ഗോവയിലും ബി.ജെ.പിയുടെ ജനാധിപത്യഹത്യ
പനാജി • ഗോവയിലെ 11 കോൺഗ്രസ് എം.എൽ.എമാരിൽ എട്ടുപേരെയും ചാക്കിട്ടുപിടിച്ച് ബി.ജെ.പി. രണ്ടുമാസം മുമ്പ് ബി.ജെ.പി നടത്തിയ കുതിരക്കച്ചവട ശ്രമം കോൺഗ്രസ് പരാജയപ്പെടുത്തിയിരുന്നു. നിരന്തര ശ്രമത്തിനൊടുവിൽ മുൻ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും അടക്കം ബി.ജെ.പി ഇപ്പോൾ തങ്ങളുടെ പാളയത്തിലെത്തിച്ചു.
മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദെലീല ലോബോ, രാജേഷ് ഫാൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് കോൺഗ്രസ് വിട്ടത്. മൈക്കിൾ ലോബോയുടെ ചേംബറിൽ യോഗം ചേർന്ന ശേഷം കോൺഗ്രസ് എം.എൽ.എമാർ ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്തിനെ കണ്ടു. ഇതിനുപിന്നാലെ സഭയിലെ കോൺഗ്രസ് ചേരിയെ ബി.ജെ.പിയിൽ ലയിപ്പിക്കുകയാണെന്ന് ഇവർ പ്രമേയം പാസാക്കി. കോൺഗ്രസിന്റെ മൂന്നിൽ രണ്ട് എം.എൽ.എമാരും പാർട്ടി വിട്ടതിനാൽ കൂറുമാറ്റപ്രശ്നം ബാധിക്കാനിടയില്ല.
40 അംഗ ഗോവ സഭയിലേക്ക് ഈവർഷം നടന്ന തെരഞ്ഞെടുപ്പിൽ 20 പേരുടെ പിന്തുണയാണ് ബി.ജെ.പിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുള്ള ബി.ജെ.പി മൂന്ന് സ്വതന്ത്രരുടെയും മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെ രണ്ട് എം.എൽ.എമാരുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്.
കോൺഗ്രസിനെതിരേ ഘടകകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി) രൂക്ഷമായി പ്രതികരിച്ചു. കൂറുമാറിയ എം.എൽ.എമാർ ദുഷ്ടൻമാരും ജനങ്ങളുടെയും ദൈവത്തിന്റെയും ശത്രുക്കളുമാണെന്ന് ജി.എഫ്.പി അധ്യക്ഷൻ വിജയ് സർദേശായി എം.എൽ.എ ആരോപിച്ചു.
സമ്പത്തിനോടും അധികാരത്തോടുമുള്ള അത്യാർത്തി പിന്തുടരാൻ തീരുമാനിച്ച എം.എൽ.എമാർ തിന്മയുടെ പ്രതീകങ്ങളാണ്. അധികാരത്തിൽ തുടരാൻ വേണ്ടിയാണ് ബി.ജെ.പി ജനവഞ്ചന നടത്തുന്നത്. അതിൽ കോൺഗ്രസ് വീണു. കൂറുമാറ്റം ജനവിധിയോടു മാത്രമല്ല, ദൈവത്തെ വഞ്ചിക്കലുമാണെന്ന് സർദേശായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."