കണ്ണൂരിൽ വീണ്ടും ജപ്തി; വഴിയാധാരമായത് രോഗിയായ മാതാവും ഭിന്നശേഷിക്കാരിയായ മകളും ഉൾപ്പെട്ട കുടുംബം
തളിപ്പറമ്പ് (കണ്ണൂർ) • വീട് ബാങ്ക് ജപ്തി ചെയ്തതോടെ വഴിയാധാരമായത് ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉൾപ്പെടുന്ന കുടുംബം. കുറുമാത്തൂർ അതിരിയാട്ടെ അങ്ങേത്ത് അബ്ദുല്ലയുടെ ഷബാനാസ് എന്ന വീടും 12 സെന്റ് സ്ഥലവുമാണു എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതർ ജപ്തി ചെയ്തത്. വീടും സ്ഥലവും ഈടുവച്ച് കണ്ണൂരിലെ എച്ച്.ഡി.എഫ്.സി ബാങ്ക് മുഖ്യശാഖയിൽ നിന്നു 2017ൽ 25 ലക്ഷം രൂപയാണ് അബ്ദുല്ല വായ്പയെടുത്തിരുന്നത്. സഊദിയിൽ റസ്റ്ററന്റ് ജീവനക്കാരനായിരുന്ന അബ്ദുല്ല 33,000 രൂപയോളമാണു പ്രതിമാസം തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്.
രണ്ടുവർഷം കൊണ്ട് അഞ്ചുലക്ഷം രൂപയോളം ഈ രീതിയിൽ തിരിച്ചടച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്നു ജോലി നഷ്ടപ്പെട്ട് തിരിച്ചടവ് മുടങ്ങി. നിയന്ത്രണം നീങ്ങി പുതിയ ജോലിയിൽ പ്രവേശിച്ചെങ്കിലും രണ്ടുമാസം മുമ്പ് നാട്ടിലേക്കു തിരിച്ചുപോരേണ്ടി വന്നു. ഭാര്യയും നാലു പെൺമക്കളും അടങ്ങുന്നതാണ് അബ്ദുല്ലയുടെ കുടുംബം. ഞരമ്പ് സംബന്ധമായ അസുഖം കാരണം ഭാര്യക്കു പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. 27 വയസുള്ള മൂത്തമകൾക്ക് പോളിയോ ബാധിച്ചതിനാൽ അരയ്ക്കുതാഴെ ചലനശേഷിയില്ല. മറ്റു രണ്ടുപേർ വിദ്യാർഥികളാണ്. കുടുംബത്തിൻ്റെ ചികിത്സയ്ക്കും മകളുടെ വിവാഹ ആവശ്യത്തിനുമായാണ് അബ്ദുല്ല വായ്പ എടുത്തതെന്നു ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെ എത്തിയ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലുള്ളവരെ പുറത്തിറക്കി നോട്ടിസ് പതിപ്പിച്ച് വീട് സീൽ ചെയ്യുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. സ്‌കൂളിൽ പോയ കുട്ടികൾ തിരിച്ചെത്താനുള്ള സാവകാശം പോലും നൽകിയില്ലെന്നും ആരോപണമുണ്ട്. അബ്ദുല്ലയുടെ രോഗിയായ ഭാര്യ ഹാജിറയും ഭിന്നശേഷിക്കാരിയായ മകൾ ഷബാനയും ഉൾപ്പെടെ വീടിനുമുന്നിൽ തന്നെ കഴിയുന്ന വിവരമറിഞ്ഞെത്തിയ നാട്ടുകാർ രാത്രിയോടെ ഇവരെ ഇരിക്കൂറിലെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു. കൂത്തുപറമ്പ് പുറക്കളത്തെ പി.എം സുഹറയുടെ ഉടമസ്ഥതയിലുള്ള വീടും എട്ടേകാൽ സെൻ്റ് സ്ഥലവും കഴിഞ്ഞ ദിവസം സംസ്ഥാന സഹകരണ ബാങ്ക് അധികൃതർ ജപ്തി ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."