കൃഷിഭൂമി കുറയുമ്പോഴും വകുപ്പില്‍ നിയമനത്തിന് കുറവില്ല കേരളത്തില്‍ 141 ഹെക്ടറിന് ഒരു ഉദ്യോഗസ്ഥന്‍; കര്‍ണാടകയില്‍ 1,425 ഹെക്ടറിന് ഒരാള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി കുറയുമ്പോഴും കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥ നിയമനത്തിന് കുറവില്ല. സംസ്ഥാനത്ത് ഓരോ 141 ഹെക്ടര്‍ ഭൂമിക്കും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വീതമാണുള്ളത്. എന്നാല്‍, അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ 1,425 ഹെക്ടര്‍ പ്രദേശത്തിന് ഒരു ഉദ്യോഗസ്ഥനാണുള്ളത്. 60 ശതമാനം കാര്‍ഷികോത്പന്നങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോഴാണ് കേരളം ആവശ്യത്തിലധികം ഉദ്യോഗസ്ഥരെ കൃഷിവകുപ്പില്‍ നിയമിച്ചിരിക്കുന്നത്.
കേരള പൊതു ചെലവ് അവലോകന സമിതി (കെ.പി.ഇ.ആര്‍.സി) ചെയര്‍മാനും തിരുവനന്തപുരം ആസ്ഥാനമായുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഗവേണിങ് ബോഡി അംഗവുമായ ഡി.നാരായണന്‍ ശേഖരിച്ച കണക്കനുസരിച്ച് സംസ്ഥാനത്ത് കൃഷി വകുപ്പില്‍ 7,903 പേര്‍ ജോലി ചെയ്യുന്നു. കേരളത്തെക്കാളും വലിയ സംസ്ഥാനമായ കര്‍ണാടകയിലാകട്ടെ 7,775 പേര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. തെലങ്കാനയില്‍ കൃഷി വകുപ്പില്‍ 6,292 പേരാണ് ജോലി ചെയ്യുന്നത്. കര്‍ണാടകയില്‍ 110.76 ലക്ഷം ഹെക്ടറും തെലങ്കാനയില്‍ 48.93 ലക്ഷം ഹെക്ടറും കൃഷിഭൂമിയുണ്ട്. കേരളത്തിലെ കൃഷിഭൂമി വെറും 11.16 ലക്ഷം ഹെക്ടര്‍ മാത്രമാണ്.
2019-20 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിലെ കൃഷിവകുപ്പിന്റെ പദ്ധതിച്ചെലവ് 1,100 കോടി രൂപയായിരുന്നു. ശമ്പളവും പലിശയും അടങ്ങുന്ന പദ്ധതി ഇതര ചെലവാകട്ടെ 900 കോടി രൂപയും. കൃഷിവകുപ്പിനായി നീക്കിവച്ച ഫണ്ടിന്റെ 45 ശതമാനവും ഉത്പാദനേതര ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.
കണക്കുകള്‍പ്രകാരം കേരളത്തില്‍ 1975ല്‍ 8,76,000 ഹെക്ടര്‍ ഭൂമിയിലാണ് നെല്‍ക്കൃഷി ചെയ്തതെങ്കില്‍ 1996ല്‍ 4,31,000 ഹെക്ടറായി കുറഞ്ഞു. കേരളത്തില്‍ വരുമാനത്തിന്റെ 65 ശതമാനത്തിലധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനും പലിശ അടയ്ക്കാനുമാണ് ഉപയോഗിക്കുന്നത്. ഇ- ഓഫിസ് നടപ്പാക്കി വിവിധ തസ്തികകള്‍ നിര്‍ത്തലാക്കാന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഒന്നാം പിണറായി സര്‍ക്കാര്‍ യാതൊരു നടപടിയുമെടുത്തിരുന്നില്ല. കേരളത്തില്‍ സര്‍ക്കാര്‍മേഖലയില്‍ മൊത്തം 5,21,531 ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. എന്നാല്‍, കര്‍ണാടകയില്‍ 5,12,521 പേര്‍ മാത്രമാണ് സര്‍ക്കാര്‍മേഖലയില്‍ ജോലി ചെയ്യുന്നത്. തെലങ്കാനയില്‍ 4,40,025 പേര്‍ ജോലി ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."