40 ദിവസമായി ലോക്ഡൗണ്‍; പട്ടിണിയില്‍ വലഞ്ഞ് സിന്‍ജിയാങ്
ബെയ്ജിങ്: ഭക്ഷ്യസാധനങ്ങള്‍ ലഭിക്കാതെ പരക്കംപായുന്ന ജനങ്ങള്‍, പട്ടിണിമൂലം നിലവിളിക്കുന്ന കുഞ്ഞുങ്ങള്‍, ഒഴിഞ്ഞ ഫ്രിഡ്ജുകള്‍. കൊവിഡ് ഭീതി മൂലം 40 ദിവസമായി ലോക്ഡൗണ്‍ തുടരുന്ന ചൈനയിലെ സിന്‍ജിയാങ് നഗരത്തില്‍ നിന്നുള്ള കാഴ്ചകളാണിത്. ടിക് ടോക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രദേശവാസികള്‍ ലോക്ഡൗണിന്റെ ദുരന്തകാഴ്ചകള്‍ പുറംലോകത്തെ അറിയിച്ചത്. വീഡിയോകള്‍ ചൈനീസ് ഭരണകൂടം നീക്കംചെയ്യുന്നുണ്ടെങ്കിലും പലരും വീണ്ടും പോസ്റ്റ് ചെയ്യുന്നത് തുടരുന്നു. കിംവദന്തികള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തു. ഗുല്‍ജ ഗ്രാമത്തില്‍ പട്ടിണികാരണം പ്രതിഷേധിച്ചതിന് കഴിഞ്ഞ തിങ്കളാഴ്ച 600ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരില്‍ ചിലര്‍ മരണപ്പെട്ടു.
കണ്ണീരോടെയാണ് പലരും ലോക്ഡൗണ്‍ അനുഭവങ്ങള്‍ പങ്കുവച്ചത്. ചൈനയുടെ പടിഞ്ഞാറന്‍ അറ്റത്തുള്ള നഗരമാണ് സിന്‍ജിയാങ്. ഇവിടുത്ത ഗുല്‍ജ എന്ന പ്രദേശത്തെ ജനങ്ങള്‍ കാലിയായ റഫ്രിജറേറ്ററുകളുടെയും വിശന്നുകരയുന്ന കുട്ടികളുടെയും വിഡിയോ പങ്കുവച്ചു. കഴിഞ്ഞ ആഗസ്ത് ആദ്യവാരത്തിലാണ് ഇവിടെ ലോക്ഡൗണ്‍ ആരംഭിച്ചത്. സീറോ കോവിഡ് പോളിസിയുടെ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ സമ്പൂര്‍ണമായി അടച്ചിടുന്നുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണത്തിനു പുറമേ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കും വിധേയമാവണം. ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഇതൊന്നും പര്യാപ്തമാവുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഉയ്ഗൂര്‍ മുസ്‌ലിംകള്‍ കൂടുതലുള്ള ഗുല്‍ജ പ്രദേശത്തെ ജനങ്ങളെ ചൈനീസ് ഭരണകൂടം വിവേചനപരമായ കടുത്ത നടപടികളിലൂടെ പീഡിപ്പിക്കുകയാണെന്ന ആരോപണവും ജനങ്ങള്‍ ഉയര്‍ത്തുന്നു. സിന്‍ജിയാങില്‍ നേരത്തേ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും പ്രത്യേകമായ കടുത്ത നിയന്ത്രണങ്ങള്‍ പ്രദേശത്തുമാത്രമായി അടിച്ചേല്‍പ്പിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റുകള്‍, നിര്‍ബന്ധിത കുത്തിവയ്പ്, അണുനാശിനി പ്രയോഗം എന്നിവയിലൂടെ ജനങ്ങളെ വേട്ടയാടുന്നു. ഉയ്ഗൂര്‍ മുസ്‌ലിംകളെ പാര്‍പ്പിക്കുന്നതിനായി പ്രത്യേക തടങ്കല്‍പാളയങ്ങളും ഇവിടെയുണ്ട്. മനുഷ്യത്വത്തിനു നേരെയുള്ള കുറ്റകൃത്യം എന്നാണ് ഐക്യരാഷ്ട്ര സഭ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഭീകരവാദം തടയാനുള്ള നടപടികള്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നും തടങ്കല്‍ ക്യാംപുകള്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ മാത്രമാണെന്നുമാണ് ചൈനീസ് അധികൃതരുടെ വാദം. രണ്ടു വര്‍ഷത്തിലധികമായി ക്യാംപുകളില്‍ കഴിയുന്നവരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."