ഫോണ്‍വിളി വിവാദം വിദ്യാര്‍ഥിയെയും കുടുംബത്തെയും വരുതിയിലാക്കി മുകേഷിനെ രക്ഷിച്ച് സി.പി.എം
പാലക്കാട്: ഫോണ്‍ വിളിച്ച വിദ്യാര്‍ഥിയോട് എം. മുകേഷ് എം.എല്‍.എ മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഇടപെട്ട് സി.പി.എം. എം.എല്‍.എയെ ന്യായീകരിക്കാനും ഫോണ്‍ ചെയ്ത വിഷ്ണുവിന്റെ പ്രവൃത്തി തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ഒറ്റപ്പാലം മുന്‍ എം.എല്‍.എ ഹംസയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്നത്.
കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും വിഷ്ണുവിന്റെ വീട്ടിലെത്തുന്നതിന് മുന്‍പുതന്നെ വിഷ്ണുവിനെ സി.ഐ.ടി.യു ഓഫിസിലേക്ക് മാറ്റി. തുടര്‍ന്ന് വിഷ്ണുവിനോടും പിതാവ് നാരായണനോടുംസി.പി.എം നേതാവ് എം. ഹംസയുടെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറോളം സംസാരിച്ചു. തുടര്‍ന്നാണ് കുട്ടി മുകേഷിന് അനുകൂലമായി പ്രതികരിക്കുന്നത്.
വിഷയം സമൂഹമാധ്യമങ്ങളും രാഷ്ട്രീയമായി കോണ്‍ഗ്രസും ഏറ്റെടുത്തതോടെ പന്തിയല്ലെന്ന് കണ്ടാണ് പാര്‍ട്ടിയുടെ ഇടപെടല്‍. കഴിഞ്ഞ ദിവസമാണ് മുകേഷും പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഒറ്റപ്പാലം മീറ്റ്ന സ്വദേശി വിഷ്ണുവും തമ്മിലുള്ള ഫോണ്‍വിളി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്ത് സഹായത്തിനാണ് വിളിച്ചതെന്നുപോലും അന്വേഷിക്കാതെ കുട്ടിയോട് കയര്‍ത്ത മുകേഷിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടിയും എം.എല്‍.എയും പ്രതിരോധത്തിലായപ്പോള്‍ മുഖംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫോണ്‍ ചെയ്ത വിഷ്ണുവിനെ പാര്‍ട്ടി കണ്ടെത്തുകയും വീട്ടുകാരുമായി സംസാരിക്കുകയുമായിരുന്നു.
പ്രശ്നം പരിഹരിച്ചെന്നാണ് ചര്‍ച്ചയ്ക്കുശേഷം എം. ഹംസ വ്യക്തമാക്കിയത്. വിഷ്ണുവിന്റെ മാതാപിതാക്കള്‍ സി.പി.എം പ്രവര്‍ത്തകരും വിഷ്ണു ബാലസംഘം പ്രവര്‍ത്തകനുമാണ്. അതിനാല്‍ ഗൂഢാലോചനയുടെ പ്രശ്നം ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."