രധാനമന്ത്രി ജൻ ഔഷധി യോജനയിൽ നിന്ന് കിട്ടുമെന്ന മോഹത്താലായിരുന്നു കാൻസർ രോഗികളും ഹൃദ്രോഗ രോഗികളും വൻ തോതിൽ ജൻ ഔഷധിയിലേക്ക് ആകർഷിക്കപ്പെട്ടത്. 2008ൽ യു.പി.എ സർക്കാരിന്റെ കാലത്താണ് ജൻ ഔഷധിക്ക് തുടക്കമിട്ടത്. പൊതുമേഖലാ ഔഷധ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കൂടിയായിരുന്നു ഇത്തരമൊരു പദ്ധതി കൊണ്ട് ഉദേശിച്ചിരുന്നത്. എന്നാലിപ്പോൾ മരുന്നു സപ്ലൈ ചെയ്യുന്നത് പൊതുമേഖലാ ഔഷധ കമ്പനികളല്ല. പൊതുമേഖലയിലെ മൂന്ന് മരുന്ന് കമ്പനികൾ ഇതിനകം പൂട്ടിക്കഴിഞ്ഞു. 140 സ്വകാര്യ മരുന്ന് കമ്പനികളാണിപ്പോൾ 2015ൽ പ്രധാൻമന്ത്രി ജൻ ഔഷധി യോജന എന്ന പേരിലറിയപ്പെടുന്ന മെഡിക്കൽ ഷാപ്പുകൾക്ക് മരുന്ന് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്ത വർഷം മുതൽ പ്രധാൻമന്ത്രി ജൻ ഔഷധി യോജന എന്ന പേര് പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയായി മാറുമ്പോൾ അതിന്റെ ചുരുക്കപ്പേര് പി.എം.ബി.ജെ.പി എന്ന് വായിക്കാനാകും. മരുന്ന് വിതരണം ചെയ്ത പൊതുമേഖലാ കമ്പനികൾ അടച്ചുപൂട്ടുകയും പകരമവിടെ സ്വകാര്യ മരുന്ന് കുത്തകകൾക്ക് വാതിൽ തുറന്നുകൊടുക്കുകയും പ്രധാൻമന്ത്രി ജൻ ഔഷധിയോജന ഭാവിയിൽ പി.എം.ബി.ജെ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്യുമ്പോൾ മരുന്നിന്റെ ഗുണനിലവാരം സംശയാസ്പദമായി തീരുന്നതോടൊപ്പം സ്വഭാവവും മാറിയേക്കാം.
ജീവൻരക്ഷാമരുന്നുകളുടെ വില മാസങ്ങൾക്ക് മുമ്പാണ് കുത്തനെ കൂട്ടിയത്. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തിയ പാരസെറ്റമോൾ മുതൽ സാധാരണ ഉപയോഗിച്ചുവരുന്ന ആന്റി ബയോട്ടിക്കുകളായ അസിത്രോമൈസിന്റേയും ഡോക്‌സി സൈക്ലിന്റേയും രക്താതിമർദം, പ്രമേഹം എന്നിവക്കുള്ള മരുന്നുകളുടേയും വില ഏപ്രിൽ ഒന്നു മുതൽ 10.7 ശതമാനം കണ്ട് വർധിപ്പിച്ചിരിക്കുകയാണ്. എണ്ണൂറോളം മരുന്നിന്റെ വില 20 ശതമാനത്തിലേറെയാണ് കൂട്ടിയത്. കൊവിഡിന്റെ ആഘാതത്തിൽ നിന്ന് ജനം പൂർണമായും മുക്തമാകാത്ത ഒരവസരത്തിലായിരുന്നു കേന്ദ്ര സർക്കാർ സ്വകാര്യ മരുന്ന് കുത്തകകൾക്ക് പത്ത് ശതമാനം വരെ വില വർധിപ്പിക്കാൻ അനുമതി നൽകിയത്. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) ആയിരുന്നു എണ്ണൂറോളം അവശ്യമരുന്നുകളുടെ മൊത്തവില വർധന പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പാരസെറ്റമോൾ പോലുള്ള മരുന്നുകൾക്ക് 130 ശതമാനം വരെയാണ് വില വർധിച്ചത്.
ഇന്ത്യയിൽ ഓരോ വർഷവും ഏതാണ്ട് ഒരു ലക്ഷം കോടി രൂപക്ക് മുകളിൽ മരുന്ന് കച്ചവടം നടക്കുന്നുണ്ട്. ഇതിൽ ഏറിയ പങ്കും വിറ്റഴിക്കുന്നതാകട്ടെ കേരളത്തിലും. ഏറ്റവുമധികം ചൂഷണം നടക്കുന്നതും മരുന്ന് വിപണന രംഗത്താണ്. വില നിയന്ത്രണത്തിലുണ്ടാകുന്ന പാളിച്ചകൾ അല്ലെങ്കിൽ പഴുതുകൾ കണ്ടെത്തിയാണ് കുത്തകകൾ ജീവൻരക്ഷാമരുന്നുകൾക്ക് കുത്തനെ വില കൂട്ടിക്കൊണ്ടിരിക്കുന്നത്. കുത്തകകളുടെ വില പേശലുകളെ തടയുവാനോ അതിജീവിക്കുവാനോ കേന്ദ്ര സർക്കാർ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അങ്ങനെ ഉണ്ടാകാത്തിടത്തോളം കേന്ദ്ര ആരോഗ്യ മന്ത്രാലയം അവശ്യമരുന്നുകളുടെ വില പട്ടിക പുതുക്കിയത് കൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനേ പറ്റൂ. ഉറപ്പിക്കാനാവില്ല.
വില നിയന്ത്രണമുള്ള മരുന്നുകൾക്ക് പത്ത് ശതമാനം വില കൂട്ടണമെന്ന് മരുന്ന് കമ്പനികളുടെ സംഘടനയായ ഇന്ത്യൻ ഡ്രഗ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടത് ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. സർക്കാർ അവരുടെ ആവശ്യങ്ങളോട് അനുഭാവ പൂർവമാണ് പ്രതികരിച്ചത്. കൊവിഡിന്റെ പ്രത്യാഘാതങ്ങൾ കൊണ്ട് ജനങ്ങൾ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന ഒരവസരത്തിലായിരുന്നു മുടന്തൻ ന്യായങ്ങൾ നിരത്തി വില കൂട്ടണമെന്ന് മരുന്ന് കമ്പനികളുടെ കൂട്ടായ്മ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടത്. ബൈപാസ് ഹൃദയ ശസ്ത്രക്രിയകൾക്ക് ചെലവേറുമെന്നതിനാൽ സാധാരണക്കാരായ ഹൃദ്രോഗികൾ ബൈപാസ് ശസ്ത്രക്രിയ ഒഴിവാക്കി ബൈപാസ് സ്റ്റെന്റുകൾ ഉപയോഗിച്ചുപോരുകയായിരുന്നു. അവസരം ചൂഷണം ചെയ്ത് കുത്തകകൾ ബൈപാസ് സ്റ്റെന്റുകളുടെ വിലയും കുത്തനെ കൂട്ടി. സ്റ്റെന്റുകളുടെ വില കുറയ്ക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പിൽ നിന്നോ സർക്കാരിൽ നിന്നോ യാതൊരു നടപടിയും ഉണ്ടായില്ല.
രോഗങ്ങൾ സർവസാധാരണമാണ്. എന്നാൽ മാരക രോഗങ്ങളും ജീവിതശൈലീ രോഗങ്ങളും ഏറെയും ബാധിക്കുന്നത് ദരിദ്രരായ ജനങ്ങളെയാണ്. ദാരിദ്ര്യത്തോടൊപ്പം രോഗവും കൂടി പിടിപ്പെടുമ്പോൾ ഒരു കുടുംബത്തിന്റെ അതിജീവന വാതിലുകളാണ് അടയുന്നതെന്ന് സർക്കാർ ഓർക്കണം.
കുത്തകകളുടെ അദൃശ്യകരങ്ങൾ വില നിയന്ത്രണങ്ങളിൽ ഇടപെടുമ്പോൾ അവശ്യമരുന്നുകളുടെ വില കുറയുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യവയുടെ പ്രസ്താവനയിൽ എങ്ങനെയാണ് വിശ്വാസമർപ്പിക്കുക. നാളെയോ അടുത്ത ദിവസമോ ഇന്ത്യൻ ഡ്രഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ കേന്ദ്ര സർക്കാരിനെ സമീപിച്ച് മരുന്ന് നിർമാണ ഘടകങ്ങളിൽ ഭീമമായ വർധനയുണ്ടായിരിക്കുകയാണെന്നും പാക്കിങ് വസ്തുക്കളുടെ വില പിടിച്ചാൽ കിട്ടാത്തവണ്ണം മേലോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറക്കുമതി ചെലവുകൾ താങ്ങാനാവുന്നില്ലെന്നും പിടിച്ചുനിൽക്കാനാവാതെ തകർന്നടിയുമെന്നും വിലപിച്ചാൽ അവരുടെ ഇംഗിതത്തിന് സർക്കാർ വഴങ്ങുകയില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. അതാണ് മുൻകാല അനുഭവങ്ങൾ.
ഇപ്പോൾ പ്രഖ്യാപിച്ച അവശ്യമരുന്ന് പട്ടിക പ്രസിദ്ധീകരിക്കാൻ ഏഴു വർഷം വേണ്ടിവന്നു എന്നതും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കാൻ ഒരു വർഷം വൈകിയതും മരുന്ന് കമ്പനി ലോബി എത്രമേൽ ശക്തിയുള്ളവരാണ് എന്നതിന്റേയും കൂടി തെളിവാണ്. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ പട്ടിക പുതുക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ് ഏഴുവർഷം വൈകി പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."