കൊച്ചിയിലേക്കുള്ള എയർഇന്ത്യ വിമാനം പുറപ്പെടുന്നതിനിടെ തീപിടിച്ചു
മസ്‌കത്ത് • കൊച്ചിയിലേക്കുള്ള ടാറ്റാ ഗ്രൂപ്പിന്റെ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനിടെ തീപിടിച്ചു.
ടേക്ക് ഓഫ് ചെയ്യുന്നതിന് ഏതാനും മിനുട്ടുകൾക്ക് മുൻപാണ് ഐ.എക്‌സ് 442 നമ്പർ വിമാനത്തിന്റെ ഒരു എൻജിനിൽ തീപിടിത്തമുണ്ടായത്.
എമർജൻസി വാതിൽ വഴി യാത്രക്കാർ രക്ഷപ്പെട്ടു. സംഭവത്തിൽ 14 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല. വിമാനത്തിൽ ജീവനക്കാരടക്കം 145 യാത്രക്കാരും നാലു നവജാതശിശുക്കളും ഉണ്ടായിരുന്നു. പ്രാദേശിക സമയം രാവിലെ ഒമ്പതിന് മസ്‌കത്തിൽനിന്ന് പറന്നുയരേണ്ടതായിരുന്നു വിമാനം.
വൈകീട്ട് 4.40നാണ് വിമാനം കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്നത്. മറ്റൊരു വിമാനത്തിലെ ജീവനക്കാരാണ് പുക ഉയരുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നിസാര പരുക്കേറ്റവർക്ക് വിമാനത്താവളത്തിലെ ക്ലിനിക്കിൽ പ്രാഥമിക ശ്രുശ്രൂഷ നൽകി. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം തീയണച്ച് വിമാനം ടെർമിനലിലേക്ക് മാറ്റി.
മുംബൈ-ദുബൈ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കത്തിലിറക്കി അവിടെ കുടുങ്ങിയ യാത്രക്കാരെ പുലർച്ചെയോടെ കൊച്ചിയിലെത്തിച്ചു. അതേസമയം, ഈ വിമാനം നെടുമ്പാശ്ശേരിയിലെത്തിയ ശേഷം ദോഹയിലേക്ക് സർവിസ് നടത്തേണ്ടതായിരുന്നു. ഈ സർവിസും റദ്ദാക്കി. ഇതോടെ ദോഹയിലേക്ക് പോകേണ്ട 157 യാത്രക്കാരും നെടുമ്പാശ്ശേരിയിൽ കുടുങ്ങി. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുമായി പുലർച്ചെ നെടുമ്പാശ്ശേരിയിലെത്തിയ മുംബൈ-ദുബൈ വിമാനത്തിലാണ് ദോഹയിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."