നിയമസഭയിലെ കൈയാങ്കളി തൊലിയുരിച്ച് നീതിപീഠം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: നിയമസഭയിലുണ്ടായ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രിംകോടതി. നിയമസഭയില്‍ എം.എല്‍.എമാര്‍ നടത്തിയത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എം.ആര്‍ ഷായുമുള്‍പ്പെട്ട രണ്ടംഗ സുപ്രിംകോടതി ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഇന്നലെ കേസ് പരിഗണിക്കവെ സര്‍ക്കാരിനെ കോടതി നിശിതമായി വിമര്‍ശിക്കുകയുമുണ്ടായി. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് മാത്രമാണ് കേസ് പിന്‍വലിക്കാനുള്ള അധികാരമുള്ളത്. സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തിനു വേണ്ടിയാണ് സുപ്രിം കോടതിയെ സമീപിച്ചതെന്നും ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു. നിയമസഭയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ബജറ്റ് അവതരണം. അതാണ് എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയത്. ഇതംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അഴിമതിക്കെതിരായ പ്രതിഷേധമാണ് സഭയിലുണ്ടായതെന്നും സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കാന്‍ എം.എല്‍.എമാര്‍ക്ക് അവകാശമുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കുകയായിരുന്നു രണ്ടംഗ ബെഞ്ച്. നിയമസഭാംഗങ്ങള്‍ക്ക് പരിരക്ഷയുണ്ടെന്നും അതിനാല്‍ സഭയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ എം.എല്‍.
എമാര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഹരജി നല്‍കിയിരുന്നത്. കേസ് തീര്‍പ്പാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി നടപടിക്കെതിേരയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."