കായിക പരിശോധനയ്ക്കിടെ കയറില്‍ നിന്ന് വീണ് അപകടം; പി.എസ്.സി ഉദ്യോഗാര്‍ത്ഥിക്ക് പരിക്ക്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു പരിശോധനയെന്ന് ആരോപണം
കൊല്ലം; ഫയര്‍മാന്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ കായികക്ഷമത പരിശോധനയ്ക്കിടെ കയറില്‍ നിന്ന് വീണ് ഉദ്യോഗാര്‍ത്ഥിക്ക് പരിക്ക്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കായിക ക്ഷമതാ പരിശോധന നടത്തിയതെന്ന ആരോപണവും ഉയരുന്നു.
കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഇന്നലെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാര്‍ത്ഥി റോപ്പ് ക്ലൈമ്പിംഗിനിടെ കയറില്‍ നിന്ന് ഊര്‍ന്ന് ഇന്റര്‍ലോക്ക് ചെയ്ത തറയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കും നടുവിനുമാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്റര്‍ലോക്ക് ചെയ്ത തറയില്‍ നിലത്ത് വീണാല്‍ പരിക്കേല്‍ക്കാതെയിരിക്കാനുള്ള ഒരു സംവിധാനവും ജീവനക്കാര്‍ ഒരുക്കിയിരുന്നില്ല. കൈബലം പരിശോധിക്കാനുള്ള ചിന്നിംഗിനും വേണ്ട സുരക്ഷ ഒരുക്കിയിരുന്നില്ല. ലോങ് ജമ്പിനായി ഒരുക്കിയ ട്രാക്ക് തകര്‍ന്നതായിരുന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തത് ചോദ്യം ചെയ്ത ഫിസിക്കല്‍ ട്രെയ്‌നര്‍മാരോട് ഉദ്യോഗസ്ഥര്‍ കയര്‍ത്തെന്നും പരാതിയുണ്ട്.
ജോലിയെ ബാധിക്കുമെന്നതിനാലാണ് പലരും പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാകാത്തത്. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കായിക ക്ഷമതാ പരിശോധയ്ക്ക് ഒരുക്കാറുണ്ടെന്നും കൊല്ലത്തെ സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്നും പി.എസ്.സി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."